പവിത്രനും ഇഗ്ലേഷ്യ മറഡോണിയാനയും :എന്റെ ഹൃദയത്തിൽ ഒരു മതമുണ്ടെങ്കിൽ അതാണ് ഡീഗോ മറഡോണ എന്ന് വിശ്വസിച്ച പവിത്രൻ: ജോൺ ബ്രിട്ടാസ്

മറഡോണയെ കുറിച്ച് ചിന്തിക്കുമ്പോൾ ആ നിമിഷം എന്റെ മനസ്സിൽ ഉയരുന്ന മറ്റൊരു രൂപമുണ്ട്, മറഡോണ പള്ളിയിലെ സത്യവിശ്വാസിയായ പി.വി.പവിത്രൻ.മറഡോണയുടെ ജന്മനാടായ റൊസാരിയോയിൽ മറഡോണയുടെ ആരാധകർ ഇഗ്ലേഷ്യ മറഡോണിയാന എന്ന പേരിൽ ഒരു മതം ഉണ്ടാക്കിയപ്പോൾ അതിൽ അക്ഷരാർത്ഥത്തിൽ ഭാഗമായ പവിത്രൻ. ശരിക്കും പറഞ്ഞാൽ ആ പള്ളി തല്ലികൂട്ടുന്നതിന് എത്രയോ മുമ്പ് തന്നെ പവിത്രൻ മറഡോണക്ക് വേണ്ടി മനസ്സിൽ പള്ളി പണിതിരുന്നു.എന്റെ ഹൃദയത്തിൽ ഒരു മതമുണ്ടെങ്കിൽ അതാണ് ഡീഗോ മറഡോണ എന്ന് പവിത്രൻ വിശ്വസിച്ചിരുന്നു.

പവിത്രനെ എങ്ങനെയാണ് പരിചയപ്പെടുത്തേണ്ടത് …..ഡൽഹിയിൽ ദീർഘകാലം കോഫിബോർഡിൽ പ്രവർത്തിച്ച ആൾ,എകെജി മുതൽ എൻ.എൻ.കൃഷ്ണദാസിനെ വരെ സേവിച്ച വ്യക്തി,ഡൽഹി സന്ദർശിക്കുന്ന  ഇടതുപക്ഷനേതാക്കളുടെ സന്തതസഹചാരി.ഇതൊക്കെയായിരുന്നു ചുരുങ്ങിയ വാക്കുകളിൽ പവിത്രൻ. .പിന്നീട് ആരോഗ്യം മോശമായപ്പോൾ ഡൽഹി വിട്ട് തലശ്ശേരിയുടെ കുളിർമയിൽ പവിത്രൻ അഭയം തേടി .ഇപ്പോൾ പഴയ സ്മരണകൾ അയവിറക്കി, ശാരീരിക ബുദ്ധിമുട്ടുകൾ വകഞ്ഞുമാറ്റി ജീവിതം തു‍ഴഞ്ഞു കൊണ്ടിരിക്കുന്നു.
മറഡോണ എന്ന വ്യക്തി എന്റെ മനസ്സിൽ വിസ്മയം തീർത്തത് 1986 ലെ ലോകകപ്പിൽ ആണ്. ഡിഗ്രി കഴിഞ്ഞുള്ള ഇടവേളയിൽ വീടിനടുത്തുള്ള പള്ളിവക സ്കൂളിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ടിവി യിൽ നിന്നും മറഡോണ എന്റെ മനസ്സിലേക്ക് ബഹുവർണ്ണത്തിൽ കടന്നുകയറുകയായിരുന്നു .എന്നാൽ ഡൽഹിയിൽ എത്തിയപ്പോഴാണ് മറഡോണയെ നെഞ്ചിൽ ചേർത്ത് വച്ചിരിക്കുന്ന പവിത്രനെ പരിചയപ്പെടുന്നത്. ഞാൻ താമസിച്ചിരുന്ന വി.പി. ഹൗസ് ഫ്ലാറ്റ് സമുച്ചയത്തിലെ അന്തേവാസിയായിരുന്നു പവിത്രൻ. അദ്ദേഹത്തിന്റെ ഭാര്യ സിപിഐ(എം) കേന്ദ്രകമ്മിറ്റി ഓഫീസിൽ ജോലി ചെയ്യുന്നു.

