നടി ഊര്‍മ്മിള ശിവസേനയിലേക്ക്; സ്ഥിരീകരിച്ച് സഞ്ജയ് റാവത്ത്

കോണ്‍ഗ്രസ് വിട്ട നടി ഊര്‍മ്മിള മഡോദ്ക്കര്‍ ശിവസേനയിലേക്ക്. ഊര്‍മ്മിള നാളെ പാര്‍ട്ടിയില്‍ ചേരുമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്താണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഊര്‍മ്മിള ശിവസേനയില്‍ എന്ന് അംഗത്വമെടുക്കുമെന്ന ചോദ്യത്തിനായിരുന്നു റാവത്തിന്റെ മറുപടി. നേരത്തെ ഊര്‍മ്മിള ശിവസേനയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും വിഷയത്തില്‍ പ്രതികരിക്കാന്‍ ശിവസേന നേതൃത്വം തയ്യാറായിരുന്നില്ല.

2019 സെപ്റ്റംബറിലാണ് ഊര്‍മിള കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. കഴിഞ്ഞ വര്‍ഷം മുംബൈയിലെ നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഊര്‍മിള മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കന്മാര്‍ തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് ഊര്‍മിള പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നത്.

ഇക്ക‍ഴിഞ്ഞ ഒക്ടോബര്‍ 30 ന് നിയമസഭാ കൗണ്‍സിലേക്ക് ശിവസേന ഊര്‍മിളയെ നാമനിര്‍ദേശം ചെയ്യുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കിയത്.

സംസ്ഥാന നിയമസഭയുടെ അപ്പര്‍ ഹൗസിലേക്ക് നാമനിര്‍ദേശം ചെയ്യുന്ന 12 പേരുടെ പട്ടികയില്‍ ഊര്‍മിളയുടെ പേരും പരിഗണനയിലുണ്ടെന്നായിരുന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അടുത്തിടെ നടി കങ്കണാ റണൗട്ടും ശിവസേനാ എം.പി സഞ്ജയ് റാവത്തും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഊര്‍മ്മിള മുംബൈയ്ക്ക് വേണ്ടി ശിവസേനയ്ക്ക് അനുകൂലമായി സംസാരിച്ചിരുന്നു.

മുംബൈയെ പാക്ക് അധീന കശ്മീരിനോട് കങ്കണ ഉപമിച്ചതിനെ തുടര്‍ന്നുണ്ടായ വഴക്കില്‍ പങ്കുചേര്‍ന്ന ഊര്‍മ്മിള കങ്കണയെ രാജസ്ഥാനിലെ റുദാലി (രാജസ്ഥാനില്‍ സവര്‍ണ്ണര്‍ മരണപ്പെടുമ്പോള്‍ വിലപിക്കാന്‍ വേണ്ടി വിളിക്കുന്ന സ്ത്രീകള്‍)യോട് ഉപമിച്ചിരുന്നു.

കങ്കണ അനാവശ്യമായി ഇര കളിക്കുകയാണെന്നും സ്ത്രീകാര്‍ഡ് ഇറക്കുകയാണെന്നും കങ്കണ ശരിക്കും പോരാടേണ്ടത് സ്വന്തം സംസ്ഥാനമായ ഹിമാചല്‍ പ്രദേശിലെ മയക്കുമരുന്ന് ഭീഷണിയോട് ആണെന്നും ഊര്‍മ്മിള പരിഹസിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here