എന്തിനാണ്… ആരുപറഞ്ഞിട്ടാണ് നിങ്ങള്‍ ഈ കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയത്?

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെയുള്ള കര്‍ഷകരുടെ പോരാട്ടം തുടങ്ങിയിട്ട് നാല് ദിവസം പിന്നിടുകയാണ്. പ്രക്ഷോഭം കനത്തതോടെ ഉപാധികളോടെ കര്‍ഷകപ്രക്ഷോഭം അവസാനിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാരിന്റേത്. ഈ സാഹചര്യത്തില്‍ നിരവധി ചോദ്യങ്ങളാണ് കര്‍ഷകര്‍ സര്‍ക്കാരിന് മുന്നില്‍ ഉയര്‍ത്തുന്നത്. ആര് പറഞ്ഞിട്ടാണ് ഈ കാര്‍ഷിക നിയമങ്ങള്‍ നിങ്ങള്‍ പാസാക്കിയതെന്നായിരുന്നു കര്‍ഷകരുടെ ചോദ്യം. രാജ്യത്തെ കോര്‍പ്പറേറ്റുകളുടെ ക്ഷേമത്തിനായാണ് ഇത്തരം കരിനിയമങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവന്നതെന്ന് പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ പറഞ്ഞു.

‘ഇപ്പോള്‍ കൊണ്ടുവന്ന നിയമത്തിന്റെ ഫലപ്രാപ്തിയെപ്പറ്റി സര്‍ക്കാര്‍ വാനോളം പുകഴ്ത്തുകയാണ്. എന്നാല്‍ ആര് പറഞ്ഞു ഈ നിയമങ്ങള്‍ കൊണ്ടുവരാന്‍? ഏത് സംഘടനയാണ് ഇത്തരമൊരു നിയമത്തിനായി നിങ്ങളെ സമീപിച്ചത്? സംഘടനയുടെ പേര് പറയാമോ?’ മാര്‍ച്ചിനിടെ മാധ്യമങ്ങളോട് കര്‍ഷകപ്രതിനിധികള്‍ പറഞ്ഞു.

‘രാജ്യത്തെ എല്ലാ കര്‍ഷകരും പ്രക്ഷോഭത്തിലാണ്. എന്നിട്ടും ഈ മാര്‍ച്ചിനെ പഞ്ചാബിലെ കര്‍ഷകരുടെ മാത്രം പ്രതിഷേധമായി മുദ്രകുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതൊരു അഖിലേന്ത്യ തലത്തിലെ പ്രക്ഷോഭമായി അവര്‍ അംഗീകരിക്കുന്നില്ല. അതുകൊണ്ടാണ് അവരുടെ എല്ലാ കത്തുകളും ഞങ്ങളെ മാത്രം അഭിസംബോധന ചെയ്ത് അയക്കുന്നത്. ഇത് ശരിയല്ല. രാജ്യത്ത് പ്രതിഷേധം നടത്തുന്ന എല്ലാ കര്‍ഷകരെയും ക്ഷണിക്കണം. അവരുടെ നിര്‍ദ്ദേശങ്ങളും അംഗീകരിക്കണം’, കര്‍ഷകര്‍ പ്രതികരിച്ചു.

നേരത്തെ കര്‍ഷക സമരം അവസാനിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചില ഉപാധികളുമായി മുന്നോട്ട് വന്നിരുന്നു. എന്നാല്‍ ഉപാധികളോടെ തങ്ങളെ ചര്‍ച്ചയ്ക്ക് വിളിക്കേണ്ടെന്ന നിലപാടാണ് കര്‍ഷകര്‍ സ്വീകരിച്ചത്. ഉപാധികളോടെ സര്‍ക്കാരുമായി ചര്‍ച്ചയില്ലെന്നും ഉപാധികള്‍ പിന്‍വലിച്ചാല്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകാം എന്നുമാണ് കര്‍ഷകര്‍ നിലപാടെടുത്തിരിക്കുന്നത്.

ശനിയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് കര്‍ഷകര്‍ ഇപ്പോള്‍ നടത്തുന്ന സമരം സിംഗുവില്‍ നിന്നുംബുറാഡിയിലേക്ക് മാറ്റണമെന്നായിരുന്നു. അങ്ങനെയെങ്കില്‍ എത് സമയത്തും ചര്‍ച്ചയ്ക്ക് തയ്യാറാവാമെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഈ നിര്‍ദേശമാണ് കര്‍ഷകര്‍ ഇപ്പോള്‍ തള്ളിയിരിക്കുന്നത്.

ഇപ്പോള്‍ സമരം നടക്കുന്ന ദല്‍ഹി ഹരിയാന അതിര്‍ത്തിയിലെ സിംഗുവില്‍ തന്നെ സമരം തുടരുമെന്ന് കര്‍ഷകര്‍ പറഞ്ഞു. കര്‍ഷകരുടെ സമരം നാല് ദിവസം പിന്നിടുമ്പോള്‍ പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ക്ക് പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലെ കര്‍ഷകരും പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അണിനിരന്നിട്ടുണ്ട്. ദിനംപ്രതി സമരവേദിയിലെ ആളുകളുടെ എണ്ണം കൂടിവരികയാണ്. സമരത്തില്‍ നിന്നും ഒരിഞ്ച് പിന്നാട്ട് പോകേണ്ടതില്ലെന്ന നിലപാടിലാണ് സമരം ചെയ്യുന്ന കര്‍ഷകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News