കെഎസ്എഫ്ഇയില്‍ കള്ളപ്പണം ഉണ്ടോ? ഉണ്ടെന്ന് പറയുന്നവര്‍ വായിച്ചറിയാന്‍… ജീവനക്കാരുടെ കുറിപ്പ് വൈറല്‍ ആവുന്നു

ഇന്ന് ചില മാധ്യമങ്ങള്‍ വായിച്ചപ്പോള്‍ ചില അസംബന്ധ വാര്‍ത്തകള്‍ കാണാന്‍ ഇടയായി.

1.’ KSFE യില്‍ കൊള്ള ചിട്ടികള്‍ നടത്തുന്നുണ്ട് .’

2. ‘ചില ആളുകള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ചിട്ടികള്‍ ഉപയോഗിക്കുന്നു.’

3. ‘ചിട്ടി തുടങ്ങുമ്പോള്‍ സെക്യൂരിറ്റി ആയി നിക്ഷേപിക്കേണ്ട തുക ഇടുന്നില്ല.’

4. ‘ചിട്ടി ലേലത്തില്‍ ചിട്ടി തുക അടക്കാത്തവരെയും പങ്കെടുപ്പിക്കുന്നു.’ ഇങ്ങനെ പോകുന്നു ഇവരുടെ അസംബന്ധങ്ങള്‍.

ഒരു KSFE ജീവനക്കാരന്‍ എന്ന നിലയില്‍ ചില കാര്യങ്ങള്‍ പറയാതെ വയ്യ.

1. KSFE യില്‍ ചിട്ടികള്‍ എല്ലാം Central Chit Fund Act 1982 എന്ന നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നവ ആണ്.

2. രജിസ്റ്റര്‍ ചെയ്യാത്ത ഒരു ചിട്ടിയും കെഎസ്എഫ്ഇ യില്‍ ഇല്ല.

3. ചിട്ടി രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സെക്യൂരിറ്റി ആയിട്ട് എത്ര രൂപയുടെ ചിട്ടി ആണോ അത്രയും രൂപയുടെ ഡിപ്പോസിറ്റ് ബാങ്കിലോ തുല്യ സ്ഥാപനങ്ങളിലോ ഡിപ്പോസിറ്റ് ചെയ്യണം. കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ഇങ്ങനെയുള്ള തുക ട്രഷറിയില്‍ ആണ് ഡിപ്പോസിറ്റ് ചെയ്യുക. ചിട്ടി രജിസ്റ്റര്‍ ചെയ്യുന്നത് രജിസ്റ്റര്‍ ഓഫീസില്‍ (SRO) ആണ്. സാധാരണഗതിയില്‍ ആധാരം എങ്ങനെയാണോ രജിസ്റ്റര്‍ ചെയ്യുന്നത് അതുപോലെ ആണ് ചിട്ടി രജിസ്റ്റര്‍ ചെയ്യുന്നത്. 10 ലക്ഷം രൂപ സല ഉള്ള ചിട്ടി ആണെങ്കില്‍ അതിന്റെ 5% വിലയുള്ള മുദ്രപത്രത്തില്‍ ആണ് ചിട്ടി ഉടമ്പടി തയ്യാറാക്കുന്നത്. ഇങ്ങനെ തയ്യാറാക്കുന്ന ഉടമ്പടി രജിസ്റ്റര്‍ ചെയ്യാന്‍ മേല്‍പ്പറഞ്ഞ ഡിപ്പോസിറ്റ് ഹാജരാക്കണം. അങ്ങനെ ഉണ്ടെങ്കില്‍ മാത്രമേ രജിസ്ട്രാര്‍, ചിട്ടി രജിസ്റ്റര്‍ ചെയ്യുകയുള്ളൂ. അപ്പോള്‍ പിന്നെ ചിട്ടി സെക്യൂരിറ്റി ട്രഷറിയില്‍ ഡിപ്പോസിറ്റ് ചെയ്യാതെയാണ് ചിട്ടി രജിസ്റ്റര്‍ ചെയ്യുന്നത് എന്ന വാദഗതി അസംബന്ധം എന്നേ പറയാവൂ.

