‘ജനകോടികളെ ഫുട്ബോൾ എന്ന കലാരൂപത്തിലേക്ക് ആകർഷിച്ചവൻ’; മാറഡോണയെ അനുസ്മരിച്ച് എംഎ ബേബി

ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ അർമാൻസോ മാറഡോണയെ അനുസ്മരിച്ച് എംഎ ബേബി

ഫുട്ബോൾ മൈതാനത്ത് ഡിയേഗോ മാറഡോണ സൃഷ്ടിച്ച അവിസ്മരണീയ കലാരൂപങ്ങളുടെ എണ്ണമറ്റ സ്മരണകൾ ഓരോ വായനക്കാരുടെയും മനസ്സിലുണ്ടാവും. സ്വാഭാവികമായും അതിൽ ഏറ്റവും ആദ്യം മനസ്സിൽ വരുന്നത് സഹസ്രാബ്ദങ്ങളിലെ ഗോളെന്നു വിശേഷിപ്പിക്കാവുന്ന ആ ഗോൾ തന്നെ. 1986ലെ മെക്സിക്കോ ലോകകപ്പിൻറെ ക്വാർട്ടർ ഫൈനലിൽ, കരുത്തന്മാരായ ഇംഗ്ളണ്ടിനെതിരെ നടന്ന വാശിയേറിയ മത്സരം. 2-1 സ്കോറിന് അർജൻറീനയ്ക്ക് ജയം. അർജൻറീനയ്ക്കു വേണ്ടി ഇരുഗോളുകളും നേടിയത് ക്യാപ്റ്റൻ കൂടിയായ ഡിയേഗോ അർമാൻസോ മാറഡോണ. ഒരു പ്രത്യേകതയുണ്ട്- ഒന്ന് കൈകൊണ്ടായിരുന്നു. അതു ചരിത്രം. രണ്ടാമത്തേത് അമ്പത്തഞ്ചാം മിനിട്ടിൽ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു വിസ്മയ ഗോളും- മാറഡോണയുടെ കാലുകളിൽ വിരിഞ്ഞ കാൽപ്പന്തുകലയുടെ നിത്യസാക്ഷ്യം.

നാലുവർഷങ്ങൾക്കു ശേഷം നടന്ന ലോകകപ്പിൽ ആദ്യമത്സരം നിലവിലുള്ള ലോകകപ്പ് ജേതാക്കളായ അർജൻറീനയും ആഫ്രിക്കയുടെ കരുത്തന്മാരായ കമറൂണും തമ്മിലായിരുന്നു. മാറഡോണയുടെ നേതൃത്വത്തിൽ 1990 ജൂൺ 8നു നടന്ന ഉദ്ഘാടനമത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ചാമ്പ്യന്മാരായ അർജൻറീന തോറ്റു. ഫുട്ബോൾ ലോകം ഞെട്ടി. അർജൻറീന തോൽവിയടഞ്ഞ ആ കളിയിൽ മാറഡോണ എത്ര വലിയ ഫുട്ബോൾ ജീനിയസ്സാണെന്നു വെളിപ്പെട്ട ഒരു കളിനിമിഷം ഇന്നും എൻറെ ഓർമയിലുണ്ട്. കമറൂണിൻറെ പകുതിയിലേക്ക് അർജൻറീനിയൻ മിഡ്ഫീൽഡിൽ നിന്ന് നീട്ടിയടിച്ചുകൊടുത്ത ഒരു പാസ് കാലിലൊതുക്കാൻ മാറഡോണ കുതിച്ചു നീങ്ങി. കമറൂണിൻറെ കരുത്തനായ ഒരു പ്രതിരോധനിരക്കാരൻ, മാറഡോണയെ ഓട്ടത്തിനിടയിൽ ശരീരം കൊണ്ടു മതിലു തീർത്തു തടസ്സപ്പെടുത്തുകയായിരുന്നു. മാറഡോണ പരാജയം സമ്മതിച്ചു പന്തിനു വേണ്ടിയുള്ള ഓട്ടം പെട്ടെന്നു നിറുത്തി. കമറൂൺ പ്രതിരോധക്കാരനും ആശ്വാസപൂർവം നിന്നു.

