വാക്സിന്‍ പരീക്ഷണത്തെ തുടര്‍ന്ന് ആരോഗ്യ പ്രശ്നം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചെന്നൈ സ്വദേശി

കൊവിഷീല്‍ഡ് വാക്സിന്‍ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ഈ വാക്സിന്‍റെ നിര്‍മാണവും വിതരണവും നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായ ചെന്നൈ സ്വദേശി.

കൊവിഡ് വാക്സിന് അടിയന്തര അനുമതി ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനവാല പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് വാക്‌സിന്‍ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യവുമായി ചെന്നൈ സ്വദേശി രംഗത്തെത്തിയിരിക്കുന്നത്.

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെത്തുടര്‍ന്ന് നാഡീവ്യൂഹവുമായി ബന്ധപ്പെട്ടും മാനസികമായും പ്രശ്‌നങ്ങള്‍ ഉണ്ടായെന്നാണ് ആരോപണം. ചെന്നൈ സ്വദേശിയായ 40 വയസ്സുള്ള ബിസിനസ് കണ്‍സള്‍ട്ടന്റാണ് ഈ ആരോപണവുമായി രംഗത്തെത്തിയത്. തനിക്ക് അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

ഒക്ടോബര്‍ ഒന്നിന് ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്ന സ്ഥാപനത്തില്‍ നിന്നാണ് ഇയാള്‍ വാക്‌സിന്‍ എടുത്തത്.

നിലവില്‍ തന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ദീര്‍ഘകാലം ചികിത്സ നടത്തേണ്ടി വരുമോ എന്ന ആശങ്കയുണ്ടെന്നും ആരോഗ്യത്തെക്കുറിച്ചുള്ള കടുത്ത ആശങ്കയിലാണ് ഇപ്പോള്‍ കഴിയുന്നതെന്നും ഇദ്ദേഹം പറഞ്ഞു. അതിനാല്‍ വക്കീല്‍ നോട്ടീസ് ലഭിച്ച് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാര തുകയായ അഞ്ച് കോടിരൂപ നല്‍കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.

അതേസമയം പരാതിക്കാരന്റെ ആരോഗ്യനിലയിലുണ്ടായ മാറ്റങ്ങളെപ്പറ്റി പരിശോധന നടത്തിവരികയാണെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയും ഇന്‍സ്റ്റിറ്റിയൂഷണല്‍ എത്തിക്സ് കമ്മിറ്റിയും അറിയിച്ചു.

പരീക്ഷണത്തില്‍ പങ്കെടുത്ത വോളന്റിയറുടെ നിര്‍ദ്ദേശ പ്രകാരം ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍, ഡി.ജി.സി.ഐ, സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ എന്നിവയ്ക്ക് അഭിഭാഷക സ്ഥാപനം നോട്ടീസ് അയച്ചിട്ടുണ്ട്.

ആസ്ട്രസെനക്ക സി.ഇ.ഒ, പ്രൊഫസര്‍ ആന്‍ഡ്രൂ പൊള്ളാഡ്, ഓക്സ്ഫഡ് വാക്സിന്‍ പരീക്ഷണത്തിന്റെ ചീഫ് ഇന്‍വെസ്റ്റിഗേറ്റര്‍, ശ്രീ രാമചന്ദ്രാ ഹയര്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്ന സ്ഥാപനത്തിന്റെ വൈസ് ചാന്‍സലര്‍ എന്നിവര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News