കണ്ണൂരില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീഷണിയുമായി കെ സുധാകരന്‍; ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമമെന്ന് സിപിഐഎം

കണ്ണൂരിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കോൺഗ്രസ്സിന്റെ ഭീഷണി. കെ സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ നേരിട്ടും ഫോണിലൂടെയുമാണ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത്.

ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ആരോപിച്ചു

കണ്ണൂർ കോർപ്പറേഷൻ വരണാധികാരികളിലൊരാളായ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരെ കെ സുധാകരൻ എംപി ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. നിശ്ചിത സമയത്തിനു ശേഷമെത്തിയ കോൺഗ്രസ്‌ വിമത സ്ഥനാർഥിക്ക്‌ പത്രിക പിൻവലിക്കാൻ കഴിയാത്തതിന്റെ പേരിലായിരുന്നു അസഭ്യം പറയലും ഭീഷണിയും.

സമാനമായ രീതിയിലാണ് കണ്ണൂരിൽ മറ്റ് ചില ഉദ്യോഗസ്ഥർക്കും കോൺഗ്രസ് നേതാക്കളിൽ നിന്നും ഭീഷണി നേരിടുന്നത്. ഉദ്യോഗസ്ഥരെ നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തി ചൊൽപ്പടിക്ക് നിർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.

കോൺഗ്രസ്‌ നേതാക്കൾ ഫോണിലൂടെ നിരന്തരം ഭീഷണി മുഴക്കുന്നു എന്ന പരാതി ഉദ്യോഗസ്ഥർ ഉന്നയിച്ചിട്ടുണ്ട്. മുൻ തെരഞ്ഞെടുപ്പുകളിലും കണ്ണൂരിൽ കോൺഗ്രസ് നേതാക്കൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവങ്ങൾ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News