‘ബിജെപി ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല മറിച്ച് നുണകളുടെ ചവറ്റുകൂമ്പാരമാണ്’; മമത ബാനര്‍ജി

പശ്ചിമബംഗാളില്‍ ബി.ജെ.പിയും തൃണമൂല്‍ നേതാക്കളും തമ്മില്‍ പോരാട്ടം മുറുകുന്നു. തൃണമൂല്‍ നേതാക്കളെ പണം കൊടുത്ത് സ്വാധീനിച്ച് തങ്ങളുടെ പാളയത്തിലാക്കാന്‍ നോക്കുകയാണ് ബിജെപിയെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആരോപണം.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബന്‍കുര ജില്ലയില്‍ സംഘടിപ്പിച്ച റാലിക്കിടെയായിരുന്നു മമതയുടെ ആരോപണം. തന്നെ ജയിലില്‍ അടച്ചാലും തെരഞ്ഞെടുപ്പില്‍ അന്തിമ വിജയം തൃണമൂലിന് തന്നെയായിരിക്കുമെന്നാണ് മമത പറയുന്നത്.

‘ഇന്ത്യയ്ക്ക് ലഭിച്ച ഏറ്റവും വലിയ ശാപമാണ് ബി.ജെ.പി. ബി.ജെ.പി ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല മറിച്ച് നുണകളുടെ ചവറ്റുകൂമ്പാരമാണ്. എപ്പോള്‍ തെരഞ്ഞെടുപ്പ് വന്നാലും നാരദയെന്നും(സ്റ്റിംഗ് ഓപ്പറേഷന്‍) ശാരദയെന്നും(കുംഭകാണം) കുറേ വിവാദങ്ങള്‍ പൊക്കിയെടുത്ത് തൃണമൂല്‍ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുകയാണ് ബി.ജെ.പിയുടെ പ്രധാന പണി. ‘ഒരു കാര്യം ഞാന്‍ വ്യക്തമായി പറയുകയാണ്. ബി.ജെ.പിയേയോ അവരുടെ ഏജന്‍സികളെയോ എനിക്ക് ഭയമില്ല. ചങ്കൂറ്റമുണ്ടെങ്കില്‍ എന്നെ ഒന്ന് അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്ക്. ജയിലില്‍ കിടന്നും ഞാന്‍ തെരഞ്ഞെടുപ്പ് നേരിടും. തൃണമൂല്‍ കോണ്‍ഗ്രസ് ജയിക്കുകയും ചെയ്യും’, മമത പ്രതികരിച്ചു.

അതേസമയം തൃണമൂല്‍ നേതാക്കളെ ബി.ജെ.പിയിലേക്ക് എത്തിക്കാന്‍ ചിലര്‍ കാര്യമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും മമത ആരോപിച്ചു. രണ്ട് കോടി തരാം, 15 ലക്ഷം തരാം എന്നൊക്കെയാണ് ബി.ജെ.പിയുടെ വാഗ്ദാനം. തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരോടാണ് ഇത്തരം സ്വാധീനങ്ങളുമായി ഇവരെത്തുന്നത്. ഇതൊരു രാഷ്ട്രീയപാര്‍ട്ടിയ്ക്ക് ചേര്‍ന്ന പണിയാണോ എന്നും മമത ചോദിക്കുന്നു.

ബീഹാറിന് ശേഷം പശ്ചിമ ബംഗാളിലും തങ്ങളുടെ വിജയം ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് ബംഗാളിലെ ബി.ജെ.പി ഘടകം. അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് സംസ്ഥാനത്തെ പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളും ബി.ജെ.പി മെനഞ്ഞുതുടങ്ങിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News