ഭീകരനാണവന്‍ കൊടും ഭീകരന്‍! ഗുരുതരമായ കോവിഡാനന്തര പ്രശ്‌നങ്ങളെ പറ്റി അനുഭവ കുറിപ്പ്

കോവിഡിനെ നിസ്സാരമായി കാണുന്നവര്‍ അറിയുക ഭീകരനാണവന്‍. കൊവിഡ് അനുഭവം എഴുതി അല്‍ അമീന്‍ തോട്ടുമുക്ക്. കോവിഡാനന്തര പ്രശ്‌നങ്ങള്‍ ഗുരുതരമാണെന്നോര്‍മിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍റെ ഈ കുറിപ്പ് വായിക്കാതെ പോകരുത്.

മാധ്യമപ്രവര്‍ത്തകന്‍ അല്‍ അമീന്‍ തോട്ടുമുക്ക് എഴുതിയ കുറിപ്പ്:

‘ഭീകരനാണവന്‍, കൊടും ഭീകരന്‍’
കൊവിഡ് വന്നു പോയിട്ട് രണ്ടുമാസം പിന്നിട്ടിരിക്കുന്നു. പക്ഷെ, പഹയന്‍ ശേഷിപ്പിച്ചു പോയ അലുക്കുലുത്തുകള്‍ ഇപ്പോഴും പലവിധത്തില്‍ അലട്ടുന്നുണ്ട്. ‘പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം’ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ അത്രമേല്‍ ഗുരുതരമാണ്. കൊവിഡ് വന്നിട്ട് പത്തോ പതിനഞ്ചോ ദിവസം കഴിയുമ്പോള്‍ പൊയിക്കോളും എന്ന് പറയുന്നവര്‍ ഒന്ന് മനസിലാക്കണം; കൊവിഡ് പൊയിക്കോളും, പക്ഷേ പഹയന്‍ ഒളിപ്പിച്ചിട്ടു പോകുന്ന ‘തിരുശേഷിപ്പുകള്‍’ നമ്മളെയും ‘കൊണ്ടേ പോകൂ’
അതുകൊണ്ടു വെറും സൂക്ഷ്മത മാത്രം പോരാ; അതീവ സൂക്ഷ്മതയും ജാഗ്രതയും തുടര്‍ന്നേ മതിയാകൂ. അല്ലെങ്കില്‍ കാര്യമായി പ്രയാസപ്പെടേണ്ടി വരും.

ജീവിതത്തില്‍ അറിവുവെച്ചതിന് ശേഷം ഒരുതവണ മാത്രമാണ് ആശുപത്രിയില്‍ കിടന്നിട്ടുളളത്. ആറാം ക്ലാസ് വെക്കേഷന്‍ സമയത്ത് ഒരു മരം മുറിക്കാന്‍ പോയി; ഒടിഞ്ഞു വീഴുന്ന മരത്തെ തല കൊണ്ട് ബ്ലോക്ക് ചെയ്ത്, ഉച്ചിയില്‍ എട്ടു സ്റ്റിച്ചുമായി ഒരാഴ്ച ആശുപത്രിവാസം അനുഭവിച്ചതു മാത്രമാണ് ഓര്‍മയിലെ ഒരേയൊരു അനുഭവം. ഗ്യാസ് ട്രബിള്‍ ഉണ്ടെന്നത് ഒഴിച്ചാല്‍ നാളിതുവരെ പറയത്തക്ക യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളും നാഥന്‍ തുണച്ച് ഉണ്ടായിട്ടുമില്ല. എന്നാല്‍ കൊവിഡിന് ശേഷമുളള സാഹചര്യം തികച്ചും വ്യത്യസ്തമാണ്.
കൊവിഡ് രൂക്ഷമായപ്പോള്‍ എല്ലാവരെയും പോലെ ഞാനും കരുതി, ഒളിച്ചിരിക്കാനാവില്ലല്ലോ, കൊവിഡ് വന്നു പോകലേ ഇനി നിര്‍വാഹമുളളൂവെന്ന്. നാലുദിവസം നീണ്ടുനിന്ന അസഹനീയ ചുമയും തലവേദനയും തൊണ്ടവേദനയും നെഞ്ചുവേദനയും; ഒരാഴ്ചയിലേറെ നീണ്ടുനിന്ന അണ്‍സഹിക്കബിള്‍ ശരീരവേദന – ഇതൊക്കെയായിരുന്നു കൊവിഡ് കാലത്തെ ബുദ്ധിമുട്ടുകള്‍. അതായത് പത്തു ദിവസത്തിലധികം നീണ്ടുനിന്ന കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്ന് ചുരുക്കം.

