കീ‍ഴടങ്ങില്ല കര്‍ഷക പോരാളികള്‍; രാജ്യതലസ്ഥാനം സമര സാഗരം; അതിര്‍ത്തികളില്‍ തമ്പടിക്കുന്നത് പതിനായിരങ്ങള്‍

പ്രക്ഷോഭത്തെ നേരിടാനുള്ള കേന്ദ്ര സർക്കാരിന്റെ കുതന്ത്രങ്ങൾക്കു മുന്നിൽ കീഴടങ്ങാനില്ലെന്നുറച്ച്‌ കർഷകപ്പോരാളികൾ. ആവശ്യങ്ങൾ നേടിയെടുക്കുംവരെ പിന്നോട്ടില്ലെന്ന്‌‌ പ്രഖ്യാപിച്ച്‌ അവർ ഡൽഹിയിലും അതിർത്തികളിലും തമ്പടിച്ചു. പതിനായിരക്കണക്കിനു പേരാണ്‌ ഡൽഹിയിൽനിന്ന്‌ 80 കിലോമീറ്റർവരെ അകലെയുള്ള റോഡുകളിൽ കുത്തിയിരിക്കുന്നത്‌‌. ഉത്തർപ്രദേശിൽ പലയിടങ്ങളിലും പൊലീസ്‌ കർഷകരെ ക്രൂരമായി മർദിച്ചു. ഉത്തരാഖണ്ഡിൽനിന്ന്‌ വന്ന കർഷകരെ യുപിയിൽ തടഞ്ഞുവച്ചു. റോഡുകൾ അടച്ചിടാൻ ശ്രമിച്ച്‌ പരാജയപ്പെട്ട ഹരിയാന സർക്കാർ, റോഡുകളിൽ കിടങ്ങ്‌ കുഴിച്ച്‌ പ്രതിരോധത്തിന്‌ ശ്രമിച്ചു.

ഡൽഹി അതിർത്തിയായ സിൻഗുവിൽ തമ്പടിച്ച കർഷകരെ അഖിലേന്ത്യാ കിസാൻസഭ പ്രസിഡന്റ്‌ ഡോ. അശോക്‌ ധാവ്‌ളെ, ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള, ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദ് എന്നിവർ അഭിവാദ്യം ചെയ്‌തു. ബുരാഡി നിരങ്കാരി മൈതാനത്ത്‌ തമ്പടിച്ച കർഷകരെ ഡോ. സുനിലം, ബാദൽ സരോജ്‌, മേജർ സിങ്‌, വിക്രം സിങ്‌, മനോജ്‌കുമാർ എന്നിവർ സന്ദർശിച്ച്‌ സാഹചര്യം വിലയിരുത്തി.

പ്രക്ഷോഭം രാഷ്ട്രീയപ്രേരിതമാണെന്ന സർക്കാർ പ്രചാരണം സംയുക്ത സമരസമിതി തള്ളി. രാഷ്ട്രീയത്തിന്‌ അതീതമായാണ്‌ മാസങ്ങളായി നടന്നുവരുന്ന സമരം‌. അഖിലേന്ത്യാ കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി, ആർകെഎംഎസ്‌, ബികെയു (രജെവാൾ), ബികെയു (ചഡൂനി) എന്നിവയും ഇതര കർഷകപ്രസ്ഥാനങ്ങളും അടങ്ങുന്നതാണ്‌ സമരസമിതി. പഞ്ചാബ്‌ കേന്ദ്രീകൃത സമരമാണെന്ന വ്യാഖ്യാനവും ശരിയല്ല. ഹരിയാന, ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്‌, മധ്യപ്രദേശ്‌ എന്നിവിടങ്ങളിൽനിന്നുള്ള കർഷകർ ഡൽഹിയിൽ പ്രവേശിക്കുന്നത്‌ തടയാൻ പൊലീസ്‌ ശ്രമിക്കുന്നതിൽനിന്നുതന്നെ ഈ വാദം പൊളിയുന്നു. ഒഡിഷ, തമിഴ്‌നാട്‌, കർണാടകം, തെലങ്കാന, ആന്ധ്രപ്രദേശ്‌, മഹാരാഷ്ട്ര, ജാർഖണ്ഡ്‌, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലും ശക്തമായ പ്രക്ഷോഭം നടക്കുന്നുണ്ട്‌.

