ഒറ്റ വകുപ്പ്, ഒറ്റ കേഡർ ഇതാണ് എൽഡിഎഫിന്റെ നയം. യുഡിഎഫ് ഇതിനെ എക്കാലത്തും തുരങ്കം വച്ചവരാണ്: ഡോ.ടി എം തോമസ് ഐസക്

ഡോ.ടി എം തോമസ് ഐസക് എഴുതുന്നു: തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ – എൽഡിഎഫും യുഡിഎഫും

ഉള്ളതു പറയണമല്ലോ യുഡിഎഫ് മാനിഫെസ്റ്റോയിൽ പ്രാദേശിക ഭരണം എങ്ങനെ നന്നാക്കമെന്നതിനെക്കുറിച്ച് അഥവാ സദ്ഭരണത്തെക്കുറിച്ച് സാമാന്യം വിശദമായി പ്രതിപാദിക്കുന്നുണ്ട്. അധികാരവികേന്ദ്രീകരണത്തിന്റെ ഒരു കേന്ദ്ര പ്രശ്നം എങ്ങനെ ജനപങ്കാളിത്തം വർദ്ധിപ്പിക്കാം എന്നുള്ളതാണ്. ജനപങ്കാളിത്തത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വേദി ഗ്രാമസഭയാണ്. ഗ്രാമസഭയെ ശക്തിപ്പെടുത്താൻ യുഡിഎഫിന്റെ ഒറ്റമൂലി അയൽസഭകളും ഗ്രാമസേവാകേന്ദ്രങ്ങളുമാണ്. അവരുടെ കാലത്ത് ആരംഭിച്ച ഇവ രണ്ടും എൽഡിഎഫ് വേണ്ടെന്നു വച്ചത്രേ.

ജനകീയാസൂത്രണം ആരംഭിച്ച നാൾ മുതൽ ഗ്രാമസഭയ്ക്കു കീഴിൽ പൊതു അയൽക്കൂട്ടങ്ങൾ രൂപീകരിക്കുന്നതിനു പരിശ്രമിച്ചിട്ടുണ്ട്. ഈ പരീക്ഷണം ആദ്യം നടത്തിയത് കല്യാശ്ശേരി പഞ്ചായത്തിലാണ്. പക്ഷെ, ഏതാനും വർഷം കഴിഞ്ഞപ്പോൾ ഒരു കാര്യം ബോധ്യപ്പെട്ടു. ഇത്തരത്തിലുള്ള പൊതു അയൽക്കൂട്ടങ്ങൾ സ്വയം പ്രവർത്തിക്കില്ല. ഗ്രാമസഭ വിളിച്ചു കൂട്ടുന്നതിനേക്കാൾ പ്രയാസമാണ് പൊതു അയൽക്കൂട്ടങ്ങൾ ചേരുമെന്ന് ഉറപ്പുവരുത്തുന്നത്. ഈ അയൽക്കൂട്ട സംവിധാനത്തെ പേരുമാറ്റി വിളിച്ചാണ് യുഡിഎഫ് അയൽസഭകൾ ഉണ്ടാക്കിയത്.

അയൽസഭകൾക്കു പകരം എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്നത് കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, സ്വയംസഹായ സംഘങ്ങൾ, റെസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങിയുള്ള സൂക്ഷ്മ ജനക്കൂട്ടായ്മകളെ ഗ്രാമസഭയുടെ ഉപഘടകങ്ങളായി അംഗീകരിക്കുക എന്നതാണ്. ഗ്രാമസഭ ചേരുന്നതിനു മുമ്പ് ഇത്തരം രജിസ്റ്റർ ചെയ്ത സംഘടകൾക്ക് യോഗം ചേരാനും അജണ്ട ചർച്ച ചെയ്യുന്നതിനും അവരുടെ പ്രതിനിധികൾക്ക് ഗ്രാമസഭയിൽ സംസാരിക്കുന്നതിനും അവകാശമുണ്ടായിരിക്കുകയും ചെയ്യും.

ഇതിനു പുറമേ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങളാണ് പിറ്റിഎ, ആശുപത്രി വികസന സമിതികൾ, ഗുണഭോക്തൃ സമിതികൾ, മോണിറ്ററിംഗ് സമിതികൾ പോലുള്ള വേദികൾ. പിന്നെ, ഓരോ തദ്ദേശഭരണ സ്ഥാപനത്തിനും അവരെ സഹായിക്കുന്നതിന് വിദഗ്ധൻമാരെ തെരഞ്ഞെടുക്കാനും എൽഡിഎഫ് വ്യവസ്ഥ ചെയ്യുന്നു.
ഈ സർക്കാരിന്റെ കീഴിൽ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ഐഎസ്ഒ സർട്ടിഫിക്കറ്റ് നേടി. ആപ്പീസുകൾ വെറും പെയിന്റടിച്ച് മേനി നടിക്കുകയാണ് എന്നാണ് യുഡിഎഫ് മാനിഫെസ്റ്റോ ഇതിനെക്കുറിച്ച് പറയുന്നത്. ഭരണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ എൽഡിഎഫിനു പരിപാടി ഇല്ല പോലും.