രോഗം ഭേദമായി രണ്ടാമത്തെ ആഴ്ചമുതല്‍ ഒളിച്ചുകടന്ന ക്വട്ടേഷന്‍ ടീം പണി തുടങ്ങി. നേരിയ തലവേദനയുടെ രൂപത്തില്‍ തുടങ്ങിയ ഭീഷണികള്‍ പിന്നീട് തലവെട്ടി പൊളിക്കുന്ന വിധത്തിലേക്ക് മാറി; പിന്നീടത് പലപ്പോഴും കണ്ണുപോലും തുറക്കാനാകാത്ത സ്ഥിതിയിലേക്ക്; ചെവി വേദനയും മുഖത്തെ ഭാരവും എല്ലാം കൂടി അവസാനം കഴുത്തിന് മുകളിലേക്ക് ഇല്ലെങ്കില്‍ ആശ്വാസം എന്ന നിലയിലേക്ക് മാറി. വൈകാതെ ശ്വാസം മുട്ടലും കിതപ്പും കൂട്ടിനെത്തി. പലപ്പോഴും ലൈവ് റിപ്പോര്‍ട്ടിങിനിടെ പോലും ശ്വാസം കിട്ടാത്ത അവസ്ഥയും കിതപ്പും ഊര്‍ജ്ജം ചോര്‍ത്തിക്കളയുകയും ചെയ്തു. സഹിക്കാനാകുന്നതിന്റെ എല്ലാ സീമകളും കടന്നതോടെ ആശുപത്രിയിലേക്ക് ഓടി. ജീവിതത്തില്‍ അന്നേ വരെ ചെയ്യേണ്ടി വന്നിട്ടില്ലാത്ത എക്‌സ്‌റേ, ഇസിജി, സ്‌കാനിങ് തുടങ്ങിയ കലാപരിപാടികളും രക്തപരിശോധനയുടെ പലവകഭേദങ്ങള്‍ക്കും ഒന്നിച്ചിരയായി.

സൈനസൈറ്റിസ് എന്ന പൊന്നുമോനെ സമ്മാനിച്ചിട്ടാണ് ചൈനാപീസ് മടങ്ങിയതെന്ന് പരിശോധനയില്‍ വ്യക്തമായി. ചികിത്സക്കൊടുവില്‍ വലിയ ബുദ്ധിമുട്ടുകള്‍ കുറഞ്ഞ് പതിയെ പതിയെ ആശ്വാസതീരം തൊടുകയായിരുന്നു. അപ്പോഴാണ് ഔദ്യോഗികാവശ്യാര്‍ത്ഥം ഡല്‍ഹിയിലേക്ക് വണ്ടികയറിയിത്. തണുപ്പും അന്തരീക്ഷ മലിനീകരണവും നിറഞ്ഞു നിന്ന വേളയില്‍ നേരത്തെയും ഡല്‍ഹിയില്‍ പോവുകയും മാസങ്ങളോളം അവിടെ പണിയെടുക്കുകയും ചെയ്തിട്ടുണ്ട്. കാലാവസ്ഥ മാറിയെന്നതിന്റെ പേരില്‍ ഒരു ജലദോഷം പോലും അന്ന് അനുഭവിക്കേണ്ടി വന്നിട്ടില്ല. പക്ഷേ, കൊറോണ വൈറസ് ചവച്ചുതുപ്പിയ ശരീരവുമായി ഡല്‍ഹിയിലെത്തിയിട്ട് ഒരാഴ്ച പോലും പിടിച്ചു നില്‍ക്കാനായില്ലെന്നതാണ് വസ്തുത. ശ്വാസംമുട്ടലും ശരീരവേദനയും സൈനസൈറ്റിസും ക്ഷീണവും തളര്‍ച്ചയുമെല്ലാം കൂടി ഒന്നിച്ച് അറ്റാക്ക് ചെയ്തു; മൂന്നുദിവസം കൊണ്ട് അടിച്ചു നിലംപരിശാക്കിക്കളഞ്ഞു.
കണ്ടം വഴിയോടി നാട്ടിലെത്തിയിട്ട് രണ്ടാഴ്ചയാകുന്നു; വന്നിറങ്ങിയ അന്നുമുതല്‍ ആശുപത്രി കയറിയിറങ്ങി, പലവിധ പരിശോധനകള്‍ക്ക് വിധേയനായി, കൊട്ടക്കണക്കിന് മരുന്നുകള്‍ കഴിച്ചു, വീണ്ടും കൊറോണ ടെസ്റ്റിനും വിധേയനായി. അവശതകള്‍ക്ക് ആശ്വാസമുണ്ടെങ്കിലും, ശ്വാസം മുട്ടലും കിതപ്പും ഉള്‍പ്പെടെയുളള അസ്വസ്ഥതകള്‍ ഇപ്പോഴും പൂര്‍ണമായി വിട്ടൊഴിഞ്ഞിട്ടില്ല. ആസ്മയുടെയും ന്യൂമോണിയയുടെയും പ്രാരംഭഘട്ടമായിരുന്നു എന്നതാണ് പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത്.

