
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കർഷകസംഘടനകള്‍ നടത്തുന്ന ദില്ലി ചലോ മാർച്ചിന് നേരെ പൊലീസ് നടപടി. പഞ്ചാബ്- ഹരിയാന അതിര്‍ത്തിയിലെ അംബാലയ്ക്ക് സമീപത്തെ ശംഭു ബോര്‍ഡറിലാണ് പൊലീസ് കര്‍ഷകരെ തടയുന്നത്. പഞ്ചാബിൽ നിന്ന് എത്തിയ കർഷകർക്ക് നേരെ അംബാലയിൽ ജലപീരങ്കി പ്രയോഗിച്ചു.
ഹരിയാനയിലെ അംബാലയിലും നൈനിറ്റാൾ – ദില്ലി റോഡിലും റാലിയായി എത്തിയ കർഷകരെ പൊലീസ് തടഞ്ഞു. ഹരിയാന, യുപി അതിർത്തിയിൽ പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറി.
സമാധാനപരമായി മാര്‍ച്ച് ചെയ്ത് വന്ന കര്‍ഷകരെ പൊലീസ് തടയുകയായിരുന്നു. പിന്നാലെ കര്‍ഷകര്‍ ബാരിക്കേഡുകള്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞു. തുടര്‍ന്ന് കര്‍ഷകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിന് പിന്നാലെ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയായിരുന്നു .ഇതോടെ അതിർത്തിയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് കർഷകർ.
പ്രമുഖ നേതാക്കളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ജന്തർ മന്തറിൽ വെച്ച് കിസാൻ സഭാ നേതാവ് പി. കൃഷ്ണപ്രസാദ്, അഖിലേന്ത്യാ കിസാൻ ഖാറ്റ് ലേബർ ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി രാംകുമാർ, ഡെപ്യൂട്ടി പ്രധാൻ വിജയ് കുമാർ, സെൻട്രൽ ലേബർ ഓർഗനൈസേഷൻ-എ.ഐ.യു.ടി.യു.സി സംസ്ഥാന പ്രസിഡന്റ് രാജേന്ദ്ര സിംഗ് എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.
മോഡിസർക്കാരിന്റെ കോർപറേറ്റ് പ്രീണന കാർഷികനയങ്ങൾക്കെതിരായ അതിശക്തമായ പ്രക്ഷോഭത്തിനാണ് രാജ്യതലസ്ഥാനത്ത് ഇന്ന് തുടക്കമായത്. ഡൽഹിയിൽ റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചെങ്കിലും വിവിധ സംസ്ഥാനങ്ങളിൽനിന്ന് കർഷകർ തലസ്‌ഥാനത്തേക്ക് എത്തികൊണ്ടിരിക്കുകയാണ്. ട്രേഡ് യൂണിയനുകളുടെ സംയുക്തവേദി കർഷകപ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്രം പാസാക്കിയ മൂന്ന് കാർഷികനിയമവും വൈദ്യുതി ബില്ലും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷക സംഘടനകള്‍ പ്രക്ഷോഭം സംഘടിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here