അന്നം തരുന്നവർക്ക് നമ്മൾ സമയം നൽകണം. അത് ന്യായമല്ലേ?, പൊലീസ് നടപടികളില്ലാതെ അവരെ കേൾക്കാനാകില്ലേ?: കേന്ദ്രസര്‍ക്കാറിനോട് ഹര്‍ഭജന്‍ സിങ്

ദിവസങ്ങള്‍ ക‍ഴിയും തോറും രാജ്യത്തെ കര്‍ഷക സമരത്തിന് പിന്‍തുണ കൂടുകയാണ്. ബോളീവുഡ് താരം തപ്സി പന്നുവിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ബജന്‍ സിങും കര്‍ഷകരെ പിന്‍തുണച്ച് രംഗത്തെത്തി. സമരത്തെ പ്രതിരോധിക്കുന്ന പൊലീസുകാരന് ദാഹജലം നല്‍കുന്ന ചിത്രവും ഹര്‍ഭജന്‍ സിങ് പങ്കുവച്ചിട്ടുണ്ട്.

‘കൃഷിക്കാരാണ് നമ്മുടെ ദാതാവ്​. അന്നം തരുന്നവർക്ക് നമ്മൾ സമയം നൽകണം. അത് ന്യായമല്ലേ?. പൊലീസ് നടപടികളില്ലാതെ അവരെ കേൾക്കാനാകില്ലേ? കർഷകരെ ദയവായി കേൾക്കൂ’ എന്നാണ് ട്വിറ്റര്‍ വ‍ഴി കേന്ദ്രസര്‍ക്കാറിനോടുള്ള ഹര്‍ഭജന്‍ സിങിന്‍റെ ആവശ്യം. കർഷകർക്ക് രാജ്യമെങ്ങും പിന്തുണ കിട്ടുമ്പോൾ ഹൃദയം കവരുന്ന സംഭവങ്ങളും ഇതിനിടയിൽ ഉണ്ടാകുന്നുണ്ട്.

തല്ലാൻ നിൽക്കുന്ന പൊലീസുകാരന് വെള്ളം കൊടുക്കുന്ന കർഷകന്റെ ചിത്രം ഇന്നലെ വൈറലായിരുന്നു. ഇതിന് പിന്നാലെ കർഷകരെ തടയാൻ നിൽക്കുന്ന പൊലീസുകാർക്ക് സൗജന്യമായി ഭക്ഷണം ഉണ്ടാക്കി വിളമ്പി നൽകുകയാണ് ഹരിയാനയിലെ കർ‌ണാലിലുള്ള സിഖ് ഗുരുദ്വാര. സമൂഹഅടുക്കളയിൽ നിന്നുള്ള ഭക്ഷണമാണ് തടയാൻ നിൽക്കുന്ന പൊലീസുകാർക്ക് വിളമ്പിയത്.

യൂണിഫോമിലുള്ള പൊലീസുകാർ ലാത്തിയും ഷീൽഡും സമീപത്ത് വച്ച് രണ്ടു വരിയായി റോഡിൽ ഇരുന്ന് വിളമ്പുന്ന ഭക്ഷണം കഴിക്കുകയാണ്. ജലപീരങ്കിയും ലാത്തിച്ചാർജും കണ്ണീർവാതകവും കൊണ്ട് പൊലീസ് കർഷകനീക്കത്തെ ചെറുക്കുമ്പോൾ തന്നെയാണ് അവർക്കും ഗുരുദ്വാര അന്നമൂട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here