കേരള സംസ്ഥാന സഹകരണ ബാങ്ക്‌ ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന്

കേരള സംസ്ഥാന സഹകരണ ബാങ്ക്‌ ഭരണസമിതി തെരഞ്ഞെടുപ്പ്‌ വ്യാഴാഴ്‌ച നടക്കും. രാവിലെ 10 മുതൽ വൈകിട്ട്‌ നാലുവരെയാണ്‌ വോട്ടെടുപ്പ്‌. മലപ്പുറം ഒഴികെയുള്ള ജില്ലകളിൽ, മുൻ ജില്ലാ സഹകരണ ബാങ്ക്‌ ആസ്ഥാനങ്ങളിലാണ്‌ (നിലവിൽ കേരള ബാങ്കിന്റെ ക്രെഡിറ്റ്‌ പ്രോസസിങ്‌ സെന്ററുകൾ) വോട്ടെടുപ്പ്‌. വ്യാഴാഴ്‌ച വോട്ടെണ്ണലും നടക്കും.

മലപ്പുറം ഒഴികയുള്ള ജില്ലകളിലെ പ്രാഥമിക കാർഷിക വായ്‌പാ സംഘങ്ങളുടെ പ്രതിനിധി (ജില്ലയിൽനിന്ന്‌ ഒന്നുവീതം), അർബൻ ബാങ്കുകളിൽനിന്ന്‌ സംസ്ഥാനതലത്തിൽ ഒരു പ്രതിനിധി എന്നിവരെ തെരഞ്ഞെടുക്കാനാണ്‌ വോട്ടെടുപ്പ്‌. 1557 പ്രാഥമിക കാർഷിക വായ്‌പാ സഹകരണ സംഘങ്ങളുടെയും 51 അർബൻ ബാങ്കുകളുടെയും പ്രതിനിധികൾക്കാണ്‌ വോട്ടവകാശം.

തെരഞ്ഞെടുക്കപ്പെടുന്നവർക്കുപുറമെ ആറുപേർകൂടി ചേരുന്നതാണ്‌ കേരള ബാങ്ക്‌ ഭരണസമിതി. രണ്ട്‌ സ്വതന്ത്ര പ്രൊഫഷണൽ ഡയറക്ടർമാരെ സർക്കാർ നാമനിർദേശം ചെയ്യും. സഹകരണ സെക്രട്ടറി, സഹകരണ സംഘം രജിസ്‌ട്രാർ, നബാർഡ്‌ കേരള റീജ്യണൽ ചീഫ്‌ ജനറൽ മാനേജർ, കേരള സംസ്ഥാന സഹകരണ ബാങ്ക്‌ സിഇഒ എന്നിവരും ബോർഡിൽ അംഗങ്ങളായിരിക്കും.

എൽഡിഎഫ്‌ പ്രതിനിധികളായി അഡ്വ. എസ്‌ ഷാജഹാൻ (തിരുവനന്തപുരം), അഡ്വ. ജി ലാലു (കൊല്ലം), എം സത്യപാലൻ (ആലപ്പുഴ), കെ ജെ ഫിലിപ്പ്‌ (കോട്ടയം), കെ വി ശശി (ഇടുക്കി), എം കെ കണ്ണൻ (തൃശൂർ), എ പ്രഭാകരൻ (പാലക്കാട്‌), പി ഗഗാറിൻ (വയനാട്‌), സാബു എബ്രഹാം (കാസർകോട്‌), കെ ജി വത്സലകുമാരി (കണ്ണൂർ), ഗോപി കോട്ടമുറിക്കൽ (അർബൻ ബാങ്ക്‌ പ്രതിനിധി) എന്നിവരാണ്‌ മത്സരിക്കുന്നത്‌.

മുഴുവൻ വോട്ടർമാരും അർബൻ ബാങ്ക്‌ പ്രതിനിധിക്ക്‌ ഉൾപ്പെടെ 11 പേർക്ക്‌ വോട്ടുചെയ്യണം. മലപ്പുറം ജില്ലാ ബാങ്ക്‌ കേരള ബാങ്കിൽ ലയിച്ചിട്ടില്ലാത്തതിനാൽ, ഈ ജില്ലയിൽനിന്ന്‌ പ്രതിനിധിയില്ല.എൽഡിഎഫ്‌ പ്രതിനിധികളായ മൂന്നുപേരെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. കോഴിക്കോട്‌ ജില്ലയിൽനിന്ന്‌ രമേശ്‌ ബാബു (പട്ടികജാതി വിഭാഗം), വനിതാ സംവരണ വിഭാഗത്തിൽ നിർമലാ ദേവി (പത്തനംതിട്ട), പുഷ്‌പ ദാസ്‌ (എറണാകുളം) എന്നിവരാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.

അതേസമയം കേരള ബാങ്ക് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ദേശീയ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെയും പണിമുടക്കിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News