പതിനൊന്നാം മണിക്കൂറില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ ലഭിച്ച തെളിവെന്ത്; നാലുമാസത്തെ അന്വേഷണ പുരോഗതി എന്ത്; കസ്റ്റംസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോടതി

സ്വര്‍ണ്ണക്കടത്ത് കേസില്‍ നാല് മാസം അന്വേഷിച്ചിട്ടും എം ശിവശങ്കറിനെതിരെ തെളിവുകള്‍ ഇല്ലേയെന്ന് കസ്റ്റംസിനോട് കോടതി. പതിനൊന്നാം മണിക്കൂറില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ എന്ത് തെളിവാണ് ലഭിച്ചതെന്നും കോടതി ചോദിച്ചു.

10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടുളള അപേക്ഷയിലായിരുന്നു എറണാകുളം എസിജെഎം കോടതിയുടെ രൂക്ഷ വിമര്‍ശനം. ശിവശങ്കറിനെയും സ്വപ്നയെയും സരിത്തിനെയും കോടതി അഞ്ച് ദിവസം കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ അഞ്ച് ദിവസം കസ്റ്റഡിയില്‍ ലഭിച്ചെങ്കിലും രൂക്ഷമായ വിമര്‍ശനമാണ് കസ്റ്റംസ് കോടതിയില്‍ നിന്നും നേരിട്ടത്. കേസില്‍ നാല് മാസം അന്വേഷിച്ചിട്ടും ശിവശങ്കറിനെതിരെ തെളിവുകള്‍ ഇല്ലേയെന്ന് കസ്റ്റംസിനോട് കോടതി ചോദിച്ചു.

എന്തിന് കസ്റ്റഡിയിൽ നൽകണമെന്ന കാര്യത്തിൽ കസ്റ്റംസിന് വ്യക്തതയില്ല. കള്ളക്കടത്തിൽ ശിവശങ്കറിന്‍റെ പങ്ക് എന്തെന്നു കസ്റ്റംസ് പറയുന്നില്ലെന്നും കോടതി വിമര്‍ശിച്ചു. പതിനൊന്നാം മണിക്കൂറില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ എന്ത് തെളിവാണ് ലഭിച്ചതെന്നും കോടതി ചോദിച്ചു.

മറ്റ് അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തിലാണ് തെളിവുകള്‍ ലഭിച്ചതെന്നായിരുന്നു കസ്റ്റംസിന്‍റെ മറുപടി. എന്നാല്‍ തന്നെ ബോധപൂര്‍വ്വം കുരുക്കാന്‍ ശ്രമിക്കുകയാണെന്ന് ശിവശങ്കര്‍ വാദിച്ചു. 9 തവണ സ്വപ്നയെ കസ്റ്റംസ് ചോദ്യം ചെയ്തതാണ്. ശിവശങ്കറിന്‍റെ ഫോണ്‍ ആദ്യം പിടിച്ചെടുത്തതും കസ്റ്റംസാണ്.

എന്നിട്ടും ശിവശങ്കറിനെതിരെ തെ‍ളിവ് ലഭിച്ചിരുന്നില്ലെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇപ്പോള്‍ സ്വപ്നയില്‍ നിന്നും മൊ‍ഴി ലഭിച്ചുവെന്ന് പറയുന്നതില്‍ ദുരൂഹതയുണ്ടെന്നായിരുന്നു ശിവശങ്കറിന്‍റെ അഭിഭാഷകന്‍ വാദിച്ചത്.

കള്ളക്കടത്തിൽ മറ്റ് പ്രതികളുമായി ശിവശങ്കറിനെ ബന്ധപ്പെടുത്തുന്ന സൂചനയില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ആരോപിക്കുന്ന കുറ്റം ഗൗരവമുളളതാണെന്നും കുറ്റകൃത്യം നടന്നപ്പോൾ ശിവശങ്കർ ഉന്നത പദവി വഹിച്ചിരുന്നു എന്ന നിരീക്ഷണത്തോടെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. കസ്റ്റംസ് നല്‍കിയ രേഖകളില്‍ ശിവശങ്കറിന്‍റെ ഔദ്യോഗിക പദവികളെ കുറിച്ച് സൂചിപ്പിക്കാത്തതിനെതിരെയും കോടതി വിമര്‍ശിച്ചു.

മാധവൻ നായരുടെ മകൻ ശിവശങ്കർ എന്ന് മാത്രമാണ് കസ്റ്റംസ് പറയുന്നത്. ഇക്കാര്യത്തില്‍ എന്തിനാണ് മൗനമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മറുപടി പറയണമെന്നും കോടതി ആവശ്യപ്പെട്ടു. അതിനിടെ ഡോ‍ളര്‍ കടത്ത് കേസില്‍ കസ്റ്റംസ് ആവശ്യപ്രകാരം സ്വപ്ന സുരേഷിനെയും സരിത്തിനെയും അഞ്ച് ദിവസം കസ്റ്റഡിയില്‍ വിട്ടു. ശിവശങ്കറിനെതിരായ കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇഡിക്ക് പിന്നാലെയാണ് കസ്റ്റംസിനും തെ‍ളിവുകളുടെ അഭാവത്തില്‍ കോടതിയുടെ വിമര്‍ശനം നേരിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News