ജീവിക്കാനുള്ള മനുഷ്യരുടെ അവസാനത്തെ ചെറുത്തുനില്‍പ്പാണ്, ഈ തീ അണയില്ല ആളിപ്പടരുകതന്നെ ചെയ്യും: തോമസ് ഐസക്

കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷക ദ്രോഹജനദ്രോഹ നടപടികള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന അടിച്ചമര്‍ത്തല്‍ നടപടിയില്‍ പ്രതിഷേധവുമായി സംസ്ഥാന ധനമന്ത്രി തോമസ് ഐസക്.

കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ കേന്ദ്രസര്‍ക്കാറിന്റെ എല്ലാ മര്‍ദനോപാധികള്‍ക്കും തോറ്റ് പിന്‍മടങ്ങേണ്ടിവന്നു.

ദില്ലിയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന കര്‍ഷകരുടെ ആദ്യത്തെ ആവശ്യം അവര്‍ പൊരുതി തന്നെ നേടിയിരിക്കുന്നു.

അധികാരിവര്‍ഗത്തിന്റെ എല്ലാ മര്‍ദന മുറകള്‍ക്കും മേല്‍ കര്‍ഷകരുടെ കരുത്ത് വിജയം നേടുകതന്നെ ചെയ്യുമെന്നും തോമസ് ഐസക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു

തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്‌

കർഷകരുടെ കരുത്തിന്‌ മുന്നിൽ ഒടുവിൽ കേന്ദ്രസർക്കാരിന് മുട്ടുമടക്കേണ്ടി വന്നു. ഡല്‍ഹി ചലോ മാര്‍ച്ചിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നൽകില്ലെന്ന വാശി അധികാരികൾ വിഴുങ്ങി പ്രതിഷേധവുമായി ഇരമ്പിയെത്തിയ കര്‍ഷകരുടെ ഇടിമുഴക്കം രാജ്യതലസ്ഥാനത്തെ പ്രകമ്പനം കൊള്ളിക്കാൻ പോവുകയാണ്.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഡല്‍ഹി ചലോ മാര്‍ച്ച്. അധികാരവും മർദ്ദനമുറകളും ഉപയോഗിച്ച് പാവങ്ങളെ പിന്തിരിപ്പിക്കാൻ പരമാവധി ശ്രമിച്ചു നോക്കി.

അനേകം നേതാക്കളെ അറസ്റ്റ് ചെയ്‌തു. കോണ്‍ക്രീറ്റ് ബാരിക്കേഡുകളും മുള്‍കമ്പികളും ട്രക്കും കണ്ടെയ്‌നറുകളുമായി പ്രതിഷധേക്കാരെ ദല്‍ഹിയുടെ അതിര്‍ത്തികളില്‍ തടയാന്‍ ശ്രമിച്ചു. പക്ഷേ, ഒന്നും വിലപ്പോയില്ല.

കര്‍ഷകരെ തടയാനായി ഡല്‍ഹി ബഹാദുര്‍ഗ് അതിര്‍ത്തിയില്‍ സ്ഥാപിച്ച ട്രക്ക് ട്രാക്ടറിനോട് ബന്ധിപ്പിച്ച്, പ്രതിഷേധക്കാര്‍ വലിച്ചുനീക്കിയ വീഡിയോ ആവേശത്തോടെയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ക്രെയ്ന്‍ ഉപയോഗിച്ച് സ്ഥാപിച്ച കണ്ടെയ്നറുകളും കര്‍ഷകര്‍ നീക്കം ചെയ്‌തു. നൂറു കണക്കിന് പ്രതിഷേധക്കാര്‍ അണിനിരന്നായിരുന്നു കണ്ടെയ്നറുകള്‍ ഓരോന്നായി തള്ളി മാറ്റിയത്.

മനുഷ്യശക്തിയ്ക്കു മുന്നിൽ ഒരു ബാരിക്കേഡും വിലപ്പോവില്ലെന്ന് ഇനിയും കേന്ദ്രം ഭരിക്കുന്നവർ മനസിലാക്കിയില്ലെങ്കിൽ എന്തു ചെയ്യാനാണ്?
രണ്ടുകൊല്ലം മുമ്പ് മഹാരാഷ്ട്രയിൽ നടന്ന ലോംഗ് മാർച്ചിനെ അനുസ്മരിപ്പിക്കുകയാണ് ഈ സമരം. അന്ന്, നോര്‍ത്ത് മഹാരാഷ്ട്ര, വിദര്‍ഭ, അഹമ്മദ് നഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് കിസാൻ സഭയുടെ നേതൃത്വത്തിൽ താനെയില്‍ നിന്നും മുംബൈയിലെ ആസാദ് മൈദാനത്തിലേയ്ക്കാണ് മാർച്ചു ചെയ്തത്.

ഏതാണ്ട് 180 കിലോമീറ്റർ ദൂരം കാൽനടയായി താണ്ടിയ കർഷകർ തങ്ങൾ അനുഭവിക്കുന്ന ദുരിതവും അധികാരികളുടെ അവഗണനയും തുടർച്ചയായ വാഗ്ദാനലംഘനവും ലോകത്തെ അറിയിച്ചു.
ഇന്ത്യയിലെ കർഷകരുടെ ജീവിതം അനുദിനം ദുരിതപൂർണമാകുന്നതുകൊണ്ടാണ് കർഷകർക്ക് ഇത്തരം സമരരീതികൾ അവലംബിക്കേണ്ടി വരുന്നത്. ജീവിക്കാൻ ഒരുഗതിയുമില്ലാതായ മനുഷ്യരുടെ അവസാനത്തെ ചെറുത്തുനിൽപ്പാണ് ഈ സമരം. ഈ തീ അണയില്ല. ആളിപ്പടരുകതന്നെ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News