ഫുട്ബോള്‍ ഇതിഹാസം ഡീജോ മറഡോണയെ അനുസ്മരിച്ച് ലാല്‍ കുമാര്‍.
ലോകത്തിലെ ഏറ്റവും പ്രശസ്തനായ രണ്ടാമത്തെ അർജന്റീനകാരൻ അതായിരുന്നു ഡീജോ മറഡോണ, ഒന്നാമത് സാക്ഷാൽ ചെഗുവേരയും. ആ ഇതിഹാസം ലോകമെന്ന കളിക്കളം വിട്ട്, മടങ്ങിവരവില്ലാത്ത മറ്റൊരു ലോകത്തിലെ കളിക്കളത്തിലേക്കു പോയിരിക്കുന്നു. ഫൈനൽ വിസിൽ മുഴങ്ങിയിരിക്കുന്നു.
മറഡോണയെന്ന ഇതിഹാസ താരത്തിന്റെ ശോഭയാർന്ന മത്സരങ്ങളൊന്നും ഞാൻ കണ്ടിട്ടില്ല. ഞാൻ ആദ്യമായിക്കാണുന്നത് 1994-ലെ ലോകകപ്പാണ്, അതിൽ അദ്ദേഹം ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് പുറത്താക്കപ്പെടുകയും, പിന്നീടുള്ള മത്സരങ്ങൾ കളിക്കാൻ പറ്റാതെ അർജൻറീനക്ക് അപമാനമാവുകയും ചെയ്യുന്ന കാഴ്ചയാണ് ലോകം കണ്ടത്. ആ അപമാനഭാരത്തോടുകൂടി തന്നെയാണ് മറഡോണ എന്ന ഇതിഹാസം പിന്നീട് ജീവിച്ചതും
ടെന്നീസിൽ ഫെഡററെയും നദാലിനെയും തമ്മിൽ താരതമ്യം ചെയ്യുന്നത് പോലെ, ലോകം പെലെയെയും മറഡോണയും താരതമ്യം ചെയ്തുകൊണ്ടേയിരുന്നു. അനാവശ്യമായ ഈ താരതമ്യം ഒരുപക്ഷേ നമ്മളെല്ലാം ചെയ്തിട്ടുണ്ട് . സത്യത്തിൽ ഇങ്ങനെയുള്ള താരതമ്യങ്ങൾക്ക് എന്താണ് പ്രസക്തി ?. രണ്ടുപേരും അവരവരുടേതായ തലത്തിൽ ജീനിയസുകൾ തന്നെയായിരുന്നു. അവരെ തമ്മിൽ താരതമ്യം ചെയ്യുകവഴി നാം ചെറുതാവുകയാണ് ചെയ്തത്.
ഒരു ബ്രസീൽ ഫുട്ബോൾ ആരാധകനാണ് ഞാൻ. ബ്രസീലിയൻ ഫുട്ബോളിനോടുള്ള സ്നേഹം, എന്നെ അന്ധമായ അർജൻറീന വിരോധിയാക്കി എന്നുള്ളത് സത്യം. അതെനിക്ക് മാത്രം ബാധകമായ ഒരു കാര്യമല്ല. മിക്ക ബ്രസീൽ ഫാനുകളും അർജൻറീന വിരോധികളാകുന്നത് അങ്ങനെയാണ്. എന്നാൽ ഒരു അർജന്റീനിയൻ വിരോധിയായിരിക്കെത്തന്നെ ഒരിക്കലും മറഡോണയുടെ വിരോധിയായി മാറിയിട്ടില്ല. ഫുട്‌ബോളിനെ ഇഷ്ടപ്പെടുന്ന ആർക്കും ങ്ങനെയാകാൻ കഴിയില്ല. മറഡോണ എന്ന ഇതിഹാസത്തോട് എന്നും സ്നേഹവും ബഹുമാനവും മാത്രം.
ആരാണ് നൂറ്റാണ്ടിലെ താരം എന്ന തർക്കം ഇനിയും തുടരട്ടെ. പെലെയുമായും മെസ്സിയുമായും അഥവാ ഇനി വരാൻ പോകുന്ന ഫുട്‌ബോൾ താരങ്ങളുമായുമുള്ള താരതമ്യങ്ങളും തുടരട്ടെ. പക്ഷെ ഈ മാന്ത്രികനാണ് ഫുട്ബാളിനെ ഇത്ര ജനകീയമാക്കിയത്. ആ ക്രെഡിറ്റ് മറ്റാർക്കും അവകാശപ്പെടാൻ കഴിയില്ല. അതാണ് കാൽപന്തുകളിക്ക് മറഡോണയുടെ ഏറ്റവും വലിയ സംഭാവന.
അദ്ദേഹം ഇപ്പോൾ ഉള്ളലോകത്തും അദ്ദേഹത്തെപ്പോലെ ഒരു മാന്ത്രിക താരം ഉണ്ടാകില്ല. കാരണം, അങ്ങനെ ഒരു താരം ഈ ലോകത്തുനിന്ന് നമുക്കറിയാൻ കഴിയാത്ത ആ ലോകത്തേക്ക് പോയിട്ടില്ല. അവിടെ ലോകകപ്പ് മത്സരങ്ങൾ നടക്കുന്നുണ്ടോ.? ഉണ്ടെങ്കിൽ ഈ മനുഷ്യൻ ഇനി അതാർക്കും വിട്ടുകൊടുക്കില്ല.

Get real time update about this post categories directly on your device, subscribe now.