അമിത് ഷായുടെ നിര്‍ദേശം തള്ളി കര്‍ഷകര്‍:കൂടുതല്‍ ആവേശത്തോടെ കാര്‍ഷിക നിയമത്തിനെതിരായ മുദ്രാവാക്യം വിളിച്ച് കര്‍ഷകര്‍

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശം തള്ളി കാര്‍ഷിക നിയമത്തിനെതിരെ നാല് ദിവസമായി പ്രതിഷേധം തുടരുന്ന കര്‍ഷകര്‍

ശനിയാഴ്ച മൂന്നാം ദിവസത്തിലേക്ക് കടന്ന കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തിയിരുന്നു.വലിയ മൈതാനത്തിലേക്ക് കര്‍ഷകരെ മാറ്റാന്‍ ദല്‍ഹി പൊലീസ് തയ്യാറാണെന്നും അവിടേക്ക് മാറാന്‍ എല്ലാവരും തയ്യാറാകണമെന്നുമാണ് കര്‍ഷകരോട് അമിത് ഷാ ആവശ്യപ്പെട്ടത്.

കര്‍ഷകര്‍ ഇപ്പോള്‍ നടത്തുന്ന സമരം സിംഗുവില്‍ നിന്നും ബുറാഡിയിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യപ്പെട്ടത്.അങ്ങനെയെങ്കില്‍ എത് സമയത്തും ചര്‍ച്ചയ്ക്ക് തയ്യാറാവാമെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഈ നിര്‍ദേശമാണ് കര്‍ഷകര്‍ ഇപ്പോള്‍ തള്ളിയിരിക്കുന്നത്.ഇപ്പോള്‍ സമരം നടക്കുന്ന ദില്ലി ഹരിയാന അതിര്‍ത്തിയിലെ സിംഗുവില്‍ തന്നെ സമരം തുടരുമെന്ന് കര്‍ഷകര്‍ പറഞ്ഞു. ഇനി ഉപാധികളോടെ സര്‍ക്കാരുമായി ചര്‍ച്ചയില്ലെന്നും ഉപാധികള്‍ പിന്‍വലിച്ചാല്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകാം എന്നുമാണ് കര്‍ഷകര്‍ നിലപാടെടുത്തിരിക്കുന്നത്.

കര്‍ഷകരുടെ സമരം നാല് ദിവസം പിന്നിടുമ്പോള്‍ പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ക്ക് പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലെ കര്‍ഷകരും പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അണിനിരന്നിട്ടുണ്ട്. നിയമം പിന്‍വലിക്കാതെ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലുറച്ച് കര്‍ഷകര്‍ സമരം തുടരുകയാണ്.ദിനംപ്രതി സമരവേദിയിലെ ആളുകളുടെ എണ്ണം കൂടിവരികയാണ്.

രാജ്യത്താകെ കര്‍ഷക നിയമത്തിനെതിരായ പ്രക്ഷോഭം കരുത്താര്‍ജിക്കുമ്പോ‍ഴും കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന സന്ദേശവുമായി പ്രധാനമന്ത്രി. കേന്ദ്ര സര്‍ക്കാര്‍ കർഷകർക്കുള്ള വിലങ്ങുകൾ നീക്കിയെന്നും നിയമം കർഷകന്റെ രക്ഷയ്ക്കെത്തിയെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പറഞ്ഞു.കര്‍ഷക നിയമങ്ങള്‍ യുവാക്കൾ കര്‍ഷകരിലേക്ക് എത്തിക്കണമെന്നും അതുവ‍ഴി രാജ്യത്ത് ഉണ്ടാവുന്ന നേട്ടങ്ങളില്‍ നിങ്ങളും പങ്കാളികളാവുമെന്നും പ്രധാനമന്ത്രി.മോദിയുടെ പ്രതികരണത്തിന് പിന്നാലെ കര്‍ഷകര്‍ കൂടുതല്‍ ആവേശത്തോടെ കാര്‍ഷിക നിയമത്തിനെതിരായ മുദ്രാവാക്യം വിളിച്ച് സമരപരിപാടികള്‍ ശക്തമാക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here