ശിവസേന എംഎൽഎക്കെതിരെ ഇഡി റെയ്ഡ്; കേന്ദ്രത്തിന്‍റെ പ്രതികാര നടപടിയെന്ന് കോൺഗ്രസ്സും ശിവസേനയും

ശിവസേനാ എം.എൽ.എ. പ്രതാപ് സർനായിക്കിന്റെ വസതിയിലും സ്ഥാപനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിന് പുറകെ സർനായിക്കിന്റെ മകൻ വിഹംഗിനെ കസ്റ്റഡിയിലെടുത്തു. ശിവസേനയുടെ സംസ്ഥാനവക്താക്കളിൽ ഒരാളും താനെയിലെ ഒവാല-മാജിവാഡയിൽനിന്നുള്ള എം.എൽ.എ.യുമായ സർനായിക്കിന്റെ വസതിയിലും അദ്ദേഹവുമായി ബന്ധമുള്ള പത്തോളം സ്ഥാപനങ്ങളുടെ ഓഫീസുകളിലുമാണ് ഇ.ഡി. ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. റെയ്ഡ് നടക്കുമ്പോൾ സർനായിക്ക് സ്ഥലത്തുണ്ടായിരുന്നില്ല.

റിപ്പബ്ലിക് ചാനൽ ഉടമയും എഡിറ്റർ ഇൻ ചീഫുമായ അർണബ് ഗോസ്വാമിക്കെതിരേ നിയമസഭയിൽ അവകാശലംഘന പ്രമേയം കൊണ്ടുവരുകയും നടി കങ്കണ റണൗട്ടിനെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്ത നായിക്കിനെതിരായ നടപടി കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ പക പോക്കലെന്നാണ് ശിവസേന ആരോപിച്ചത്.

നീണ്ട നാലു മണിക്കൂർ തിരച്ചിലിനുശേഷം വീട്ടിലുണ്ടായിരുന്ന മകൻ വിഹംഗ് സർനായിക്കിനെ ഇ.ഡി. കസ്റ്റഡിയിലെടുത്തു. അനധികൃത പണമിടപാടിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയതെന്ന് ഇ.ഡി. വൃത്തങ്ങൾ അറിയിച്ചു. സ്ഥാപനത്തിന്റെ പ്രൊമോട്ടർമാരിലൊരാളാണ് വിഹംഗ് സർനായിക്ക്. കേസിന്റെ വിശദാംശങ്ങൾ ഇനിയും ഇ.ഡി. വെളിപ്പെടുത്തിയിട്ടില്ല.

എന്നാൽ സർനായിക്കിന്റെ വസതിയിലെ റെയ്ഡ് കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടിയാണെന്ന് ശിവസേനയും കോൺഗ്രസും ആരോപിച്ചു. മഹാരാഷ്ട്ര നിയമസഭയിൽ അർണബിനെതിരേ അവകാശ ലംഘനപ്രമേയം കൊണ്ടുവന്നത് സർനായിക് ആയിരുന്നു.

കൂടാതെ ആത്മഹത്യാപ്രേരണക്കേസിൽ പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. മുംബൈ നഗരത്തെ പാക് അധീന കശ്മീരിനോട് ഉപമിച്ച നടി കങ്കണ റണൗട്ടിന്റെ മുഖത്തടിക്കണമെന്ന സർനായികിന്റെ പ്രസ്താവനയും ബി ജെ പി വൃത്തങ്ങളെ ചൊടിപ്പിച്ചിരുന്നു.

രാഷ്ട്രീയ എതിരാളികളെ വകവരുത്താൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്ന ഏറ്റവും പുതിയ നടപടിയാണ് ഈ സംഭവമെന്നും ഇത്തരം കളികൾ വച്ചു പൊറുപ്പിക്കില്ലെന്നും ശിവസേന എം പി സഞ്ജയ് റാവുത്ത് താക്കീത് നൽകി. കേന്ദ്രസർക്കാരിന്റെ പ്രതികാരനടപടിയാണ് റെയ്ഡിൽ പ്രതിഫലിക്കുന്നതെന്നാണ് കോൺഗ്രസ് നേതാവ് ബാലാസാഹേബ് തോറാട്ട് കുറ്റപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News