സ്റ്റേഡിയങ്ങൾ ജയിലുകളാക്കാൻ അനുവദിക്കില്ല; കർഷകർക്കൊപ്പമെന്ന് അരവിന്ദ് കെജ്‌രിവാൾ

കര്‍ഷക മാര്‍ച്ച് ദില്ലിയിലേക്കടുക്കുന്ന പശ്ചാത്തലത്തില്‍ ഒമ്പത് സ്റ്റേഡിയങ്ങളെ താല്‍ക്കാലിക ജയിലുകളാക്കി മാറ്റാന്‍ അനുമതി തേടിയ ദില്ലി പൊലീസിന് തിരിച്ചടി.

ഡല്‍ഹിയിലെ ഒമ്പത് സ്റ്റേഡിയങ്ങളെ താല്‍ക്കാലിക ജയിലുകളാക്കി മാറ്റാനാണ് ദില്ലി പോലീസ് സര്‍ക്കാരിനോട് അനുമതി തേടിയത്.
എന്നാല്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അനുമതി നിഷേധിച്ചു. സ്റ്റേഡിയങ്ങൾ ജയിലുകളാക്കാൻ അനുവദിക്കില്ലെന്ന് കെജ്‌രിവാൾ വ്യക്തമാക്കി. കർഷകർക്കൊപ്പമെന്ന് താനെന്നും അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി.

രാജ്യതലസ്ഥാനത്തേക്ക് കർഷകർ നടത്തുന്ന ദില്ലി ചലോ മാർച്ച് രണ്ടാം ദിവസവും പുരോഗമിക്കുമ്പോള്‍ സംഘർഷ ഭരിതമായ സാഹചര്യമാണ് അതിർത്തിയിൽ നിലനിൽക്കുന്നത്.

കർഷകരെ ദില്ലിയിലേക്ക് കടത്തിവിടാതെ അതിർത്തികളിൽ മാർച്ച് തടയാൻ പൊലീസും അര്‍ധ സെെനികരും കർശന നടപടികളാണ് സ്വീകരിക്കുന്നത്. ബാരിക്കേഡുകളും ലാത്തിച്ചാർജും കണ്ണീര്‍ വാതകവും കൊണ്ടാണ് പതിനായിരക്കണക്കിന് കര്‍ഷകരെ ദില്ലി പൊലീസ് നേരിടുന്നത്.

കോണ്‍ക്രീറ്റ് പാളികൾ കൊണ്ടും ട്രക്കുകളിൽ മണ്ണ് തട്ടിയും അതിര്‍ത്തി റോഡുകൾ പൊലീസ് അടച്ചു. റോഡിന് കുറുകെ മുള്ളുവേലിയും സ്ഥാപിച്ചിട്ടുണ്ട്. ദില്ലി പൊലീസിന് പുറമെ സായുധരായ ബിഎസ്എഫിനെയും സിആര്‍പിഎഫ്, സിഐഎസ് എഫ് അടക്കമുളള കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. ഡ്രോൺ ക്യാമറ നിരീക്ഷണവും നടത്തുന്നുണ്ട്.

അതിനിടെ അംബാലയിൽ പോലീസ് വീണ്ടും ജല പീരങ്കി പ്രയോഗിച്ചു. ഇന്നലെ സംഘർഷമുണ്ടായ ശംബു ബോർഡറിലാണ് വീണ്ടും പോലീസ് അതിക്രമം ഉണ്ടായത്. ഏത് വിധേനെയും കർഷകരെ തടയാനാണ് പൊലീസ് ശ്രമിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here