ഞൊടിയിടയിൽ മാറഡോണ പുതിയ ഗിയറിലെന്ന വണ്ണം കുതിച്ചുപായാൻ തുടങ്ങി. പെട്ടെന്നുണ്ടായ നില്ക്കലും വീണ്ടും ഓട്ടം തുടരലും മാറഡോണ മനസ്സിൽ തത്സമയം ആസൂത്രണം ചെയ്ത അടവുകളായിരുന്നു. അതു മുൻകൂട്ടിക്കാണാൻ കഴിയാഞ്ഞതിനാൽ കായികശേഷിയും വേഗതയും കാൽനീളവും മാറഡോണയെക്കാൾ കൂടുതലുണ്ടായിട്ടും മാറഡോണ ആ കമറൂൺ യോദ്ധാവിനെ പിന്തള്ളുകയും കമറൂണിൻറെ കോർണർ ഗോൾലൈനിൽ നിന്നു പന്തു പിടിച്ചെടുത്ത് കനിജ്ജയ്ക്ക് തളികയിലെന്ന പോലെ കൈമാറുകയും (കാൽമാറുകയും?) ചെയ്തു; പക്ഷേ, അതു ഗോളാക്കാൻ കനിജ്ജയ്ക്ക് കഴിയാതെ പോയി. മറിച്ചായിരുന്നെങ്കിൽ ഏറ്റവും മികച്ച ലോകകപ്പ് അസിസ്റ്റ് എന്ന ചരിത്രനിമിഷമായി ആ സന്ദർഭത്തെ മാറ്റാൻ മാറഡോണ വിജയിച്ചേനെ. ഉദ്ഘാടനമത്സരത്തിൽ ചാമ്പ്യന്മാർ തോറ്റെന്ന അപഖ്യാതിയും മാറഡോണയുടെ അർജൻറീനയ്ക്ക് ഒഴിവാക്കാൻ സാധിച്ചേനെ.

ജനകോടികളെ ഫുട്ബോൾ എന്ന കലാരൂപത്തിലേക്ക് ആകർഷിച്ചവൻ എന്ന സ്ഥാനം മാറഡോണയ്ക്കും പെലെയ്ക്കുമുള്ളതാണ്. അതിൽ തന്നെ സ്വന്തം കേളി മികവും നേതൃത്വപാടവവും കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നതിൽ മാറഡോണ തന്നെ ഏതാനും കാതങ്ങൾക്കു മുന്നിൽ. 1986ൽ ലോകകപ്പ് ജയിച്ചതും 1990ൽ ഫൈനലിൽ എത്തി വിവാദപൂർണമായ ഒരു പെനാൽറ്റിയിലൂടെ മാത്രം ജർമനിയാൽ തോല്പിക്കപ്പെട്ടതും ഓർക്കുമ്പോൾ മാറഡോണയുടെ കഴിവുകൾ അവിതർക്കിതമാണ്.

ക്ലബ് ഫുട്ബാളിൽ ബാഴ്സിലോണയെന്ന എൻറെ പ്രിയ ടീം (ഇന്നത് വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്.) മാറഡോണയുടെ സാന്നിദ്ധ്യം ആസ്വദിച്ചത് രണ്ടു സീസണിൽ മാത്രം. 58 കളികളിൽ നിന്ന് 38 ഗോളുകൾ. എഫ് സി ബാഴ്സിലോണയിലേക്കും അവിടെ നിന്ന് ഇറ്റാലിയൻ ലീഗിലെ നേപ്പോളിയിലേക്കും മാറഡോണ മാറിയത് അന്നത്തെ റെക്കോഡ് തുകയ്ക്കായിരുന്നു. അതിൽ, ദരിദ്രമായ തെക്കേ ഇറ്റലിയിലെ പിന്നോക്ക ടീമെന്നു മാത്രം കണക്കാക്കപ്പെട്ടു പോന്ന നേപ്പോളിയെ 1986-87ൽ ലീഗ് ചാമ്പ്യന്മാരാക്കി ഉയർത്തിയത് മാറഡോണ ഏറെക്കുറെ ‘ഏകപാദനാ’യിട്ടായിരുന്നു. 1989 – 90 ലും ലീഗ് നേട്ടം മാറഡോണയുടെ നേതൃത്വത്തിൽ ആവർത്തിച്ചു. 1989ൽ ചാമ്പ്യൻസ് ലീഗും നാപ്പോളി നേടി.

