
നിവാര്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി തമിഴ്‌നാടിന്റെ തെക്ക്-കിഴക്കന്‍ തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി.
ഇന്ന് രാത്രി എട്ടുമണിക്കും നാളെ രാവിലെ ആറുമണിക്കും ഇടയില്‍ മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയില്‍ നിവാര്‍ കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ഒരു ലക്ഷം പേരെ തമിഴ്‌നാട് തീരത്ത് നിന്നും, ആയിരത്തിലധികം പേരെ പുതുച്ചേരിയില്‍ നിന്നും ഒഴിപ്പിച്ചു. 77 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
ചെന്നൈയിലെ പ്രധാന റോഡുകളെല്ലാം അടച്ചു. ജനങ്ങളോട് പുറത്തിറങ്ങരുതെന്നും സുരക്ഷിത സ്ഥലത്തേക്ക് മാറണമെന്നും പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി അഭ്യര്‍ത്ഥിച്ചു. ചെമ്പരമ്പാക്കം തടാകത്തില്‍ നിന്ന് 5000 ഘനയടി വെള്ളം തുറന്നുവിട്ടു.
വ്യാഴാഴ്ച രാവില ഏഴ് മണി വരെ ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് നടപടി.
ചെന്നൈയിലെ എല്ലാ റോഡുകളും ഇനി ഒരു അറിയിപ്പുണ്ടാവുന്നതു വരെ അടച്ചിട്ടു. നവംബര്‍ 26നുള്ള ഏഴോളം ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. എട്ടോളം ട്രെയിന്‍ സര്‍വീസുകള്‍ വഴിതിരിച്ചുവിടുമെന്ന് സതേണ്‍ റെയില്‍വേ ഡിവിഷന്‍ അറിയിച്ചു.
തമിഴ്‌നാട്ടിലെ 13 ജില്ലകളില്‍ നവംബര്‍ 26ന് പൊതു അവധി പ്രഖ്യാപിച്ചു.
മണിക്കൂറില്‍ 120 കിലോമീറ്ററിലധികം വേഗതയില്‍ കാറ്റുവീശുമെന്നാണ് കരുതുന്നത്. ചെന്നൈയിലും കാഞ്ചീപുരത്തും കനത്തമഴ തുടരുകയാണ്. തമിഴ്‌നാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയ നിലയിലാണ്.
പുതുച്ചേരിയിലും തമിഴ്‌നാട്ടിലും വിവിധ സെന്ററുകളില്‍ നാളെ നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here