എൽഡിഎഫ് മാനിഫെസ്റ്റോയുടെ ആറാം ഭാഗം എങ്ങനെ തദ്ദേശഭരണം സദ്ഭരണം ആക്കുമെന്നതു സംബന്ധിച്ച വിശദീകരണമാണ്. ഒറ്റ വകുപ്പ്, ഒറ്റ കേഡർ ഇതാണ് എൽഡിഎഫിന്റെ നയം. യുഡിഎഫ് ഇതിനെ എക്കാലത്തും തുരങ്കം വച്ചവരാണ്. എൽഡിഎഫ് നൽകുന്ന ഉറപ്പ് ഇവയാണ് – സേവനങ്ങൾക്കെല്ലാം കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിക്കും. അവ നേടിയോയെന്ന് ഓഡിറ്റ് നടത്തും. റിപ്പോർട്ട് ഗ്രാമസഭയിൽ വയ്ക്കും. ഇവയൊക്കെ ഉറപ്പുവരുത്തുന്നതിന് പ്രത്യേക ഉത്തരവാദിത്വ നിയമം പാസ്സാക്കും. ഇ-ഗവേണൻസിന് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്ന സംയോജിത വിവരവ്യൂഹ പരിപാടി ഇന്ത്യയിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ പോട്ടേ, ഒരു വകുപ്പിലും നടപ്പാക്കിയിട്ടില്ലാത്ത പരിഷ്കാരമാണ്.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ പണം സർക്കാർ കവർന്നു എന്നൊക്കെ അടിസ്ഥാനപരമായ ആക്ഷേപങ്ങളാണ് യുഡിഎഫ് മാനിഫെസ്റ്റോയിലുള്ളത്. യുഡിഎഫ് ഭരണം അവസാനിച്ചപ്പോൾ 2015-16ൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നൽകിയ പ്രത്യക്ഷ ധനസഹായം 7679 കോടി രൂപയായിരുന്നു. ഇപ്പോഴത് 12074 കോടി രൂപയാണ്. ഇതിനു പുറമെ കേന്ദ്രാവിഷ്കൃത പദ്ധതികൾ, സംസ്ഥാനാവിഷ്കൃത പദ്ധതികൾ, മുഖ്യമന്ത്രിയുടെ റോഡ് നിർമ്മാണ പദ്ധതി, കുടുംബശ്രീ, ലൈഫ് മിഷൻ തുടങ്ങിയവയിലൂടെ ഏതാണ്ട് 10000 കോടി രൂപയെങ്കിലും ലഭിക്കുന്നുണ്ട്.

യുഡിഎഫ് ഭരണകാലത്ത് ചെലവഴിക്കാത്ത പണം അടുത്ത വർഷത്തേയ്ക്ക് സ്പിൽ ഓവറായി കൊണ്ടുപോകുന്നതിന് അനുമതി ഉണ്ടായിരുന്നില്ല. ഇപ്പോൾ 30 ശതമാനം പദ്ധതിത്തുക ഇപ്രകാരം സ്പിൽ ഓവറായി അനുവദിക്കുന്നുണ്ട്. കോവിഡുമൂലം പദ്ധതിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളൊന്നും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ബാധകമാക്കിയിട്ടില്ല. കോവിഡ് പ്രതിരോധത്തിന് ചെലവഴിക്കുന്ന പണം അധികമായി നൽകുമെന്നും സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്.

മിഷനുകളെല്ലാം അവസാനിപ്പിക്കുമെന്നാണ് യുഡിഎഫ് മാനിഫെസ്റ്റോയുടെ നിലപാട്. ഏത് മിഷനെടുത്താലും ഒരു കാര്യം വ്യക്തമാണ്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുകയല്ല, മുൻകാലത്തു ചിന്തിക്കാൻപോലും കഴിയാത്തത്ര വലിയ നിക്ഷേപം സ്കൂളിലും ആശുപത്രിയിലും പാർപ്പിടത്തിലുമെല്ലാം കൊണ്ടുവരികയാണ് ചെയ്തത്. മിഷനുകൾ ചെയ്യുന്നത് വിവിധതട്ട് പഞ്ചായത്തുകളുടെയും സംസ്ഥാന സർക്കാരിന്റെയുമെല്ലാം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയാണ്. അതിന്റെ നേട്ടങ്ങൾ ഇന്ന് കേരളം അനുഭവിക്കുന്നുണ്ട്. ഇത് ഇല്ലാതാക്കുമെന്നാണ് യുഡിഎഫ് മാനിഫെസ്റ്റോ പറയുന്നത്.

എൽഡിഎഫ് മാനിഫെസ്റ്റോയിലെ ഒരു സുപ്രധാന പ്രഖ്യാപനം തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധികാരത്തിൽ നിന്ന് യുഡിഎഫ് 2012ൽ കവർന്നെടുത്ത ചെറുകിട ജലസേചനാ അധികാരം പുനസ്ഥാപിക്കുമെന്നതാണ്. അതുപോലെ ദുരന്തനിവാരണ മാനേജ്മെന്റിൽ പുതിയ അധികാരം നൽകുമെന്നും വാഗ്ദാനം ചെയ്യുന്നു.

ജനകീയാസൂത്രണം ആവിഷ്കരിച്ചു നടപ്പാക്കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങൾക്കു നൽകുന്ന ഉറപ്പ് 25 വർഷത്തെ അനുഭവങ്ങൾ ഉൾക്കൊണ്ടുകൊണ്ട് കേരളത്തിലെ അധികാര വികേന്ദ്രീകരണത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here