എന്നാൽ 1986 ലോകകപ്പു വിജയത്തിൽ മാറഡോണയുടെ പങ്ക് കണക്കുകളിൽ തെളിഞ്ഞു കാണാം. മത്സരത്തിനിടയിൽ അർജൻറീനയുടെ ഗോൾ നേടാനുള്ള ശ്രമങ്ങളുടെ പകുതിയിലേറെ സൃഷ്ടിച്ചത് മാറഡോണയായിരുന്നു. 90 തവണ പന്തു വെട്ടിച്ചുകൊണ്ടു കയറി മാറഡോണ. മറ്റു കളിക്കാരെക്കാളെക്കാളും മൂന്നു മടങ്ങു കൂടുതലാണിത്. 53 തവണ ഫൌൾ ചെയ്യപ്പെട്ടതും മാറഡോണയായിരുന്നു. മറ്റേതു കളിക്കാരനു കിട്ടിയതിനെക്കാളും ഇരട്ടി ഫ്രീ കിക്കുകൾ മാറഡോണ നേടി. അർജൻറീനയുടെ പതിനാലു ഗോളുകളിൽ പത്തെണ്ണവും ഒന്നുകിൽ മാറഡോണയുടെ വക, അതല്ലെങ്കിൽ അവസരമൊരുക്കിയത് മാറഡോണ. കപ്പിനായി ജർമനിയുമായി പൊരുതിയപ്പോൾ വിജയഗോൾ ഒരുക്കിയത് മാറഡോണയുടെ ബുദ്ധിപൂർവമായ നീക്കമായിരുന്നു.

1986ലെ നൂറ്റാണ്ടിൻറെ ഗോളിൻറെ ഓർമയ്ക്ക് മെക്സിക്കോയിലെ ആസ്റ്റാക്ക് മൈതാനിയുടെ പ്രവേശനദ്വാരത്തിൽ മാറഡോണയുടെ ഒരു പ്രതിമ അധികൃതർ സ്ഥാപിച്ചിട്ടുണ്ട്. മറ്റൊരു ഫുട്ബോൾ കളിക്കാരനും ലഭിക്കാത്ത ആദരം, ഒരു ഗോളിൻറെ ഓർമയ്ക്ക് കളിക്കാരൻറെ പ്രതിമ.

വ്യക്തിജീവിതത്തിലെ അനിയന്ത്രിതത്വം ജീനിയസ്സുകളുടെ ഒരു പ്രത്യേകത എന്നു വ്യാഖ്യാനിക്കപ്പെടുന്നു. ഇപ്പോൾ തികച്ചും അനവസരത്തിൽ രംഗബോധമില്ലാത്ത കോമാളിയെപ്പോലെ മരണം കടന്നു വന്നതിൻറെ പിന്നിൽ ജീവിതത്തിലെ അവ്യവസ്ഥയും ഒരു കാരണമാണെന്നത് കാണാതിരുന്നു കൂട.

