‘മറഡോണയെ മറന്നിട്ട് പിന്നെ ഓർമ്മകൾ ബാക്കിയുണ്ടോ..’

വർഷം 1986.. ഞാനന്ന് എട്ടാം ക്ലാസ്സിൽ പഠിക്കുകയാണ്. വീട്ടിൽ ടി വി ഇല്ല. ഫുട്ബോൾ ലോകകപ്പ് നടക്കുന്നത് ഇന്ത്യൻ സമയം രാത്രി രണ്ടു മണിയോടടുപ്പിച്ച്. മെക്സിക്കോയിൽ…ചിറ്റപ്പൻ്റെ വീട്ടിൽ ടിവിയുണ്ട്. കെൽട്രോൺ ബ്ലാക്ക് & വൈറ്റ്. ഇന്ദിരാഗാന്ധി മരിച്ചപ്പോൾ മരണാനന്തര ചടങ്ങു കാണാൻ 1984 ൽ വാങ്ങിയതാണ്.

രാത്രി ഊണു കഴിഞ്ഞ് ഞാനും അച്ഛനും ടോർച്ചുമായി ഇറങ്ങും. ചിറ്റപ്പൻ്റെ വീട്ടിലേക്ക്. ഞങ്ങൾ ചെല്ലുമ്പോഴേക്ക് കുറച്ചു പേർ കൂടി എത്തിയിട്ടുണ്ടാവും.. പ്രദേശത്തെ ഒരേ ഒരു ടിവി യാണ്…!കട്ടൻ കാപ്പി കുടിച്ചും നാട്ടുവർത്തമാനം പറഞ്ഞും രണ്ടു മണിയാക്കും. പിന്നെ കളിയുടെ ആവേശമാണ്. ലോകത്തേപ്പറ്റിയോ, വിശേഷിച്ച് ലാറ്റിനമേരിക്കയുടെയോ യൂറോപ്പിൻ്റെയൊ ഭൂമിശാസ്ത്രത്തേപ്പറ്റിയോ രാഷ്ട്രിയത്തേപ്പറ്റിയോ ഒന്നും ഒരു ബോധ്യവുമില്ലാതിരുന്ന ആ കാലത്തും, അർജൻ്റീനയുടെ പക്ഷം പിടിച്ചത് ആ കുറിയ മനുഷ്യൻ്റെ പോരാട്ട വീര്യം കണ്ടിട്ടാണ്. കാലിൽ കിട്ടിയ പന്തിനെ ഒരു നർത്തകൻ്റെയോ സർക്കസ് താരത്തിൻ്റെയോ വഴക്കത്തോടെ ഓമനിച്ച് ഓടി ലക്ഷ്യം കാണുന്ന ആ കുഞ്ഞു മനുഷ്യൻ..ഡിയഗോ മാറഡോണ.. ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനലിൽ കൈ കൊണ്ട് പന്തു തട്ടി ഗോൾ വലയിലിട്ടതും (ദൈവത്തിൻ്റെ കൈ എന്നദ്ദേഹം പിന്നീട് വിശേഷിപ്പിച്ച ഗോൾ) അതിനു തൊട്ടുപിന്നാലെ, ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ഗോൾ ഒരു സഹകളിക്കാരൻ്റേയും സഹായമില്ലാതെ ഒറ്റക്ക് നേടിയതും ഇപ്പോഴും ഓർമ്മയുണ്ട്.ഫൈനലിൽ 3 -2 ന് അർജൻ്റീന ജർമ്മനിയെ തോൽപ്പിക്കുമ്പോൾ, ഡിയഗോ മാറഡോണ എന്ന ഫുട്ബോൾ ദൈവം ലോകകപ്പ് ഏറ്റുവാങ്ങുമ്പോൾ, ആഹ്ളാദമടക്കാനാവാതെ, ഒരു വെളുപ്പാൻ കാലത്ത്, ആർത്തു ചിരിച്ച ഒരു 13 വയസ്സുകാരൻ്റെ ഓർമ്മയിലിപ്പോഴും ആ മാറഡോണയുണ്ട്. മറഡോണയെ മറന്നിട്ട് പിന്നെ ഓർമ്മകൾ ബാക്കിയുണ്ടോ…!

വർഷം 1986..

ഞാനന്ന് എട്ടാം ക്ലാസ്സിൽ പഠിക്കുകയാണ്.

വീട്ടിൽ ടി വി ഇല്ല. ഫുട്ബോൾ ലോകകപ്പ് നടക്കുന്നത് ഇന്ത്യൻ സമയം…

Posted by Unni Cherian on Wednesday, 25 November 2020

സീരിയൽ സംവിധായകനും തിരക്കഥാകൃത്തുമായ ഉണ്ണി ചെറിയാൻ കൈരളിടിവി പ്രോഗാം ഡയറക്ടർ കൂടിയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here