ഇന്ത്യക്ക് വീണ്ടും തോല്‍വി; പരമ്പര സ്വന്തമാക്കി ഓസീസ്

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി. ഓസീസിന്റെ 390 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് അമ്പതോവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുക്കാനേ സാധിച്ചുള്ളു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഓസീസ് സ്വന്തമാക്കി.

ഇന്ത്യക്കായി നായകന്‍ വിരാട് കോഹ്ലിയും (89) കെ.എല്‍. രാഹുലും (76) അര്‍ധ സെഞ്ചുറി നേടി മികച്ച ബാറ്റിംഗ് കാഴ്ചവച്ചെങ്കിലും വിജയതീരത്തെത്തിക്കാന്‍ സാധിച്ചില്ല. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാര്‍ ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 58 റണ്‍സാണ് മായങ്ക്-ധവാന്‍ സഖ്യം കൂട്ടിച്ചേര്‍ത്തത്.

മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കോഹ്ലി-ശ്രേയസ് അയ്യര്‍ സഖ്യവും മികച്ച കളിയാണ് കാഴ്ചവച്ചത്. 38 റണ്‍സെടുത്ത അയ്യരെ സ്റ്റീവ് സ്മിത്ത് തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. നാലാം വിക്കറ്റില്‍ കെ.എല്‍. രാഹുലിനെ കൂട്ടുപിടിച്ച് കോഹ്ലി 72 റണ്‍സിന്റെ കൂട്ടുകെട്ടും ഉണ്ടാക്കി. എന്നാല്‍ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന കോഹ്ലിയെ ഹെന്റിക്‌സ് തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കി ഈ സഖ്യവും തകര്‍ത്തു.

നേരത്തേ, ടോസ് നേടി ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 389 റണ്‍സാണ് നേടിയത്. ബാറ്റ് ചെയ്ത അഞ്ചുപേരും അര്‍ധസെഞ്ചുറി പിന്നിട്ട മത്സരത്തില്‍ സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറിയാണ് നിര്‍ണായകമായത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണു സ്മിത്ത് സെഞ്ചുറി നേടിയത്. 62 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച സ്മിത്ത് 64 പന്തില്‍ നിന്ന് 104 റണ്‍സെടുത്ത് പുറത്തായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News