കര്‍ഷക പ്രക്ഷോഭം: പി. കൃഷ്ണപ്രസാദ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ അറസ്റ്റില്‍; അറസ്റ്റില്‍ പ്രതിഷേധിച്ച് യോഗേന്ദ്ര യാദവ്

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന ഡല്‍ഹി മാര്‍ച്ചില്‍ കിസാന്‍ സഭ നേതാവ് പി. കൃഷ്ണപ്രസാദിനെ അറസ്റ്റ് ചെയ്തു. ജന്തര്‍ മന്തറില്‍ വെച്ചാണ് ദില്ലി പൊലീസ് കൃഷ്ണപ്രസാദിനെ അറസ്റ്റ് ചെയ്തത്. ഓള്‍ ഇന്ത്യാ കിസാന്‍ സഭാ ട്രഷററാണ് കൃഷ്ണപ്രസാദ്.

അഖിലേന്ത്യാ കിസാന്‍ ഖാറ്റ് ലേബര്‍ ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി രാംകുമാര്‍, ഡെപ്യൂട്ടി പ്രധാന്‍ വിജയ് കുമാര്‍, സെന്‍ട്രല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍-എ.ഐ.യു.ടി.യു.സി സംസ്ഥാന പ്രസിഡന്റ് രാജേന്ദ്ര സിംഗ് എന്നിവരെയും അറസ്റ്റ് ചെയ്തു. കര്‍ഷകപ്രക്ഷോഭത്തിനു പിന്തുണയുമായി എത്തിയ എസ്എഫ്ഐ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി മയൂഖ് ബിശ്വാസ്, ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് സുമിത്, ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് എന്നിവരെയും കസ്റ്റഡിയില്‍ എടുത്തു.

ഹരിയാനയുടെയും യു.പിയുടെയും അതിര്‍ത്തിപ്രദേശങ്ങളില്‍ പൊലീസ് കര്‍ഷകരെ തടയുന്നുണ്ട്. കര്‍ഷകരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സാമൂഹ്യ പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ് രംഗത്തെത്തി. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കാണ് പ്രാധാന്യമെന്ന കാര്യം സര്‍ക്കാര്‍ മറക്കരുതെന്നും സമരത്തിന്റെ അവസാനം കര്‍ഷകര്‍ തന്നെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 500-ലേറെ കര്‍ഷക സംഘടനകള്‍ കേന്ദ്ര നിയമത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. വിലക്ക് ലംഘിച്ച് കര്‍ഷകര്‍ ദല്‍ഹിയില്‍ എത്തിയാല്‍ അവര്‍ക്കെതിരെ കേസ് എടുക്കുമെന്നാണ് ദല്‍ഹി പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.

അതേസമയം ഏത് വിധേനയും അതിര്‍ത്തി കടന്ന് ദല്‍ഹിയിലെത്താനാണ് കര്‍ഷകരുടെ തീരുമാനം. വിജയം കാണാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് നേരെ ഹരിയാനയില്‍ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ അംബാലയ്ക്ക് സമീപത്തെ ശംഭു ബോര്‍ഡറിലാണ് പൊലീസ് കര്‍ഷകരെ തടഞ്ഞത്.

സമാധാനപരമായി മാര്‍ച്ച് ചെയ്ത് വന്ന കര്‍ഷകരെ പൊലീസ് തടയുകയായിരുന്നു. പിന്നാലെ കര്‍ഷകര്‍ ബാരിക്കേഡുകള്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞു. തുടര്‍ന്ന് കര്‍ഷകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിന് പിന്നാലെയാണ് കര്‍ഷകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News