ന്യൂനമര്‍ദ്ദം അതിതീവ്രമാകും; കേരള തീരത്ത് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്കന്‍ കേരളം -തെക്കന്‍ തമിഴ്‌നാട് തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്ര ന്യൂനമര്‍ദ്ദം അതിതീവ്രമാകുകയും ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചു. തെക്കല്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പും നല്‍കി.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്ര ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറുകയാണ്. തുടര്‍ന്നുള്ള 24 മണിക്കൂറില്‍ ചുഴലിക്കാറ്റായി മാറുമെന്നും ഡിസംബര്‍ 2 ന് വൈകീട്ടോടെ ശ്രീലങ്കന്‍ തീരം കടക്കുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിലാണ് തെക്കന്‍ കേരളം -തെക്കന്‍ തമിഴ്‌നാട് തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയത്.

തെക്കല്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഡിസംബര്‍ 3 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചു.നിലവില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ ഇന്ന് അര്‍ധരാത്രിയോട് കൂടി തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരണമെന്ന് കോസ്റ്റല്‍ പൊലീസ് അറിയിപ്പ് നല്‍കിയിട്ടുണ്ട്.

കടല്‍ പ്രക്ഷുബ്ദമാകുമെന്നതിനാല്‍ തീരദേശത്തുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News