ജനകീയ പ്രതിഷേധങ്ങളോട് മുഖം തിരിക്കുന്ന സമീപനം കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണം കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി മന്ത്രി ഇപി ജയരാജന്‍

കേന്ദ്രസര്‍ക്കാറിനെതിരായ കര്‍ഷകരുടെ സമരം മൂന്നാം ദിനത്തിലേക്ക് കടക്കുന്നു. കര്‍ഷകര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരും ദില്ലി പൊലീസും അ‍ഴിച്ചുവിടുന്ന ക്രൂരമായ അതിക്രമങ്ങളില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

സോഷ്യല്‍ മീഡിയയിലും കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ഹാഷ് ടാഗുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും വ്യവസായ വകുപ്പ് മന്ത്രിയുമായ ഇപി ജയരാജന്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്.

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങളില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കര്‍ഷകര്‍ മാസങ്ങളായി സമരമുഖത്താണ്. കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമാക്കി ദില്ലി ചലോ മാര്‍ച്ച് ഇന്നലെ ആരംഭിച്ചു. കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയ്യാറാകുന്നില്ലെന്ന് മാത്രമല്ല, സമാധാനപരമായി നടക്കുന്ന സമരത്തെ അടിച്ചമര്‍ത്താനുള്ള നടപടികളാണ് ഉണ്ടാകുന്നത്.

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലേറിയ ബിജെപി സര്‍ക്കാരിന്റെ കാലത്ത് കര്‍ഷക ആത്മഹത്യ വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. കൊവിഡ് കാലത്ത് കര്‍ഷക ജീവിതം കൂടുതല്‍

ദുരിതത്തിലാകുമ്പോഴാണ് വന്‍കിട കോര്‍പ്പറേറ്റുകളെ മാത്രം സഹായിക്കുന്ന നിയമങ്ങള്‍ കൊണ്ടുവന്നത്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വിലനിയന്ത്രണവും താങ്ങുവിലയും ഇല്ലാതാക്കുന്ന നിയമം കര്‍ഷകരെ ദ്രോഹിക്കുന്നതാണ്. കരാര്‍കൃഷി പ്രോത്സാഹിപ്പിക്കുന്ന നടപടി വന്‍കിട കോര്‍പ്പറേറ്റുകളെ മാത്രമേ സഹായിക്കൂ. അവശ്യസാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള പരിധി എടുത്തുകളഞ്ഞതോടെ പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും അടക്കമുള്ള കര്‍ഷക -ജന വിരുദ്ധ നടപടികള്‍ക്കാണ് വഴിയൊരുങ്ങുന്നത്.

സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ കൈകടത്തുകയാണ് കാര്‍ഷിക പരിഷ്‌ക്കരണ നിയമങ്ങളിലൂടെ കേന്ദ്രം ചെയ്തത്. പാര്‍ലമെന്റില്‍ നടപടിക്രമങ്ങള്‍ പാലിക്കാനോ പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പ് പരിഗണിക്കാനോ സര്‍ക്കാര്‍ തയ്യാറായില്ല. രാജ്യസഭയില്‍ ബില്ലിനെതിരെ പ്രതിഷേധിച്ച എംപിമാരെ സസ്‌പെന്റ് ചെയ്യുന്ന നടപടിയാണ് ഉണ്ടായത്. ഇതേ സമീപനമാണ് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെയും സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ജനകീയ പ്രതിഷേധങ്ങളോട് മുഖം തിരിക്കുന്ന സമീപനം അവസാനിപ്പിക്കണം. ജനദ്രോഹ-കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറാകണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here