വരാനിരിക്കുന്ന വിജയ് സിനിമ ‘മാസ്റ്റര്‍’ തിയേറ്റര്‍ റിലീസ് തന്നെയായിരിക്കുമെന്ന സ്ഥിരീകരണവുമായി സിനിമയുടെ നിര്‍മാതാക്കള്‍. സിനിമ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാനാണ് കാത്തിരിക്കുന്നതെന്ന് എക്സ്ബി ഫിലിം ക്രിയേറ്റേഴ്സ് അറിയിച്ചു. ഒ.ടി.ടി റിലീസ് ആയിരിക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു.
നേരത്തെ ചിത്രത്തിന്റെ നിര്‍മ്മാതാക്കളും സംവിധായകന്‍ ലോകേഷ് കനകരാജും ചിത്രം തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന മാസ്റ്റര്‍ കൊവിഡ് ഭീഷണി മൂലം മാറ്റി വെയ്ക്കുകയായിരുന്നു. ഒ.ടി.ടി റിലീസിനായി തങ്ങളെ ചില പ്ലാറ്റ്ഫോമുകള്‍ ബന്ധപ്പെട്ടിരുന്നെന്നും നിര്‍മാതാക്കള്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി തീര്‍ന്ന കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍. ചിത്രത്തില്‍ രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
വിജയും വിജയ് സേതുപതിയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. വിജയ്യുടെ 64ാമത് ചിത്രമാണിത്. ‘ദളപതി 64’ എന്ന പേരിലാണ് ചിത്രം ആഘോഷിക്കപ്പെടുന്നത്. ചിത്രത്തില്‍ കോളേജ് പ്രൊഫസറുടെ വേഷമാണ് വിജയ് ചെയ്യുന്നത്. ദല്‍ഹി, കര്‍ണ്ണാടക, ചെന്നൈ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണമുണ്ടായത്.

Get real time update about this post categories directly on your device, subscribe now.