മൂന്ന്‌ കാർഷികനിയമവും വൈദ്യുതിബില്ലും പിൻവലിക്കുന്നതുവരെ പ്രക്ഷോഭം തുടരും. നിയമപരിഷ്‌കാരങ്ങൾ കർഷകക്ഷേമത്തിനുവേണ്ടിയാണെന്ന്‌ ആവർത്തിക്കുന്ന സർക്കാർ ചർച്ച നടത്താമെന്ന്‌ പറയുന്നതിൽ ആത്മാർഥതയില്ലെന്ന്‌ സമരസമിതി ചൂണ്ടിക്കാട്ടി. ഡിസംബർ മൂന്നിന്റെ ചർച്ചയ്‌ക്ക്‌ വിളിച്ചിരിക്കുന്നത്‌ പഞ്ചാബിലെ കർഷകസംഘടനകളെമാത്രമാണ്‌.

സർക്കാർ അനുമതി നൽകിയ സ്ഥലത്തേക്ക്‌ സമരം മാറ്റിയാൽ പിറ്റേദിവസം ചർച്ച നടത്താമെന്നും ആശങ്കകൾ പരിഹരിക്കാമെന്നും ആഭ്യന്തര മന്ത്രി അമിത്‌ ഷാ പറഞ്ഞു. ഡിസംബർ മൂന്നിന്‌ മുമ്പ്‌ ചർച്ച നടത്തണമെന്ന ആവശ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു അമിത്‌ ഷാ.

അടിച്ചമർത്തലിൽനിന്ന്‌ പിന്തിരിയണം

കർഷക പ്രക്ഷോഭം അടിച്ചമർത്താനുള്ള നീക്കത്തിൽനിന്ന്‌ പിന്തിരിയണമെന്ന്‌ കേന്ദ്രസർക്കാരിനോട്‌ എട്ട്‌ രാഷ്ട്രീയപാർടികൾ സംയുക്തപ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. കർഷകരെ ദ്രോഹിക്കുന്ന പുതിയ കാർഷികനിയമങ്ങൾ പിൻവലിക്കണം. കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്രം ജനാധിപത്യപരമായ പ്രക്രിയയും മാനദണ്ഡങ്ങളും സ്വീകരിക്കണം. സിപിഐ എം, സിപിഐ, എൻസിപി, ഡിഎംകെ, ആർജെഡി, സിപിഐ എംഎൽ ലിബറേഷൻ, ഫോർവേഡ്‌ ബ്ലോക്ക്‌, ആർഎസ്‌പി എന്നീ പാർടികളാണ്‌ സംയുക്ത പ്രസ്‌താവന പുറത്തിറക്കിയത്‌.

മുന്നേറ്റത്തിന്‌ വ്യാപക പിന്തുണ

പൊരുതുന്ന കർഷകർക്ക്‌ പിന്തുണയും ഐക്യദാർഢ്യവുമായി‌ സമസ്‌ത വിഭാഗം ജനങ്ങളും രംഗത്ത്‌. സമരത്തെ ആക്ഷേപിക്കാനുള്ള ബിജെപി നേതാക്കളുടെ ശ്രമം പാളി. കർഷകർക്ക്‌ ഭക്ഷണവും വെള്ളവും നൽകാനും ഇതര ആവശ്യങ്ങൾക്കുള്ള സൗകര്യം ഒരുക്കാനും ജനങ്ങൾ സ്വമേധയാ മുന്നോട്ടുവരുന്നുണ്ട്‌. ഭക്ഷണം സ്വയം പാചകം ചെയ്യാനുള്ള തയ്യാറെടുപ്പോടെയാണ്‌ ഭൂരിപക്ഷം പ്രക്ഷോഭകരും എത്തിയിട്ടുള്ളത്‌. എന്നിരുന്നാലും പലയിടങ്ങളിലും പ്രദേശവാസികളും ഭക്ഷണശാലകളും കർഷകർക്ക്‌ അന്നദാനം നടത്തി.

ട്രേഡ്‌ യൂണിയൻ പ്രവർത്തകരും വിദ്യാർഥികളും സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ പ്രകടനങ്ങൾ നടത്തി. സാമൂഹ്യമാധ്യമങ്ങളിലും ഐക്യദാർഢ്യം തുടരുന്നു. സമരം അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാരിന്റെ ഭീരുത്വപൂർണമായ നിലപാടിനെ പരിഹസിച്ചുള്ള കാർട്ടൂണുകൾ വ്യാപകമായി പ്രത്യക്ഷപ്പെടുന്നുണ്ട്‌. എട്ട്‌ പ്രതിപക്ഷ രാഷ്ട്രീയപാർടികൾ സംയുക്തപ്രസ്‌താവനയിൽ സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചു. മുംബൈ ലോങ്‌മാർച്ചിനുശേഷം രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്ന കർഷകമുന്നേറ്റമായി ഇതുമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News