ആഞ്ഞടിക്കാന്‍ നിവാർ; യുദ്ധകാല നടപടികളുമായി തമിഴ്നാട്

നിവാർ ചുഴലിക്കാറ്റിനെ നേരിടാൻ യുദ്ധകാല നടപടികളുമായി തമിഴ്നാട്. കനത്ത നാശം വിതയ്ക്കുമെന്നു പ്രതീക്ഷിക്കുന്ന നിവാർ ഇന്നു രാത്രിയോടെ കരയിൽ തൊടും. ചുഴലിക്കാറ്റി നേരിടാനായി വിവിധ ജില്ലകളിൽ മുൻകരുതൽ നടപടികൾ പൂർത്തിയായി.

പുതുച്ചേരിയിൽ ഇന്നലെ രാത്രി 9 മുതൽ നാളെ രാവിലെ 6 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.നിവാറിൽ നിന്നു നേരിട്ടു ഭീഷണിയില്ലെങ്കിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ചെന്നൈയും അതീവ ജാഗ്രതയിലാണ്. ചെന്നൈയ്ക്കു 70 കിലോ മീറ്റർ അകലെയുള്ള കൽപ്പാക്കം ആണവ നിലയത്തിൽ മുൻ കരുതൽ നടപടികൾ പൂര്‍ത്തിയായതായി അധികൃതർ അറിയിച്ചു. ആണവ നിലയത്തിനു സമീപം തീരത്തിനോടു ചേർന്നു മണൽ ചാക്കുകൾ കൊണ്ടു തടയണ നിർമിച്ചിട്ടുണ്ട്.

അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തു ഇന്നു സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. നിവാർ ചുഴലിക്കാറ്റ് പുനരധിവാസവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന അവശ്യ സർവീസുകളൊഴികെ എല്ലാ വിഭാഗങ്ങൾക്കും അവധി ബാധകമാണ്. ആവശ്യമെങ്കിൽ അവധി ദീർഘിപ്പിക്കും.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) ഇന്നു നടത്താനിരുന്ന പരീക്ഷകൾ ഡിസംബർ 9,11 തീയതികളിലേക്കു മാറ്റി.ചെന്നൈ, കടലൂർ, കാഞ്ചീപുരം, കാരക്കുടി, കുംഭകോണം, നാഗപട്ടണം, പുതുക്കോട്ട, തിരുവള്ളൂർ, വിഴുപ്പുറം, പുതുച്ചേരി എന്നിവിടങ്ങളിലെ പരീക്ഷകളാണു മാറ്റിയത്. മറ്റു ജില്ലകളിലെ പരീക്ഷകൾക്കു മാറ്റമില്ല.

ഇന്നലെ രാവിലെ ചുഴലിയായി മാറിയ നിവാർ മഹാബലിപുരത്തിനും കാരയ്ക്കലിനുമിടയിൽ തീരം തൊടും. 20 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News