4. കെഎസ്എഫ്ഇ ഒരു Miscellaneous NBFC ആണ്. ഇത് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായി ആണ് പ്രവര്‍ത്തിക്കുന്നത്. ആയതിനാല്‍ ചിട്ടിയില്‍ ആരെങ്കിലും പണമടയ്ക്കുകയാണെങ്കില്‍ അവര്‍ക്ക് രസീത് കൊടുക്കുന്നുണ്ട്. പരമാവധി രണ്ട് ലക്ഷത്തില്‍ താഴെയുള്ള തുക മാത്രമേ ഇങ്ങനെ പൈസ ആയിട്ട് അടക്കാന്‍ പറ്റുകയുള്ളൂ. അതില്‍ കൂടുതല്‍ ഉള്ള തുക അക്കൗണ്ട് പേയി ചെക്ക് ആയി മാത്രമേ അടയ്ക്കാന്‍ സാധിക്കുകയുള്ളൂ. ചിട്ടി പണമോ അങ്ങനെയുള്ള ഏതെങ്കിലും പണമോ കസ്റ്റമേഴ്‌സിന് കിട്ടാന്‍ ഉണ്ടെങ്കില്‍ അത് അക്കൗണ്ട് പെയിന്‍ ചെക്ക് ആയി മാത്രമേ കൊടുക്കുകയുള്ളൂ. അങ്ങനെയല്ലെങ്കില്‍ ബാങ്ക് അക്കൗണ്ടിലേക്ക് RTGS ചെയ്യും. 19999 ത്തില്‍ കൂടുതലുള്ള എല്ലാ പേമെന്റും 10000 ത്തില്‍ കൂടുതലുള്ള എല്ലാ ചിലവുകളും ഇങ്ങനെയാണ് കൊടുക്കുന്നത്. ഇത് നിയമാനുസൃതമാണ്.

5. നമ്മുടെ നാട്ടില്‍ (ഇന്റര്‍നാഷണല്‍ അക്കൗണ്ടിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് അനുസരിച്ചും)ചെക്ക്, പണം എന്നിവ തുല്യമായി തന്നെയാണ് പരിഗണിക്കുന്നത്. ആയതിനാല്‍ ഏതെങ്കിലും വരിക്കാരന്‍ ചെക്ക് ആയി തവണ തുക നല്‍കിയാല്‍ അവരെ ലേലത്തില്‍ പങ്കെടുപ്പിക്കാറുണ്ട്. ഏതെങ്കിലും വരിക്കാരന്‍ അതിനു മുമ്പ് നല്‍കിയ ചെക്ക് മടങ്ങിയിട്ട് ഉള്ള സാഹചര്യം ഉണ്ടെങ്കില്‍ അവരുടെ ചെക്ക് അക്‌സപ്റ്റ് ചെയ്തു ലേലത്തില്‍ പങ്കെടുപ്പിക്കാറില്ല. കുടിശ്ശിക തവണകള്‍ ചെക് ആയി നല്‍കിയാല്‍ അത് സ്വീകരിച്ചു ലേലത്തില്‍ പങ്കെടുപ്പിക്കാറില്ല. അഥവാ ആരെങ്കിലും ചെയ്താല്‍ ശിക്ഷണ നടപടികള്‍ ഏറ്റുവാങ്ങണം. ഇതിനൊക്കെ കെഎസ്എഫ്ഇ യില്‍ കൃത്യമായ നിയമങ്ങളുണ്ട്.

6. കെഎസ്എഫ്ഇ യില്‍ ഈ നിയമങ്ങള്‍ പാലിക്കാത്ത ജീവനക്കാര്‍ക്ക് എതിരെ നടപടി എടുക്കാന്‍ ഉള്ള കൃത്യമായ വകുപ്പും ഉണ്ട്. അതിന് ഒരു ഇന്റെര്‍ണല്‍ ഓഡിറ്റ് ആന്‍ഡ് വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഡിപ്പാര്‍ട്ട്‌മെന്റ് ഒരു ഡിജിഎം നേതൃത്വം നല്‍കുന്നു. ഡിജിഎമ്മിനെ കീഴില്‍ 13 ഓഡിറ്റ് ടീമുകളാണ് ഉള്ളത്. അതുകൂടാതെ ഒരു സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഉണ്ട്. ഓരോ ആറുമാസം കൂടുമ്പോഴും ഓരോ ബ്രാഞ്ചിലും പരിശോധിക്കാറുണ്ട്. ഏതെങ്കിലും ജീവനക്കാരോ കസ്റ്റമേഴ്‌സ് എന്തെങ്കിലും കള്ളത്തരം ചെയ്യുകയാണെങ്കില്‍ അതിനുള്ള ശിക്ഷണ നടപടികളും മെഷേഴ്‌സ് എടുക്കാറുണ്ട്. ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ കൊണ്ട് അന്വേഷിപ്പിക്കും. പരാതിയില്‍ കഴമ്പുണ്ടെന്‍കില്‍ നടപടിയും എടുക്കും.ഇത് കൂടാതെ ഒരു സ്റ്റാറ്റിയൂട്ടറി ഓഡിറ്റും നടത്താറുണ്ട്. അതിനും പുറമേ അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റും നടത്താറുണ്ട്.

