അഞ്ചാം ദിനത്തില്‍ കര്‍ഷകരോഷത്തിന് മുന്നില്‍ മുട്ടുമടക്കി അമിത് ഷാ; കര്‍ഷകരുമായി കൂടിക്കാഴ്ച ഉടന്‍

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം അഞ്ചാം ദിവസവും തുടരുമ്പോള്‍ കര്‍ഷകരോഷത്തിന് മുന്നില്‍ മുട്ടുമടക്കി അമിത് ഷാ. അനുനയനീക്കവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തുകയായിരുന്നു. അമിത് ഷാ കര്‍ഷകരുമായി ഫോണില്‍ സംസാരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

കര്‍ഷകരോട് സിംഗുവില്‍ നിന്നും സമരം ബുറാഡിയിലേക്ക് മാറ്റിയാല്‍ വിഷയത്തില്‍ ചര്‍ച്ചയാകാമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍ സമരം നടക്കുന്ന സ്ഥലം മാറ്റില്ലെന്നും ഇനി ഉപാധികളോടെയുള്ള ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നുമായിരുന്നു കര്‍ഷകര്‍ നിലപാടെടുത്തത്. ഇപ്പോള്‍ ഡിസംബര്‍ മുന്നിന് മുന്‍പ് ചര്‍ച്ച നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കര്‍ഷകരുടെ സമരം അഞ്ച് ദിവസം പിന്നിടുമ്പോള്‍ പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ക്ക് പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലെ കര്‍ഷകരും പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അണിനിരന്നിട്ടുണ്ട്. ദിനംപ്രതി സമരവേദിയിലെ ആളുകളുടെ എണ്ണം കൂടിവരികയാണ്.

രാജ്യവ്യാപകമായി കര്‍ഷക പ്രതിഷേധം തുടരവെ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ കാര്‍ഷിക ബില്ല് കര്‍ഷകര്‍ക്ക് പുതിയ അവസരങ്ങളുടെ വാതില്‍ തുറന്നു നല്‍കുന്നതാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കീ ബാത്തിലൂടെ പറഞ്ഞത്.

മോദിയുടെ പ്രതികരണത്തിന് പിന്നാലെ കര്‍ഷകര്‍ കൂടുതല്‍ ആവേശത്തോടെ കാര്‍ഷിക നിയമത്തിനെതിരായ മുദ്രാവാക്യം വിളിച്ച് സമരപരിപാടികള്‍ ശക്തമാക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News