കൊവിഡ് രണ്ടാം വരവ് സുനാമി പോലെയാകുമെന്ന് -ഉദ്ധവ് താക്കറെ

കൊവിഡിന്റെ രണ്ടാം വരവ് സുനാമി പോലെയാകുമെന്നും മഹാരാഷ്ട്ര വീണ്ടുമൊരു ലോക്ക്ഡൗണിലേക്ക് പോകേണ്ടി വരുമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നൽകി. ഉപമുഖ്യമന്ത്രി അജിത് പവാർ സംസ്ഥാനത്ത് ഉടനെ തന്നെ മറ്റൊരു ലോക് ഡൌൺ ഏർപ്പെടുത്തുമെന്ന് സൂചന നൽകിയതിന് പുറകെയാണ് ഉദ്ധവ് താക്കറെയുടെ പ്രതികരണം.

സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾക്കിടയിൽ, ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കവയെയാണ് അതീവ ജാഗ്രത പുലർത്തേണ്ട ആവശ്യകതയെ കുറിച്ച് മുഖ്യമന്ത്രി താക്കറെ സൂചിപ്പിച്ചത്. സംസ്ഥാനത്ത് മറ്റൊരു കോവിഡ് -19 തരംഗം ഒഴിവാക്കാൻ ജാഗ്രത പുലർത്തണമെന്നും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിൽ ഗണേശോത്സവവും ദസറയും ദീപാവലിയുമെല്ലാം സ്വയം നിയന്ത്രണത്തോടെയാണ് ആഘോഷിച്ചതെന്നും പടക്കം പൊട്ടിക്കരുതെന്ന നിർദ്ദേശം എല്ലാവരും പിന്തുടർന്നത് കൊണ്ടാണ് കോവിഡിനെതിരായ പോരാട്ടത്തിൽ ഫലം കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പകർച്ചവ്യാധിയുടെ തുടക്കം മുതൽ രാജ്യത്ത് കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. കൂടാതെ മുംബൈ നഗരത്തിലും കോവിഡ് വലിയ നാശനഷ്ടങ്ങളാണ് വിതച്ചത്. എന്നിരുന്നാലും സ്ഥിതിഗതികൾ നിയന്ത്രണത്തിൽ കൊണ്ട് വരുവാൻ കഴിഞ്ഞത് വലിയ നേട്ടമായി കാണണമെന്നും നിലനിർത്തുവാൻ ജനങ്ങളുടെ സഹകരണം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതു സ്ഥലങ്ങളിലെ വർദ്ധിച്ചു വരുന്ന തിരക്ക് ആശങ്കയുണ്ടാക്കുന്നതാണെന്നും കോവിഡ് കൂടുതൽ ശക്തിയോടെ തിരിച്ചു വരുവാൻ ഇത് കാരണമാകുമെന്നും താക്കറെ താക്കീത് നൽകി. വാക്സിൻ ഇപ്പോഴും പുറത്തിറങ്ങിയിട്ടില്ല. ഡിസംബറിൽ പുറത്തിറങ്ങിയാലും എപ്പോഴാണ് മഹാരാഷ്ട്രയിലേക്ക് വരുന്നതെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. 12 കോടി ജനങ്ങളാണ് മഹാരാഷ്ട്രയിലുള്ളത്. വാക്‌സിൻ രണ്ടുതവണയാണ് നൽകേണ്ടത്. അതിനാൽ സംസ്ഥാനത്തിന് 25 കോടിയോളം വാക്സിൻ ആവശ്യമാണ്. അത് കൊണ്ട് തന്നെ ഇതെല്ലം സമയമെടുക്കുന്ന കാര്യങ്ങളാണെന്നും സ്വയം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

കിടക്കകളുടെയും ആരോഗ്യ പ്രവർത്തകരുടെയും അഭാവം നിലനിൽക്കുമ്പോൾ വലിയ വിപത്തിനെ ചെറുക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് സംസ്ഥാനത്തിനെ വലിച്ചിഴക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇനിയും സ്‌കൂളുകൾ തുറക്കാൻ കഴിഞ്ഞിട്ടില്ല. വീണ്ടുമൊരു ലോക് ഡൗണിലേക്ക് സംസ്ഥാനത്തെ തള്ളി വിടരുതെന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News