7. ഒരു ചിട്ടി തുടങ്ങണമെങ്കില്‍ അതിലുള്ള ചിറ്റാളന്മാര്‍ എല്ലാവരും പൈസ അടച്ചിട്ടുണ്ട് എന്ന് മാനേജര്‍ ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ ചിട്ടി രജിസ്റ്റര്‍ ചെയ്യാവൂ. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഇത് സാധ്യമാവില്ല. ഉദാഹരണത്തിന് 5000 വെച്ച് 40 മാസം ഉള്ള ഒരു ചിട്ടി തുടങ്ങുന്നു എന്ന് വിചാരിക്കാം. അതിലൊരാള്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്നും പൈസ എടുത്തോളൂ എന്ന് പറഞ്ഞുകൊണ്ട് ചിട്ടി ചേര്‍ന്നു. എന്നാല്‍ സാഹചര്യവശാല്‍ അയാളുടെ അക്കൗണ്ടില്‍ പൈസ ഇല്ലാതെ പോയി. അയാളെ വിളിച്ചപ്പോള്‍ അദ്ദേഹം ഇപ്പോള്‍ ഇവിടെ സ്ഥലത്തില്ല ഞാന്‍ മകന്റെ വീട്ടില്‍ അമേരിക്കയിലേക്ക് പോയിരിക്കുന്നു. ആയതിനാല്‍ വേറെ ആരെയെങ്കിലും കണ്ടെത്തിക്കൊള്ളു സാര്‍ എന്ന് പറഞ്ഞ് ഒഴിയുകയാണ് എന്നുണ്ടെങ്കില്‍ മാനേജര്‍ പെട്ടെന്ന് ആരോടെങ്കിലും പറഞ്ഞു ഒരു ചിട്ടിയില്‍ ചേര്‍ക്കും. അപ്പോള്‍ അദ്ദേഹം ഒരു പക്ഷേ പറഞ്ഞേക്കാം ഞാന്‍ ഒരു പ്രാവശ്യം മാത്രമേ അടക്കൂ എന്ന്. തല്‍ക്കാലം അദ്ദേഹത്തെ ചിട്ടിയില്‍ ചേര്‍ത്തിട്ടു കുറച്ചു കഴിയുമ്പോള്‍ ഇദ്ദേഹത്തെ വേറെ ആളെ കൊണ്ട് മാറ്റി ചേര്‍ക്കും. ഇങ്ങനെ ചേര്‍ക്കുന്ന ചിട്ടിയെ കെഎസ്എഫ്ഇ പറയുന്ന പേരാണ് പൊള്ളച്ചിട്ടി എന്ന്. എന്നാല്‍ ഇത് കുറച്ചുകഴിയുമ്പോള്‍ മാറ്റി ചേര്‍ത്തില്ലെങ്കില്‍ മാനേജര്‍ക്കെതിരെ നടപടി വരും. ചിട്ടി തുടങ്ങുന്നതിന് ഏതെങ്കിലും തരത്തിലുള്ള നിയമ രാഹിത്യം ഉണ്ടെങ്കില്‍ അതിന്റെ പരിപൂര്‍ണ്ണമായ ഉത്തരവാദിത്വം ആ ചിട്ടി തുടങ്ങുന്ന മാനേജര്‍ക്ക് ആണ്. അങ്ങനെ ഏതെങ്കിലും നിയമവിരുദ്ധമായ കാര്യം ചെയ്താല്‍ ആ നഷ്ടം മുഴുവന്‍ ആ മാനേജറില്‍ നിന്നും ഈടാക്കും.

