കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ഇന്ന് ചുമതലയേൽക്കും

കേരള ബാങ്കിന്റെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണസമിതി ഇന്ന് ചുമതലയേൽക്കും. കോവിഡ്‌ മാനദണ്ഡം പാലിച്ച് പകൽ 10ന്‌ ബാങ്ക്‌ ആസ്ഥാനത്താണ്‌ ചടങ്ങ്‌. മുഖ്യമന്ത്രി പിണറായി വിജയൻ,മന്ത്രിമാരായ ടി എം തോമസ്‌ ഐസക്‌, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവരും പങ്കെടുക്കും.

എൽഡിഎഫ്‌ പ്രതിനിധികളായി അഡ്വ. എസ്‌ ഷാജഹാൻ (തിരുവനന്തപുരം), അഡ്വ. ജി ലാലു (കൊല്ലം), എം സത്യപാലൻ (ആലപ്പുഴ), കെ ജെ ഫിലിപ്പ്‌ (കോട്ടയം), കെ വി ശശി (ഇടുക്കി), എം കെ കണ്ണൻ (തൃശൂർ), എ പ്രഭാകരൻ (പാലക്കാട്‌), പി ഗഗാറിൻ (വയനാട്‌), സാബു എബ്രഹാം (കാസർകോട്‌), കെ ജി വത്സലകുമാരി (കണ്ണൂർ), ഗോപി കോട്ടമുറിക്കൽ (അർബൻ ബാങ്ക്‌ പ്രതിനിധി) എന്നിവരാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.എൽഡിഎഫ്‌ പ്രതിനിധികളായ മൂന്നുപേരെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. കോഴിക്കോട്‌ ജില്ലയിൽനിന്ന്‌ രമേശ്‌ ബാബു (പട്ടികജാതി വിഭാഗം), വനിതാ സംവരണ വിഭാഗത്തിൽ നിർമലാ ദേവി (പത്തനംതിട്ട), പുഷ്‌പ ദാസ്‌ (എറണാകുളം) എന്നിവരാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.

തെരഞ്ഞെടുക്കപ്പെടുന്നവർക്കുപുറമെ ആറുപേർകൂടി ചേരുന്നതാണ്‌ കേരള ബാങ്ക്‌ ഭരണസമിതി. തെരഞ്ഞെടുക്കപ്പെട്ട 14 അംഗങ്ങള്‍‌ ചുമതലയേൽക്കും. ബോർഡിലെ രണ്ട്‌ സ്വതന്ത്ര പ്രൊഫഷണൽ ഡയറക്ടർമാരുടെ ഒഴിവിൽ ഒരാളെ സർക്കാർ നാമനിർദേശം ചെയ്‌തു. പഞ്ചാബ്‌ ആൻഡ്‌ സിന്ധ്‌ ബാങ്ക്‌ മുൻ മാനേജിങ്‌ ഡയറക്ടർ എസ്‌ ഹരിശങ്കറാണ്‌ നിയമിതനായത്‌. ഒ‌രാളെ പിന്നീട്‌ നാമനിർദേശം ചെയ്യും.

സഹകരണ വകുപ്പ്‌ സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്‌ട്രാർ ഡോ. നരസിംഹുഗാരി ടി എൽ റെഡ്ഡി, കേരള ബാങ്ക്‌ സിഇഒ പി എസ്‌ രാജൻ, നബാർഡ്‌ കേരള റീജ്യണൽ ചീഫ്‌ ജനറൽ മാനേജർ പി ബാലചന്ദ്രൻ എന്നിവർ അനൗദ്യോഗിക അംഗങ്ങളാണ്‌. വായ്‌പേതര സംഘങ്ങളുടെ പ്രതിനിധിയെ ഡയറക്ടർ ബോർഡിന്‌ യോഗത്തിലേക്ക്‌ ക്ഷണിക്കാം, വോട്ടവകാശം ഉണ്ടാകില്ല.

2019 നവംബർ 29നാണ്‌ 13 ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച്‌ കേരള ബാങ്കിന്‌ രൂപം കൊടുത്തത്‌. ജനുവരി 20ന്‌ ബാങ്കിന്റെ ആദ്യപൊതുയോഗം നിയമാവലി ഭേദഗതിയും, ദർശന, ദൗത്യരേഖകളും അംഗീകരിക്കപ്പെട്ടു. പുതിയ ബ്രാൻഡ്‌ പേരായ ‘കേരള ബാങ്ക്‌’, ലോഗോ എന്നിവയും റിസർവ്‌ ബാങ്കിന്റെ അംഗീകാരം നേടി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here