
തമിഴ്നാട് തീരത്ത് നാശം വിതച്ച് നിവാർ ചുഴലിക്കാറ്റ് തീരം തൊട്ടു. പുതുച്ചേരിക്കും കാരയ്ക്കലിനുമിടയിൽ 135 കിലോമീറ്റർ വേഗതയിലാണ് നിവാർ ചുഴലിക്കാറ്റ് തീരം തൊട്ടത്. അതിതീവ്രചുഴലിക്കാറ്റായി തീരംതൊട്ട നിവാർ ശക്തി കുറഞ്ഞ് തീവ്രചുഴലിക്കാറ്റായി മാറിയിട്ടുണ്ട്.
കാറ്റിന്‍റെ വേഗം അടുത്ത മണിക്കൂറുകളിൽ കുറയുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇതിന് ആറ് മണിക്കൂർ വരെ സമയമെടുത്തേക്കാമെന്നും കാലാവസ്ഥ കേന്ദ്രം കണക്കുകൂട്ടുന്നു. വേഗം 65-75 കീമി ആയി കുറയും എന്നാണ് കണക്കുകൂട്ടൽ.
തമിഴ്നാടിന്‍റെ തീരമേഖലയിലും പുതുച്ചേരിയിൽ വ്യാപക കൃഷിനാശം ഉണ്ടായിട്ടുണ്ട്. പലയിടത്തും മരങ്ങൾ കടപുഴകി വീണ് വലിയ നാശനഷ്ടമുണ്ടായി.
വിളുപുരം ജില്ലയിൽ വീട് തകർന്ന് വീണ് സ്ത്രീ മരിച്ചു. വിളുപുരം സ്വദേശി രാജേശ്വരിയാണ് മരിച്ചത്. ഇവരുടെ മകൻ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ലക്ഷക്കണക്കിനാളുകളെ മുൻകൂട്ടി ഒഴിപ്പിച്ചതാണ് ദുരന്തത്തിന്‍റെ ആഘാതം കുറച്ചത്.
അതേസമയം ചെന്നൈയിലും പുതുച്ചേരിയിലും ഇന്നും കനത്തമഴ തുടരും. തമിഴ്നാട്ടിൽ ഇന്ന് പൊതു അവധിയായിരിക്കും. അവശ്യസർവീസുകളല്ലാതെ, കടകളടക്കം ഒരു സ്ഥാപനങ്ങളും ഇന്ന് തുറക്കില്ല. ശനിയാഴ്ച വരെ പുതുച്ചേരിയിലും പൊതു അവധി പ്രഖ്യാപിച്ചു. പുതുച്ചേരിയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here