പാലക്കാട് ബിജെപിയെ പ്രതിസന്ധിയിലാക്കി ബിജെപി നേതാവിന്റെ കുടുംബപോര്

പാലക്കാട് ബിജെപിയെ പ്രതിസന്ധിയിലാക്കി ബിജെപി നേതാവിന്റെ കുടുംബപോര്. ബിജെപി സംസ്ഥാന സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനായിരുന്ന സി കൃഷ്ണകുമാര്‍ തന്റെ ഭാര്യക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഭാര്യ മാതാവിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. ഭാര്യാ മാതാവ് തന്നെയും ഭാര്യയെയും അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നാണ് കൃഷ്ണകുമാറിന്റെ ആരോപണം.

പാലക്കാട് നഗരസഭയില്‍ വീണ്ടും അധികാരത്തിലെത്താന്‍ ബിജെപി ശ്രമം നടത്തുന്നതിനിടെയാണ് മുതിര്‍ന്ന നേതാവായ സി കൃഷ്ണകുമാറിനെതിരെ ആരോപണവുമായി ഭാര്യാമാതാവ് തന്നെ രംഗതെത്തിയത്. പ്രചരണം മുന്നില്‍ നിന്ന് നയിക്കുന്ന കൃഷ്ണകുമാറിനെതിരെ ഇത്തരമൊരു ആരോപണം ഉയര്‍ന്നത് ബിജെപിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ആരോപണമുന്നയിച്ച് തന്നെയും ഭാര്യയെയും അപമാനിച്ച വിജയകുമാരി ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുമാണ് വക്കീല്‍ നോട്ടീസ്. നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിക്കാന്‍ കൃഷ്ണകുമാര്‍ ശ്രമം നടത്തിയെന്നായിരുന്നു ഭാര്യാ മാതാവായ സികെ വിജയകുമാരിയുടെ ആരോപണം.

കൃഷ്ണകുമാര്‍ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നും പരാതിപ്പെട്ട് ഭാര്യയുടെ സഹോദരി സിനി സേതുമാധവനും അമ്മ സി കെ വിജയകുമാരിയും വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതുവരെ മൂടിവെച്ച കാര്യങ്ങള്‍ പുറത്തുപറയാന്‍ നിര്‍ബന്ധിതമായത് ബിജെപിയും തങ്ങളെ കൈവിട്ടതുകൊണ്ടാണ്. സ്വന്തം വീട്ടില്‍ തന്നെ അഴിമതിക്ക് തുടക്കമിട്ടയാളാണ് കൃഷ്ണകുമാര്‍, ആ മുഖം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാണിക്കാനാണ് നഗരസഭയിലെ 18-ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായതെന്നും സികെ വിജയകുമാരി മാധ്യമങ്ങളോട് പ്രതികരിച്ചു.

മകള്‍ മിനികൃഷ്ണകുമാര്‍ മത്സരിക്കുന്ന വാര്‍ഡില്‍ പ്രചാരണത്തിനിറങ്ങി കൃഷ്ണകുമാറിന്റെ അഴിമതിയും അക്രമവും തുറന്നുകാട്ടും. ബിജെപിയിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു. സ്വന്തം കുടുംബത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇവര്‍ക്ക് എങ്ങനെയാണ് നാടിനെ സംരക്ഷിക്കാന്‍ കഴിയുകയെന്നും വിജയകുമാരി ചോദിച്ചു.

അമ്മയുടെ പേരില്‍ ബാങ്കിലുണ്ടായിരുന്ന 15 ലക്ഷം രൂപ കൃഷ്ണകുമാര്‍ തട്ടിയെടുത്തെന്ന് സിനി സേതുമാധവന്‍ പറഞ്ഞു. അത് ചോദ്യം ചെയ്തപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തി. തന്റെ അച്ഛനും കൃഷ്ണകുമാറിന്റെ ഭാര്യാപിതാവുമായ സേതുമാധവന്‍ അസുഖബാധിതനായി കിടന്നപ്പോള്‍ തെറ്റിദ്ധരിപ്പിച്ച് ഒപ്പ് വാങ്ങി ഞങ്ങളെ വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിച്ചു. ഏഴ് വര്‍ഷമായി നിരന്തരം പീഡനം തുടരുകയാണ്. നാട്ടുകാര്‍ക്ക് മുന്നില്‍ വെച്ച് കൃഷ്ണകുമാര്‍ തന്നെ കൂരമായി മര്‍ദ്ദിച്ചു.

വിഷയം അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റിനോട് പറഞ്ഞപ്പോള്‍ കുടുംബപ്രശ്‌നങ്ങള്‍ പാര്‍ട്ടിയിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്തിനാണെന്ന് തിരിച്ചുചോദിച്ചു. കൃഷ്ണകുമാര്‍ ദ്രോഹിക്കുകയാണെന്ന് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസിനോടും ആര്‍എസ്എസ് നേതാവ് സുഭാഷ് ജിയോടും പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും സിനി പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News