റൂബിക്സ് ക്യൂബ് കൊണ്ട് വിസ്മയം തീര്‍ത്ത നിയ; കൊച്ചുമിടുക്കിയെ അഭിനന്ദിച്ച് ധനമന്ത്രി തോമസ് ഐസക്

റൂബിക്സ് ക്യൂബ് കൊണ്ട് വിസ്മയം തീര്‍ത്ത മൂന്നു വയസുകാരി നിയ സൻജിത്തിനെ വീട്ടിലെത്തി സന്ദർശിച്ച് ധനമന്ത്രി തോമസ് ഐസക്. നിയയെ സന്ദര്‍ശിച്ച കാര്യം മന്ത്രി തന്നെയാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.

കുഞ്ഞുങ്ങളുടെ അസാധാരണമായ കഴിവുകൾ പലപ്പോഴും അമ്പരപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുമെന്നും അങ്ങനെയൊരു കൊച്ചു മിടുക്കിയാണ് ആലപ്പുഴ തത്തംപള്ളിയിലെ നിയ സൻജിത്തെന്നും മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഏറ്റവും കുറഞ്ഞ വേഗത്തിൽ ക്യൂബ് ക്രമീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന ഗിന്നസ് ബുക്ക് ബഹുമതിയ്ക്കുടമയാണ് നിയ സൻജിത്ത് എന്ന മൂന്നു വയസുകാരി. 3×3, 2×2, പൈറമിക്സ് എന്നീ മൂന്നുതരം റൂബിക്സ് ക്യൂബുകൾ ഈ മിടുക്കി മാന്ത്രികവേഗത്തിൽ ശരിയാക്കുന്നതാണ് നിയയുടെ സവിശേഷതയെന്നും മന്ത്രി കുറിച്ചു.

മന്ത്രി തോമസ് ഐസക് ഫെയ്സ്ബുക്ക് കുറിപ്പ് ചുവടെ;

‘രണ്ടുദിവസം മുമ്പാണ് റൂബിക്സ് ക്യൂബ് വിസ്മയം നിയ സൻജിത്തിന്റെ വീട്ടിൽ ഞാനെത്തിയത്. കേക്കൊക്കെ തന്നാണ് സ്വീകരിച്ചത്. അതുകഴിഞ്ഞ് തന്റെ വൈഭവം കാണിക്കാൻ നിയ റൂബിക്സ് ക്യൂബെടുത്തു. ആഗ്രഹിച്ചതു പോലെ ക്യൂബ് തിരിയുന്നില്ല. ഉടൻതന്നെ അമ്മയോടു പറഞ്ഞ് ഒരു ടവലെടുത്തു. പ്രൊഫഷണൽ താരങ്ങൾ ചെയ്യുന്നതുപോലെ കൈകൾ നന്നായി തുടച്ചു വൃത്തിയാക്കി. പിന്നീട് ക്യൂബും. എന്നിട്ടൊരു പ്രയോഗം. നിമിഷങ്ങൾക്കുള്ളിൽ ആറു നിറങ്ങൾ ക്യൂബിന്റെ ആറുവശങ്ങളിലായി അണി നിരന്നു.

കുഞ്ഞുങ്ങളുടെ അസാധാരണമായ കഴിവുകൾ പലപ്പോഴും അമ്പരപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യും. അങ്ങനെയൊരു കൊച്ചുമിടുക്കിയാണ് ആലപ്പുഴ തത്തംപള്ളിയിലെ നിയ സൻജിത്ത്. റൂബിക്സ് ക്യൂബാണ് ഈ കൊച്ചുകുട്ടിയുടെ പ്രിയപ്പെട്ട കളിപ്പാട്ടം. ഏറ്റവും കുറഞ്ഞ വേഗത്തിൽ ക്യൂബ് ക്രമീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന ഗിന്നസ് ബുക്ക് ബഹുമതിക്ക് ഉടമയാണ് ഈ മൂന്നു വയസുകാരി.

3×3, 2×2, പൈറമിക്സ് എന്നീ മൂന്നുതരം റൂബിക്സ് ക്യൂബുകൾ ഈ മിടുക്കി മാന്ത്രികവേഗത്തിൽ ശരിയാക്കും. ഒന്നാം വയസിൽ അമ്മ ഡോ. ടിക്സിയാണ് ഈ കളിപ്പാട്ടം മകൾക്ക് സമ്മാനമായി നൽകിയത്. താമസിയാതെ, അത് നിയയുടെ ജീവന്റെ ഭാഗമായി. മുതിർന്നവർ പോലും ആയുധം വെച്ചു കീഴടങ്ങുന്ന ഈ സൂത്രക്കട്ടയുടെ കുരുക്കുകൾ വളരെ എളുപ്പത്തിലും വേഗത്തിലും ഈ മിടുക്കി അഴിച്ചെടുത്തു.

