ശോഭ സുരേന്ദ്രന്റെ വക്കാലത്ത് മാധ്യമങ്ങൾ എടുക്കേണ്ട; കെ സുരേന്ദ്രൻ

ശോഭ സുരേന്ദ്രന്റെ വക്കാലത്ത് മാധ്യമങ്ങൾ എടുക്കേണ്ട എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.

ശോഭ സുരേന്ദ്രൻ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഇല്ലല്ലോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു കെ സുരേന്ദ്രന്‍റെ പ്രതികരണം. മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കെെ കൂപ്പിയായിരുന്നു കെ സുരേന്ദ്രന്‍റെ പ്രതികരണം.

“ശോഭ സുരേന്ദ്രന്റെ വക്കാലത്ത് മാധ്യമങ്ങൾ എടുക്കേണ്ട. അവർക്ക് പറയാനുള്ളത് എന്നോട് പറയും,” സുരേന്ദ്രൻ പറഞ്ഞു. പാർട്ടിയുമായി ബന്ധപ്പെടുത്തി വ്യാജ വാർത്തകളാണ് മാധ്യമങ്ങൾ നൽകുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മികച്ച പ്രകടനം നടത്തുമെന്ന് സുരേന്ദ്രൻ അവകാശപ്പെട്ടു. സംസ്ഥാനത്ത് പലയിടത്തും എൽഡിഎഫ്-യുഡിഎഫ് ധാരണയുണ്ടെന്ന് സുരേന്ദ്രൻ ആരോപിച്ചു. നിലവിലെ സാഹചര്യത്തിൽ പലയിടത്തും യുഡിഎഫ് അപ്രസക്തമാണ്.

എൽഡിഎഫും എൻഡിഎയും തമ്മിലാണ് യഥാർഥ മത്സരമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നിരവധി തദ്ദേശ സ്ഥാപനങ്ങളിൽ എൽഡിഎഫിനെ ശക്തമായി നേരിടുന്നത് ബിജെപിയും എൻഡിഎയുമാണ്. തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അത് മനസിലാകുമെന്നും സുരേന്ദ്രൻ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here