ഇന്ത്യ- ഓസ്ട്രേലിയ രണ്ടാം ഏകദിനത്തിനിടെ ഗാലറിയില്‍ വിവാഹഭ്യർത്ഥന; കയ്യടിച്ച് താരങ്ങളും കാണികളും; വെെറലായി ദൃശ്യങ്ങള്‍

വാശിയേറിയ ഇന്ത്യ – ഓസ്ട്രേലിയ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ പരാജയം ഏറ്റുവാങ്ങിയെങ്കിലും മത്സരത്തേക്കാളേറെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് ഓസ്ട്രേലിയക്കാരിയായ യുവതിയുടെ ഹൃദയം കവര്‍ന്ന ഒരു ഇന്ത്യക്കാരനാണ്.

മൂന്നാം വിക്കറ്റിൽ കോഹ്‌ലി-അയ്യർ കൂട്ടുകെട്ട് ക്രീസിൽ നിലയുറപ്പിക്കുന്നതിനിടെയാണ് സംഭവം. ഓസ്ട്രേലിയ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യ ശ്രമിക്കുന്നതിനിടെയായിരുന്നു ഗാലറിയിലെ
വിവാഹാഭ്യർത്ഥന ക്യാമറക്കണ്ണുകളില്‍ കുടുങ്ങിയത്.

ഓസ്ട്രേലിയക്കാരിയായ തന്റെ കൂട്ടുകാരിക്ക് മുന്നിൽ ഒരു ഇന്ത്യൻ ആരാധകൻ വിവാഹഭ്യർത്ഥന നടത്തുന്ന ദൃശ്യം ക്യാമറ കണ്ണുകൾ കൃത്യമായി പകർത്തി.

ഇതോടെ താരങ്ങളുടെയടക്കം സാനിധ്യത്തിൽ മനോഹരമായൊരു വിവാഹാഭ്യർത്ഥനയ്ക്ക് മത്സരം വേദിയാവുകയായിരുന്നു.

ഈ കമന്ററി ബോക്സില്‍ മുൻ ഓസിസ് താരങ്ങളായ ഷെയ്ൻ വോണും ആദം ഗിൽക്രിസ്റ്റും സ്റ്റേഡിയത്തിലെ കാണികളും പെൺകുട്ടിയുടെ മറുപടിക്കായി ഒരുപോലെ കാത്തിരുന്നു. ഇരുവരും കെട്ടിപിടിച്ചതോടെ ഗിൽക്രിസ്റ്റ് “അവൾ സമ്മതിച്ചിരിക്കുന്നു” എന്ന് വിളിച്ചു പറയുകയും ചെയ്തു. ഗ്ലെൻ മാക്സ്‌വെൽ അടക്കം പ്രണയിതാക്കളെ കയ്യടിച്ച് അഭിനന്ദിച്ചു.

മത്സരത്തിൽ ഇന്ത്യ 51 റൺസിനാണ് ഓസ്ട്രേലിയയോട് പരാജയപ്പെട്ടത്. ഓസ്ട്രേലിയ ഉയർത്തിയ 390 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 338 റൺസെടുക്കാനെ കഴിഞ്ഞുള്ളു. രണ്ടാം മത്സരവും ജയിച്ചതോടെ കങ്കാരുക്കൾ പരമ്പരയും സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here