വെൽഫയർ പാർട്ടിയുമായുള്ള കൂട്ടുകെട്ട്; കോൺഗ്രസിൽ പൊട്ടിത്തെറി

വെൽഫയർ പാർടിയുമായുള്ള കൂട്ടുകെട്ടിനെച്ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. പഴയ തെറ്റുകൾ ചൂണ്ടിക്കാട്ടി ഇപ്പോൾ ആരെയും പഴിപറയേണ്ടെന്നും വെൽഫയർ പാർടിയെ പ്രോത്സാഹിപ്പിക്കാനുള്ള നയത്തിന്റെ ഭാഗമായാണ്‌ സഖ്യമെന്നും കെ മുരളീധരൻ എംപി പറഞ്ഞു. തന്റെ മണ്ഡലത്തിൽ വെൽഫയർ പാർടിയുമായി സഖ്യമുണ്ടെന്നും പലയിടത്തും ഇത്തരത്തിൽ നീക്കുപോക്കുണ്ടെന്നും കെ മുരളീധരൻ‌ പറഞ്ഞു.

എല്ലാ ജില്ലയിലും അപ്രഖ്യാപിത സഖ്യത്തിലേർപ്പെട്ട യുഡിഎഫ്,‌ വെൽഫയർ പാർടിയുടെ ജില്ലാനേതാക്കൾക്കുവരെ പല സീറ്റിലും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌.

പരസ്യമായ സഖ്യത്തിലേർപ്പെടുന്നത്‌ തിരിച്ചടിയാകുമെന്ന ആശങ്കയെത്തുടർന്നാണ്‌ മുസ്ലിംലീഗ്‌ ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ ചെലവിൽ അവിശുദ്ധസഖ്യത്തിന്‌ അനുമതി നൽകിയത്‌. സംസ്ഥാനതലത്തിൽ സഖ്യം വേണ്ടെന്നും പ്രാദേശികതലത്തിൽ ധാരണയാകാമെന്നുമാണ്‌ കെപിസിസി രാഷ്‌ട്രീയകാര്യസമിതിയിൽ ധാരണയായത്‌.

അതേസമയം കോൺഗ്രസിലെ സ്ഥാനാർഥി നിർണയത്തിൽ വീഴ്‌ചയുണ്ടായതായി കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. കമ്യൂണിക്കേഷൻ ഗ്യാപ് കാരണമാണ്‌ ഇത്‌ സംഭവിച്ചതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു.

സ്ഥാനാർഥി നിർണയത്തെചൊല്ലി കെപിസിസി നേതൃത്വത്തിനെതിരെ കെ മുരളീധരനും കെ സുധാകരനും ഉൾപ്പെടെയുള്ള നേതാക്കൾ കടുത്ത വിമർശമുയർത്തിയ സാഹചര്യത്തിലാണ്‌ ഏറ്റുപറച്ചിൽ. എന്നാൽ, തെരഞ്ഞെടുപ്പു കാലത്ത് സംയമനം പാലിക്കണമെന്ന്‌ കെ മുരളീധരന്‌ മറുപടിയായി മുല്ലപ്പള്ളി പറഞ്ഞു. അച്ചടക്കം എല്ലാവർക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

വടകര ബ്ലോക്ക് പ‍ഞ്ചായത്ത് കല്ലാമല ഡിവിഷനിലെ വിമത സ്ഥാനാർഥിക്ക് പാർടി ചിഹ്നം നൽകിയതുമായി ബന്ധപ്പെട്ടാണ്‌ മുല്ലപ്പള്ളിയെ മുരളീധരൻ രൂക്ഷമായി വിമർശിച്ചത്‌. മണ്ഡലത്തിൽ പ്രചാരണത്തിന്‌ ഇറങ്ങില്ലെന്നും മുരളീധരൻ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here