കിഫ്ബി സിഎജി ഓഡിറ്റിന് വിധേയമാണെന്നും, അല്ല എന്നത് തീര്‍ത്തും വ്യാജ പ്രചാരണമാണെന്നും മുഖ്യമന്ത്രി. സിഎജിയുടെ അധികാരങ്ങള്‍ നിര്‍ണ്ണയിക്കുന്ന നിയമമുണ്ട്. ഒരു സ്ഥാപനം അതിന്റെ വാര്‍ഷിക ചെലവിന്റെ 75 ശതമാനം, കുറഞ്ഞത് 25 ലക്ഷം രൂപ സഹായമായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കിട്ടുന്നു എങ്കില്‍ പ്രസ്തുത നിയമത്തിന്റെ വകുപ്പ് 14 (1) പ്രകാരം ആ സ്ഥാപനം സിഎജി ഓഡിറ്റിന് നിര്‍ബന്ധമായും വിധേയമാണ്.
ആരുടെയും അനുവാദം വേണ്ട. ആ സ്ഥാപനത്തിന്റെ എല്ലാ വരവുചെലവു കണക്കുകളും സമഗ്രമായി സിഎജിക്ക് ഓഡിറ്റ് ചെയ്യാം. ഇക്കാര്യത്തില്‍ ഒരു തര്‍ക്കമേയില്ല. ഇതില്‍ പ്രകാരം ഈ സര്‍ക്കാരിന്റെ കാലത്ത് നാലു തവണ ഓഡിറ്റു നടക്കുകയും ചെയ്തു. പിന്നെ എന്താണ് പ്രശ്‌നം?
ഇതു വ്യക്തമായപ്പോള്‍ പുതിയ വാദമാണ് ചിലര്‍ ഉയര്‍ത്തിയത്. കിഫ്ബിയുടെ വാര്‍ഷിക ചെലവ് ഇനി ഉയരുമല്ലോ? അപ്പോള്‍ 75 ശതമാനം വരവ് സര്‍ക്കാരില്‍ നിന്നാകില്ലല്ലോ? അപ്പോള്‍ എജി ഓഡിറ്റിന്റെ പരിധിയില്‍ നിന്നും പുറത്തു പോകുമല്ലോ? ഇതിന് പരിഹാരം 14-ാം വകുപ്പില്‍ തന്നെയുണ്ട്.
ഒരിക്കല്‍ തുടങ്ങിയാല്‍ ശതമാനക്കണക്കില്‍ താഴ്ന്നാലും തുടര്‍ന്നുള്ള രണ്ടു വര്‍ഷം ഇതേ ഓഡിറ്റ് തുടരാം. അതും കഴിഞ്ഞാലോ? ഇതേ വ്യവസ്ഥയില്‍ സി ആന്റ് എജി ഓഡിറ്റ് തുടരണമെന്ന് സര്‍ക്കാരിന് എജിയോട് ആവശ്യപ്പെടാം. ഇത്തരത്തില്‍ മുന്‍കൂര്‍ അനുവാദം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ നേരത്തേ തന്നെ കത്ത് നല്‍കിയിട്ടുമുണ്ട്.
അപ്പോള്‍ 14 (1) പ്രകാരമുള്ള ഓഡിറ്റിന് ഒരു തടസവും ഇല്ല.
ആദ്യ ഘട്ടത്തിലെ പ്രവര്‍ത്തനത്തിനുശേഷം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കിഫ്ബി ഏറെക്കുറെ നിര്‍ജീവാവസ്ഥയില്‍ ആയി. പിന്നീട് 2014-15ലാണ് അടിസ്ഥാന സൗകര്യവികസനത്തിന് വേണ്ടത്ര ഫണ്ട് ബജറ്റില്‍ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍, വികസനപ്രക്രിയ മുന്നോട്ട് കൊണ്ടുപോകാന്‍ ബദല്‍ മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ ആരായുകയും, ഇതിനു വേണ്ടി വീണ്ടും കിഫ്ബിയെ നോഡല്‍ ഏജന്‍സിയായി നിയോഗിക്കുകയും ചെയ്തത്. ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നതിന് മുന്നേ ഭരണം മാറി.
2016ല്‍ ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ എത്തി. ഈ സര്‍ക്കാര്‍ കിഫ്ബിയുടെ പ്രവര്‍ത്തനത്തിലും സംവിധാനത്തിലും ഉള്ള പോരായ്മകള്‍ തിരിച്ചറിഞ്ഞ് കിഫ്ബിയെ പുനഃസംഘടിപ്പിക്കാനും കാലാനുസൃതവും സമഗ്രവുമായ മാറ്റങ്ങള്‍ നടപ്പാക്കാനും തീരുമാനിച്ചു. ഇതാണ് കിഫ്ബി ഭേദഗതി നിയമത്തിന് വഴി തെളിച്ചത്.

Get real time update about this post categories directly on your device, subscribe now.