അഹമ്മദ് പട്ടേല്‍ മുന്ന് പതിറ്റാണ്ടായി കോണ്‍ഗ്രസ് രാഷ്ട്രീയത്തെ തിരശീലയ്ക്ക് പിന്നില്‍ നിന്ന് നിയന്ത്രിച്ച നേതാവ്: ജോണ്‍ബ്രിട്ടാസ്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേലിന്റെ വിയോഗം കോണ്‍ഗ്രസിന് നികത്താനാവാത്ത നഷ്ടമാണെന്നും മൂന്ന് പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസ് രാഷ്ട്രീയത്തെ കര്‍ട്ടന് പിന്നില്‍ നിന്ന് നിയന്ത്രിച്ച പ്രധാനപ്പെട്ട നേതാവായിരുന്നു അഹമ്മദ് പട്ടേല്‍ എന്നും കൈരളി ന്യൂസ് ചീഫ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ്.

കേരള രാഷ്ട്രീയവുമായും അഹമ്മദ് പട്ടേലിന് നല്ല ബന്ധമാണ്. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിശ്ചയിച്ചത് അഹമ്മദ് പട്ടേലിനെയാണ്. എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയിലും പലപ്പോഴായി കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അഹമ്മദ് പട്ടേല്‍ ഇടപെട്ടിട്ടുണ്ടെന്നും ജോണ്‍ ബ്രിട്ടാസ് അനുസ്മരിച്ചു.

സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി എന്ന നിലയില്‍ ആത്യന്തികമായി കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം അഹമ്മദ് പട്ടേലിന്റെ വീട്ടുപടിക്കലായിരുന്നു. മാധ്യമ പ്രവര്‍ത്തകരും ഇത്തരം കാര്യങ്ങളില്‍ അഭിപ്രായങ്ങള്‍ തേടുന്നതിനായി അഹമ്മദ് പട്ടേലിനെ തന്നെയായിരുന്നു സമീപിച്ചിരുന്നത്.

കേരളത്തിലെ മാത്രമല്ല ഇന്ത്യിയിലെ മറ്റ് സംസ്ഥാന രാഷ്ട്രീയവുമായും ഇഴചേര്‍ക്കപ്പെട്ട ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പ്രശസ്തി ആഗ്രഹിക്കാത്ത മിതഭാഷിയായ വ്യക്തിയായിരുന്നു അഹമ്മദ് പട്ടേല്‍ അഹമ്മദ് പട്ടേലിന്റെ രാഷ്ട്രീയ കൂറും എടുത്ത് പറയേണ്ടുന്നതാണ് പുതിയ കാലത്തെ കോണ്‍ഗ്രസില്‍ കുറഞ്ഞുവരുന്ന ഒരു ഘടകമെന്ന നിലയില്‍ അത് ശ്രദ്ധേയമാണ്.

കോണ്‍ഗ്രസ് രാഷ്ട്രീയ നേതൃത്വത്തെ താങ്ങിനിര്‍ത്തുന്ന വ്യക്തിയെന്ന നിലയില്‍ അഹമ്മദ് പട്ടേലിനെയാണ് ബിജെപി ലക്ഷ്യം വച്ചത്. പരസ്യ അധികാരത്തിന് വേണ്ടി ഒരിക്കലും നിലകൊണ്ടിട്ടില്ലാത്ത വ്യക്തിയാണ് അഹമ്മദ് പട്ടേല്‍ പത്തുവര്‍ഷക്കാലത്തെ യുപിഎ ഗവണ്‍മെന്റിനെ നിലനിര്‍ത്തുന്നതില്‍ എറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് അദ്ദേഹം.

പുതിയ കാല രാഷ്ട്രീയ സാഹചര്യത്തില്‍ അഹമ്മദ് പട്ടേലിന്റെ അഭാവം കോണ്‍ഗ്രസിനെ കൂടുതല്‍ പിന്നോട്ടുവലിക്കുമെന്നത് നിസ്സംശയം പറയാം. അഹമ്മദ് പട്ടേലിന്റെ അചഞ്ചലമായ നിലപാടുകളാണ് പുതിയ കോണ്‍ഗ്രസ് മാതൃകയാക്കേണ്ട കാര്യം അധികാര സ്ഥാനങ്ങളില്‍ ഒരിക്കലും അഭിരമിച്ചിട്ടില്ലാത്ത വ്യക്തിയാണ് അഹമ്മദ് പട്ടേല്‍. സംഘടനാ കൂറും പുതിയ കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തില്‍ നിന്നും പഠിക്കേണ്ട കാര്യമാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here