കുഞ്ഞുകൈകളുടെ മാന്ത്രികവേഗം യൂട്യൂബിലും ഹിറ്റായി. വീഡിയോ കണ്ട അമേരിക്കയിലെ ഓൺലൈൻ ക്യൂബ് ഷോപ്പിംഗ് കമ്പനിയായ ക്യൂബിക്കിൾ നിയയെ സ്പോൺസർ ചെയ്തു. രാജ്യാന്തര തലത്തിൽ, മികച്ച കളിക്കാർക്ക് സ്പോൺസർഷിപ്പ് നൽകുന്ന ക്യൂബിക്കിൾ ആദ്യമായാണ് ഇന്ത്യയിൽ നിന്നൊരാളെ സ്പോൺസർ ചെയ്യുന്നത്.

വേൾഡ് ക്യൂബ് അസോസിയേഷൻ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ക്യൂബിംഗ് മത്സരത്തിലേക്ക് നിയ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആ മത്സരം ഗിന്നസ് ബുക്കിലേക്ക് പ്രവേശിക്കാനുള്ള അവസരമാകുമെന്നാണ് നിയയുടെയും മാതാപിതാക്കളുടെയും പ്രതീക്ഷ.

നിയയ്ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്, നിയാസ് ആർക്ക് (Niah’s Ark). രസകരമായ പഠനപ്രവർത്തനങ്ങൾ, കളികളും പസിലുകളും ഒക്കെ ഈ ചാനലിലുണ്ട്. വ്യത്യസ്തതരം കളികളിലൂടെ കുട്ടികളുടെ വിവിധ നൈപുണികളുടെ വികാസം ലക്ഷ്യമിട്ടുള്ള വീഡിയോകളാണ് ചാനലിൽ. ഇപ്പോൾ ആകെ 49 വീഡിയോകളുണ്ട്. ഗെയിമുകളെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ വിഡീയോകളിലുണ്ട്. രണ്ടോ മൂന്നോ മിനിട്ട് ദൈർഘ്യമുള്ളതാണ് മിക്കവാറും എല്ലാ വീഡിയോകളും.

വെറ്റിനറി ബിരുദധാരിയാണ് നിയയുടെ അമ്മ ഡോ. ടെക്സി. പിതാവ് സൻജിത്ത് എഞ്ചിനീയറും. ടെക്സി ഇപ്പോൾ പൂർണസമയവും നിയയ്ക്കു വേണ്ടിയാണ് ചെലവഴിക്കുന്നത്. മകൾക്കായി ജോലി വേണ്ടെന്നു വെച്ചു. മകളെ ചേർത്തിരിക്കുന്നത് തൊട്ടടുത്തുള്ള സർക്കാർ സ്കൂളിലാണ്. ആലപ്പുഴ നഗരസഭയിലെ വടികാട് ഗവ. എൽപിഎസിൽ. നിയ ചേരുമ്പോൾ അവിടെ 20 കുട്ടികളേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ 40 ആയി. താൽപര്യമുള്ളവരെയെല്ലാം ക്യൂബ് പരിശീലിപ്പിക്കുകയാണ് ടെക്സിയുടെ ലക്ഷ്യം. അതുപോലെ നഗരസഭാപരിധിയിലൂള്ള സ്കൂളുകളിൽ ക്യൂബ് പരിശീലനത്തിന് ക്ലബു രൂപീകരിക്കാനുള്ള ഒരു പ്രോജക്ട് പുതിയ നഗരസഭ ഏറ്റെടുക്കും.

നിയ എന്ന മിടുക്കിയ്ക്ക് എല്ലാ എല്ലാ ഭാവുകങ്ങളും.

രണ്ടുദിവസം മുമ്പാണ് റൂബിക്സ് ക്യൂബ് വിസ്മയം നിയ സൻജിത്തിന്റെ വീട്ടിൽ ഞാനെത്തിയത്. കേക്കൊക്കെ തന്നാണ് സ്വീകരിച്ചത്….

Posted by Dr.T.M Thomas Isaac on Monday, 30 November 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here