പലര്‍ക്കും വൈറസ് ബാധയുടെ ഭാഗമായ പ്രശ്‌നങ്ങള്‍ മാത്രമായി ഈ ബുദ്ധിമുട്ടുകള്‍ അവസാനിക്കും. മാസങ്ങളോളം ബുദ്ധിമുട്ടുകള്‍ നീണ്ടു നില്‍ക്കുകയും ചെയ്യും. പക്ഷേ, എല്ലാവര്‍ക്കും അങ്ങനെ ആകണമെന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കൊവിഡ് ബാധിച്ചവര്‍ക്ക് ഭാവിയില്‍ ശ്വാസകോശ-ഹൃദയ സംബന്ധമായ പലവിധ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തലച്ചോറിനെയും വൃക്കകളെയും ഉള്‍പ്പെടെ ബാധിക്കുമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അവയൊക്കെ പലപ്പോഴും ഗുരുതരാവസ്ഥയിലെത്തുമ്പോള്‍ മാത്രമാകും തിരിച്ചറിയുക എന്നതാണ് ഏറ്റവും വലിയ ഭീഷണിയും വെല്ലുവിളിയും.

സ്വന്തം അനുഭവം മാലോകരെ അറിയിക്കാന്‍ വേണ്ടിയല്ല ഈ കുറിപ്പ്. ഒരു ജലദോഷപ്പനി പോലെ കൊവിഡ് വന്നങ്ങ് പൊയിക്കോളും എന്ന് നിസാരവത്കരിച്ചു നടക്കുന്നവരോടുളള അഭ്യര്‍ത്ഥനയാണിത്. സൂക്ഷിച്ചാല്‍ മാത്രം പോര, അതീവ സൂക്ഷ്മതയും ജാഗ്രതയും തുടര്‍ന്നില്ലെങ്കില്‍ ഭാവിയില്‍ വലിയ പ്രയാസത്തിലേക്കാകും കൊവിഡ് മൂലം ചെന്നെത്തുക. കൊവിഡ് ഭേദമായവരും ഇത്തരം ബുദ്ധിമുട്ടുകള്‍ നിസാരമായി കാണരുത്. പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളിലെത്തി വേണ്ട പരിശോധനകള്‍ക്ക് വിധേയരാകണം. ശ്വാസകോശ-ഹൃദയ സംബന്ധമായി ഗുരുതര പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കണം. അഥവാ പ്രശ്‌നങ്ങളുണ്ടെങ്കില്‍ത്തന്നെ പ്രാരംഭഘട്ടത്തില്‍ തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിച്ചാല്‍ വലിയ പ്രയാസങ്ങളൊഴിവാക്കുകയും ചെയ്യാം. പേരിന് വേണ്ടിയുളള സൂക്ഷ്മത മാത്രമാണെങ്കിലും ദുഃഖിക്കേണ്ടിവരും. അതീവ സൂക്ഷ്മതയും ജാഗ്രതയും മാത്രമാണ് പ്രതിരോധമാര്‍ഗ്ഗം.

“ഭീകരനാണവൻ, കൊടും ഭീകരൻ”

കൊവിഡ് വന്നു പോയിട്ട് രണ്ടുമാസം പിന്നിട്ടിരിക്കുന്നു. പക്ഷെ, പഹയന്‍ ശേഷിപ്പിച്ചു പോയ…

Posted by Al Ameen Thottumukku on Sunday, 22 November 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News