8. കെഎസ്എഫ്ഇ തുടങ്ങിയിട്ട് ഇപ്പോള്‍ 51 വര്‍ഷം കഴിഞ്ഞു. ആദ്യ വര്‍ഷം മുതല്‍ കെഎസ്എഫ്ഇ ലാഭമുണ്ടാക്കുന്ന പ്രസ്ഥാനമാണ്. 51 വര്‍ഷം മുമ്പ് ധാരാളം ചിട്ടി കമ്പനികള്‍ കൂണുപോലെ മുളച്ചു വന്ന് കുറച്ചു കഴിയുമ്പോള്‍ പൊട്ടിച്ചു കൊണ്ടുപോകുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു. അത് ഒഴിവാക്കാന്‍ വേണ്ടി അന്നത്തെ സര്‍ക്കാര്‍ തുടങ്ങിയതാണ് കെഎസ്എഫ്ഇ. കെഎസ്എഫ്ഇ ഈ നാട്ടിലുള്ള എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ ഇതുവരെ മുടക്കിയിട്ടുള്ള പെയ്ഡ് അപ്പ് ക്യാപിറ്റലിന്റെ അനേകമടങ്ങ് ഡിവിഡന്‍ഡ്, ഗ്യാരണ്ടി കമ്മീഷന്‍,ഇന്‍കം ടാക്‌സ്, ജി എസ് ടി, രജിസ്‌ട്രേഷന്‍ ചാര്‍ജുകള്‍ എന്നീ ഇനത്തില്‍ സര്‍ക്കാരിന് തിരിച്ചു കൊടുത്തു കഴിഞ്ഞു. 2018ലെ വെള്ളപ്പൊക്കത്തില്‍ കെ എസ് എഫ് ഇ സര്‍ക്കാരിനൊപ്പം കൈകോര്‍ത്ത് 36 കോടിയോളം നല്‍കിയിട്ടുള്ള കാര്യം ഈ സമയം പ്രസ്താവ്യമാണ് . CSR ഫണ്ടില്‍ നിന്നും ഇത് കൂടാതെ കേരളത്തിന്റെ ഉന്നമനത്തിനു വേണ്ടി കോടിക്കണക്കിനു രൂപ വിനിയോഗിക്കുന്നു. കെഎസ്എഫ്ഇ യില്‍ ഏകദേശം 7000 ജീവനക്കാരുണ്ട്. ഇക്കഴിഞ്ഞ മാസം മാത്രം പുതുതായി PSC യില്‍ നിന്നും ആയിരത്തോളം ജീവനക്കാരെയാണ് നിയമിച്ചത്.

9. കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാ ധനകാര്യ സ്ഥാപനങ്ങളിലും ബിസിനസ് പുറകോട്ട് പോയപ്പോള്‍ കെഎസ്എഫ്ഇ യില്‍ ഒരു വിധത്തിലുമുള്ള തളര്‍ച്ചയും ഉണ്ടായിട്ടില്ല എന്നുള്ളത് എതിരാളികള്‍ക്ക് വേദനയുണ്ടാക്കി കാണാം. പ്രത്യേകിച്ച് സ്വര്‍ണപ്പണയ വിഭാഗത്തിലുണ്ടായ വന്‍ വളര്‍ച്ച, ആ മേഖലയില്‍ ഉള്ള, തകര്‍ച്ച നേരിടുന്ന സ്ഥാപനങ്ങളുടെ നിലനില്‍പിന് ഭീഷണി സൃഷ്ട്ടിക്കും എന്ന് തോന്നിയിരിക്കാം.

10. ഇക്കാലമത്രയും ഉണ്ടായിട്ടുള്ള സര്‍ക്കാരുകളും, മാനേജ്‌മെന്റും, ജീവനക്കാര്‍ പ്രത്യേകിച്ചും ഒരേ മനസ്സോടെ നന്നായി രാത്രി പകലാക്കി വിയര്‍പ്പൊഴുക്കിയതു കൊണ്ടാണ് കെഎസ്എഫ്ഇ ഇന്നത്തെ നിലയില്‍ എത്തിയത്. അന്‍പതിനായിരത്തില്‍പരം കോടി രൂപയുടെ ടേണ്‍ ഓവര്‍ ആണ് കെഎസ്എഫ്ഇ ക്ക് ഈ വര്‍ഷം ഉള്ളത്. 30 ലക്ഷത്തിലധികം കസ്റ്റമേഴ്‌സ് കെഎസ്എഫ്ഇ ക്ക് ഉണ്ട്.