കോഫി ബോർഡ് ലേബർ യൂണിയന്റെ അനിഷേധ്യ നേതാവ്. നല്ല സാമർത്ഥ്യമുള്ളതുകൊണ്ട് പ്രബലരായ രണ്ട് എംപിമാർ, ഇ.ബാലാനന്ദനും എം.എ.ബേബിയും സംഘടനയുടെ നേതൃസ്ഥാനത്ത് പവിത്രനെ പ്രതിഷ്ഠിച്ചു.. ദിവസത്തിൽ രണ്ടുതവണയെങ്കിലും ഇവരെ രണ്ടുപേരെയും സന്ദർശിക്കുകയും അല്പനേരമെങ്കിലും അകമ്പടി സേവിക്കുകയും ചെയ്തു.

മറഡോണ മനസ്സിൽ നിന്നും മാഞ്ഞുവരുന്നതിനിടയിലാണ് 1990ലെ ലോകകപ്പ് വരുന്നത്. ഡൽഹി ദേശാഭിമാനി ഓഫീസിൽ തട്ടിക്കൂട്ടിയ ടെലിവിഷനാണ് ഞങ്ങളുടെ ഏക ആശ്രയം. കളികാണാൻ എം.എ.ബേബി ഉൾപ്പെടെയുള്ളവർ മിക്കവാറും സന്നിഹിതർ. എന്നാൽ പവിത്രനാണ് അവിടെ താരം. ഒരൊറ്റ പ്രശ്നമേയുള്ളൂ, ഒരൊറ്റ കളിക്കാരനെ കുറിച്ച് മാത്രമേ പവിത്രന് ചിന്തയുള്ളൂ, സാക്ഷാൽ മറഡോണ.

ഇന്നത്തെപോലെ ടെലിവിഷന് തെളിച്ചമുള്ള കാലമല്ല. അതുകൊണ്ട് തന്നെ ആര് പന്തുമായി മുന്നോട്ടു പോയാലും അത് മറഡോണയാണ് എന്ന് പവിത്രൻ സമർത്ഥിക്കും. എം.എ.ബേബി കർശനമായി വിലക്കിയാൽ പോലും രണ്ടു മിനിറ്റിൽ കൂടുതൽ പവിത്രൻ നിശബ്ദത പാലിക്കില്ല. മറഡോണയെ ആരെങ്കിലും തടഞ്ഞാൽ പൊട്ടിത്തെറിക്കും. തെറിയും ശാപവചനങ്ങളും ഉരുവിടുന്നതിലും ലോപം കാണിച്ചിരുന്നില്ല. കാമറൂണുമായുള്ള മൽസരത്തിൽ അർജന്റീന അന്ന് തോറ്റു. ആ തോൽവി യഥാർത്ഥത്തിൽ തന്റെ തോൽവിയായിട്ടാണ് പവിത്രൻ കണ്ടത്.

അക്കാലത്തുതന്നെ ഇഗ്്ലീസിയ മറഡോണിയാനയിൽ പവിത്രൻ ചേർന്നിരുന്നു. മറഡോണയുടെ ഓരോ നീക്കവും സൂക്ഷ്മമായി നിരീക്ഷിച്ച് അതിനനുസരിച്ച് താളാത്മകമായിട്ടാണ് പവിത്രൻ കളി കാണുക. കാമറൂണിനോടുള്ള പരാജയത്തിൽ നിന്ന് തലയുയർത്തി ഭാഗ്യത്തിന്റെ നേർരേഖയിലൂടെ ഫൈനൽ വരെ അർജന്റീനക്ക് എത്താൻ പറ്റിയെങ്കിൽ അതിനൊരു കാരണം താനാണെന്ന് പവിത്രൻ ഉറച്ചുവിശ്വസിച്ചു. എന്നാൽ ഫൈനലിൽ പശ്ചിമ ജർമനിയോട് പരാജയപ്പെട്ടപ്പോൾ കയ്യിലുണ്ടായിരുന്ന സിഗരറ്റ് പാക്കറ്റ് ദൂരേക്ക് വലിച്ചെറിഞ്ഞ് ജർമൻ താരത്തെ നോക്കി കാർക്കിച്ച് തുപ്പി രോഷാകുലനായി പവിത്രൻ മുറിവിട്ട് ഇറങ്ങി.