“ജനങ്ങളെ ദരിദ്രരാക്കിയിട്ട് സ്വയം തടിച്ചുകൊഴുക്കുന്ന രാഷ്ട്രീയത്തിന് ഞാൻ എതിരാണെ”ന്ന് തുറന്നു പറയാൻ മാറഡോണയ്ക്ക് യാതൊരു മടിയുമില്ല. മാറഡോണയുടെ ജീവിതവും കളിയും ജീവിതവീക്ഷണവും വശ്യമായവതരിപ്പിക്കുന്ന എമിർ കസ്റ്റൂറിക്ക സംവിധാനം ചെയ്ത ഹ്രസ്വചിത്രം ഫിദലുമായുള്ള സൌഹൃദവും വിവരിക്കുന്നു. ചെയുടെ ജീവിതം കണ്ടും കൃതികൾ വായിച്ചുമാണ് താൻ രാഷ്ട്രീയം പഠിച്ചതെന്നും മാറഡോണ പറയുന്നു. ഫിദലിൻറെയും ചെയുടെയും ചിത്രങ്ങൾ ശരീരത്തിൽ ടാറ്റൂ ചെയ്യാനും മാറഡോണ മുതിർന്നു.

കൽക്കത്തയിൽ സാൾട്ട്ലേക്കിലെ ജ്യോതി ബസുവിൻറെ വീട്ടിൽ വച്ച് ഈ ഫുട്ബോൾ ജീനിയസ്സിനെ നേരിട്ടു കാണാൻ എനിക്ക് അവസരമുണ്ടായി. ക്യൂബയിലെ പ്രശസ്ത കലാകാരനും അന്താരാഷ്ട്ര സൌഹൃദസ്ഥാപനത്തിൻറെ തലവനുമായ സെർഗി കൊറിയേറി സോവനീറായി നല്കിയ റിസ്റ്റ് വാച്ചിലെ ചെ ഗുവേരയുടെ ചെറുചിത്രം കാട്ടിക്കൊടുത്തപ്പോൾ ആവേശപൂർവം “ചെ ഗുവേറാ” എന്ന് മുദ്രാവാക്യം പോലെ ഉച്ചസ്ഥായിയിൽ പറഞ്ഞത് ഇന്നും മനസ്സിലുണ്ട്. അടിയുറച്ച സാമ്രാജ്യവിരുദ്ധവീക്ഷണം മാറഡോണയുടെ ജീവിതപ്രമാണമായിരുന്നു.

പത്തനംതിട്ടക്കാരനായ ഡോ. ജോർജ് ജോൺ മാറഡോണയുടെ അടുത്ത സുഹൃത്ത് ആയിരുന്നു. ബോബി ചെമ്മണ്ണൂരാണ് മാറഡോണയോട് അടുപ്പമുള്ള മറ്റൊരു മലയാളി. ഗൾഫിൽ ഒരു ഫുട്ബോൾ ടീമിൻറെ പരിശീലകനായി കഴിഞ്ഞ കാലത്താണ് സ്പോർട്സ് മെഡിസിനിൽ ഉന്നത നിലവാരം പുലർത്തുന്ന ഡോ. ജോർജിനെ മാറഡോണ പരിചയപ്പെടുന്നതും തൻറെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനു സഹായം അഭ്യർത്ഥിക്കുന്നതും. അത് ഗാഢമായ ഉറ്റ സൌഹൃദമായി മാറി. കുട്ടികളെപ്പോലെയുള്ള നിഷ്കളങ്കതയാണ് മാറഡോണയുടെ ഒരു പ്രത്യേകത.

സാഹിത്യത്തിൽ ഷേക്സ്പിയറും കാളിദാസനും പോലെ, സംഗീതത്തിൽ ത്യാഗരാജനും ബിഥോവനും പോലെ, ചിത്രകലയിൽ പിക്കാസോയും എം എഫ് ഹുസൈനും പോലെ, കായികകലയിൽ മുഹമ്മദ് അലിയും ജെസ്സി ഓവൻസും ധ്യാൻ ചന്ദും ഗരിഞ്ചയും മാറഡോണയും നിത്യശോഭയോടെ തിളങ്ങി നില്ക്കും.

ഫുട്ബോൾ മൈതാനത്ത് ഡിയേഗോ മാറഡോണ സൃഷ്ടിച്ച അവിസ്മരണീയ കലാരൂപങ്ങളുടെ എണ്ണമറ്റ സ്മരണകൾ ഓരോ വായനക്കാരുടെയും മനസ്സിലുണ്ടാവും….

Posted by M A Baby on Saturday, 28 November 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News