11. ചിട്ടി നടത്തുവാന്‍ ബാങ്കുകള്‍ക്ക് ഒന്നും CFA1982 പ്രകാരം സാധിക്കുകയില്ല. കേരളത്തിലെ സഹകരണബാങ്കുകളുടെ 99 ശതമാനവും MDS എന്ന പേരിലാണ് ചിട്ടി നടത്തുന്നത്. കെഎസ്എഫ്ഇ 600 ബ്രാഞ്ചുകള്‍ ആണുള്ളത്. എന്നാല്‍ കേരളത്തിലെ 2000 സഹകരണ ബാങ്കുകള്‍ ആണുള്ളത്. ഈ 2000 സഹകരണ ബാങ്കുകള്‍ എംഡിഎഫ് എന്നപേരില്‍ ചിട്ടി നടത്തുന്നുണ്ട്. ആവറേജ് 50 ലക്ഷം രൂപയുടെ ചിട്ടി തുടങ്ങുകയാണെങ്കില്‍ സര്‍ക്കാരിലേക്ക് രജിസ്‌ട്രേഷന്‍ ഇനത്തില്‍ 5% മുദ്രപത്രം, അരശതമാനം മറ്റു ചിലവുകള്‍ എന്നിവ ലഭിക്കുകയാണെങ്കില്‍ 2000 x 50 ലക്ഷം x 5.5%= 550 കോടി രൂപയുടെ വരുമാനം നഷ്ടമാണ് സഹകരണ ബാങ്കുകള്‍ സര്‍ക്കാരിന് ഒരു വര്‍ഷം വരുത്തി വെക്കുന്നത്.ഈ വിജിലന്‍സ്‌കാര്‍ക്ക് അവിടെ ഒന്ന് പരിശോധിക്കാന്‍ വയ്യേ.

12. ആരെങ്കിലും നികുതി വെട്ടിക്കാന്‍ വേണ്ടി വലിയ ചിട്ടികളില്‍ ചേരുന്നു എന്ന് വിചാരിക്കുക. ഒരു വര്‍ഷം രണ്ടര ലക്ഷം വെച്ച് 40 മാസം കൊണ്ട് തീരുന്ന ഒരു കോടി രൂപയുടെ ചിട്ടിയില്‍ ഒരു കള്ളപ്പണക്കാരന്‍ ചേര്‍ന്നു എന്ന് വിചാരിക്കുക . അദ്ദേഹത്തിന് 80 ലക്ഷം രൂപ ആണ് കിട്ടുന്നത് എന്നും വിചാരിക്കുക. ഇദ്ദേഹത്തിന് ബാങ്ക് അക്കൗണ്ടിലേക്കു മാത്രമേ ചിട്ടി പണം കൊടുക്കുകയുള്ളൂ. പത്ത് ലക്ഷത്തിന് മുകളില്‍ വരുന്ന ഒറ്റ പെയ്‌മെന്റ് ഏത് അക്കൗണ്ടിലേക്ക് വന്നാലും ബാങ്കിന്റെ സോഫ്റ്റ്വെയര്‍ അനുസരിച്ച് ഒരു എസ്എംഎസ് നേരെ ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സൈറ്റിലേക്ക് പോകും അനുസരിച്ച് ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്കാര്‍ ഇവര്‍ക്ക് നോട്ടീസ് വിടും. ഇന്‍കം ടാക്‌സുകാരുടെ ജോലി അവര്‍ നന്നായി എടുക്കുന്നുണ്ട്. അവരുടെ ജോലി കേരള വിജിലന്‍സ് ഏറ്റെടുക്കാന്‍ നോക്കുകയാണോ?

13. രണ്ടുവര്‍ഷം മുമ്പ് നോട്ട് നിരോധനം വന്നപ്പോള്‍ ട്രഷറിയില്‍ പൈസ ഇല്ലാതെയായി. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം എല്ലാ ശാഖകളും അന്ന് ട്രഷറിയില്‍ ആണ് പൈസ അടച്ചത്. ഇപ്പറഞ്ഞ വിജിലന്‍സും ശമ്പളം വാങ്ങിയത് കെഎസ്എഫ്ഇ യില്‍ നിന്ന് അടച്ച നോട്ട് കൊണ്ടാണ്. മലര്‍ന്നു കിടന്നു തുപ്പരുത് അവറാച്ചാ ഇത്രയുമേ എനിക്ക് പറയാനുള്ളൂ.

N. B. CMDRF ലേക്ക് ഒരു മാസം ശമ്പളം കൊടുത്തത് ഇനിയും KSFE യിലെ പലരുടെയും 7 മാസം കൂടി ബാക്കി ഉണ്ട്. 23 മാസത്തെ കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here