മറഡോണയോടുള്ള പവിത്രന്റെ തീവ്രആരാധനയെക്കുറിച്ച് എം.എ.ബേബി കഴിഞ്ഞ ദിവസം ഒരു പത്രത്തിൽ എഴുതിയത് വായിച്ചു. 1994ൽ അമേരിക്കയിൽ നടന്ന ലോകകപ്പായിരുന്നു ബേബിയുടെ പരാമർശ വിഷയം. മറഡോണ ഗോൾ അടിക്കാത്തതിന് ക്ഷോഭിച്ച് ജ്വലിക്കുന്ന പവിത്രനെ സമാധാനിപ്പിക്കാൻ ടെലിവിഷൻ നോക്കി എം.എ.ബേബി ചില നിർദ്ദേശങ്ങൾ നൽകി. “മറഡോണ നിങ്ങൾ മര്യാദയ്ക്ക് ഗോൾ അടിച്ചെങ്കിൽ പ്രശ്നമാകും.” പതിനഞ്ച് മിനിറ്റിനുള്ളിൽ ഗ്രീസിന്റെ പെനാലിറ്റി ഏരിയയിലേക്ക് വന്ന് പന്ത് നിയന്ത്രണത്തിൽ എടുത്ത് മറഡോണയുടെ ഗംഭീര ഗോൾ. എം.എ.ബേബിയുടെ നിർദ്ദേശം മറഡോണ പാലിച്ചു എന്ന തരത്തിലാണ് പവിത്രൻ കാര്യങ്ങൾ കണ്ടത്. ഫുട്ബോൾ പോലെ മറഡോണ ഉരുണ്ട് മുന്നോട്ടുപോയെങ്കിലും പിന്നീടുള്ള അദ്ദേഹത്തിന്റെ പതനം ലക്ഷക്കണക്കിന് ആളുകളെ ബാധിച്ചതുപോലെ പവിത്രനെയും വിടാതെ പിടികൂടി. ഉത്തേജകമരുന്ന് വിവാദത്തിൽ ലോകകപ്പിൽ നിന്ന് പുറത്തു പോയപ്പോൾ പവിത്രൻ ശക്തിയായി പ്രതിഷേധിച്ചു. മറഡോണ പറയുന്നതിനു മുമ്പ് തന്നെ അതൊരു ഗൂഢാലോചനയാണെന്ന് പവിത്രൻ പ്രഖ്യാപിച്ചിരുന്നു.

മതവിശ്വാസങ്ങളിലൊന്നും ഉറച്ച നിലപാടുള്ള ആളല്ല പവിത്രൻ. എന്നാലും മറഡോണ പള്ളിയുടെ കാര്യത്തിൽ പവിത്രൻ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. മറഡോണക്ക് സമാനമായ ചില രീതികൾ പവിത്രനിലും ഉണ്ട്,അല്ലെങ്കിൽ ഉണ്ടാക്കിയെടുത്തു . ചുരുട്ടാണ് മറഡോണയുടെ ചുണ്ടുകളിൽ എരിഞ്ഞതെങ്കിൽ വിൽസാണ് പവിത്രൻ തുടർച്ചയായി കൊളുത്തിക്കൊണ്ടിരുന്നിരുന്നത്. മറഡോണയെ പോലെ ആരോഗ്യത്തിനും വലിയ ശ്രദ്ധ നൽകിയിരുന്നില്ല. അതുകൊണ്ടുതന്നെ പക്ഷാഘാതം ഉൾപ്പെടെയുള്ള അതിഥികൾ പവിത്രനെ തേടിവന്നു. സ്വഭാവവിശേഷങ്ങളും ദുശീലങ്ങളും ഇ‍ഴകോർക്കപ്പെട്ട പവിത്രൻ മറഡോണയെ പോലെ പാതി ദൈവവും പാതി ചെകുത്താനുമാണ്.ശരാശരി മലയാളി കളി പോലെ തന്നെ മറഡോണയുടെ രാഷ്ട്രീയവും ഇഷ്ടപ്പെട്ടിരുന്നു. പവിത്രനെ പോലുള്ളവർ മറഡോണ പള്ളിയിൽ പത്ത് കല്പനകൾ ചൊല്ലി ചേർന്നതിനുള്ള കാരണങ്ങളിൽ ഈ രാഷ്ട്രീയവും ഉൾപ്പെടുന്നു. നിഴലും വെളിച്ചവുമായി മറഡോണ ഇനിയും നമ്മുടെയൊക്കെ മനസ്സിൽ പന്തുരുട്ടികൊണ്ടിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here