‘അവരോടൊപ്പം ഒന്നു ഇരുന്ന് സംസാരിക്കാനാവില്ലേ? അവര്‍ പറയുന്നതൊന്ന് കേള്‍ക്കൂ ആദ്യം’; കര്‍ഷകര്‍ക്ക് നേരേ ജലപീരങ്കി പ്രയോഗിച്ചതില്‍ പ്രതിഷേധവുമായി വാമിഖ ഗബ്ബി

ദില്ലിയിലെ കര്‍ഷക പ്രതിഷേധ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതില്‍ പ്രതിഷേധവുമായി നടി വാമിഖ ഗബ്ബി. ഹരിയാന അതിര്‍ത്തിയിലെത്തിയ കര്‍ഷകര്‍ക്ക് നേരെ കഴിഞ്ഞ ദിവസം രാത്രി ജലപീരങ്കി പ്രയോഗിച്ചിരുന്നു. ഇതിനെതിരെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയതാണ് നടി. സംഭവത്തിന്റെ വീഡിയോയടക്കം ഫേസ്ബുക്കില്‍ പങ്കുവെച്ചു കൊണ്ടാണ് വാമിഖ പ്രതികരിച്ചത്.

രാത്രി പതിനൊന്ന് മണിക്ക്, 15 ഡിഗ്രി സെല്‍ഷ്യസിലേക്ക് അന്തരീക്ഷ താപനില താഴ്ന്നിരിക്കുന്ന സമയത്താണ് കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ദല്‍ഹിയിലേക്ക് സമരം നയിക്കുന്ന കര്‍ഷകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരിക്കുന്നതെന്ന് വാമിഖ ഫേസ്ബുക്കിലെഴുതി.

‘മഹാമാരി കാലത്ത് പോലും നമ്മളെ പട്ടിണി കിടക്കാതെ കാത്തുസംരക്ഷിച്ചവരോടാണ് ഇങ്ങനെ ചെയ്യുന്നത്. അവരോടൊപ്പം ഒന്നു ഇരുന്ന് സംസാരിക്കാനാവില്ലേ? അവര്‍ പറയുന്നതൊന്ന് കേള്‍ക്കൂ ആദ്യം. ജനാധിപത്യം തന്നെയല്ലേ ഇത്. എന്നാല്‍ പിന്നെ പരസ്പരം സംസാരിക്കാന്‍ ഒന്നു ശ്രമിക്കൂ സുഹൃത്തേ’ എന്നാണ് വാമിഖ ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്.

ഉത്തര്‍പ്രേദശ്-ദല്‍ഹി, ഹരിയാന- ദല്‍ഹി അതിര്‍ത്തികളിലെല്ലാം കര്‍ഷകരനെ നേരിടാന്‍ കനത്ത പൊലീസ് സേനയെയാണ് വിന്യസിച്ചിരിക്കുന്നത്. അതിര്‍ത്തികള്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ കൊണ്ടും ബാരിക്കേടുകള്‍ കൊണ്ടും അടച്ചിരിക്കുകയാണ് ദല്‍ഹി പൊലീസ്. ഒരു കാരണവശാലും കര്‍ഷകരെ ദല്‍ഹിയിലേക്ക് കടത്തിവിടില്ലെന്ന തീരുമാനത്തിലാണ് പൊലീസ്. കഴിഞ്ഞ ദിവസം അര്‍ധ രാത്രി വീണ്ടും കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കി ഉപയോഗിച്ചിരുന്നു.

സമരത്തില്‍ നിന്നും ഒരിഞ്ച് പോലും പിറകോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. ഹരിയാനയില്‍ നിന്നുള്ള കര്‍ഷകര്‍ പാനിപ്പത്തിലാണ് തമ്പടിച്ചിരിക്കുകയാണ്. കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറായിട്ടല്ലാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന് ഇവര്‍ അറിയിച്ചു. തങ്ങള്‍ ജയിക്കാനാണ് ദല്‍ഹിയിലേക്ക് പോകുന്നതെന്നും അതിന് എത്രനാള്‍ വേണമെങ്കിലും അവിടെ തുടരാന്‍ തയ്യാറാണെന്നും കര്‍ഷകര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News