യുവത്വത്തിന്‍റെ കരുത്തുമായി പാലക്കാട് നഗരസഭയില്‍ വിജയക്കൊടി പാറിക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ ദയ. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ ദയ പാലക്കാട് നഗരസഭയിലെ 18ാം വാര്‍ഡിലാണ് മത്സരിക്കുന്നത്. വികസന കാഴ്ചപ്പാടോടെ ജനങ്ങളുടെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് ജനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന ഉറപ്പാണ് ദയ വോട്ടര്‍മാര്‍ക്ക് നല്‍കുന്നത്.
യുവത്വം നയിക്കട്ടെ… പാലക്കാട് നഗരസഭയിലെ 18ാം വാര്‍ഡില്‍ മുഴങ്ങിക്കേള്‍ക്കുന്ന മുദ്രാവാക്യം. നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഏറ്റവും പ്രായം കുറഞ്ഞ എന്‍ ദയയാണ് പതിനെട്ടാം വാര്‍ഡില്‍ എല്‍ഡിഎഫിനായി പോരാട്ടത്തിനിറങ്ങുന്നത്. ചിറ്റൂര്‍ ഗവണ്‍മെന്‍റ് കോളേജില്‍ നിന്ന് ബികോമില്‍ ബിരുദം പൂര്‍ത്തിയാക്കി ചാര്‍ട്ടേഡ് അക്കൗണ്ടന്‍സിയില്‍ പരിശീലനത്തിനൊരുങ്ങുന്നതിനിടെയാണ് ദയ പാലക്കാട് നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായെത്തുന്നത്.
നഗരസഭയുടെ വികസന പിന്നോക്കാവസ്ഥയെക്കുറിച്ച് പ്രചാരണത്തിനിടെ ജനങ്ങളില്‍ നിന്ന് പരാതി ഏറെക്കേള്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജനങ്ങളുടെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങളുള്‍പ്പെടെ പരിഹരിക്കാനാവശ്യമായ വ്യക്തമായ വികസന കാഴ്ചപ്പാടുമായാണ് ദയ വോട്ടര്‍മാര്‍ക്കു മുന്നിലെത്തുന്നത്.
ചെറിയ പ്രായം മുതല്‍ പുരോഗമന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ദയ നിലവില്‍ എസ്എഫ്ഐ സംസ്ഥാനകമ്മറ്റി അംഗവും ബാലസംഘം ജില്ലാ പ്രസിഡന്‍റുമായി പ്രവര്‍ത്തിക്കുന്നു. നല്ല കലാകാരി കൂടിയാണ്.
നഗരസഭാ ഭരണത്തിലെ കെടുകാര്യസ്ഥത മൂലം ദുരിതത്തിലായ മാറ്റത്തിനായി കൊതിക്കുന്ന വോട്ടര്‍മാര്‍ സ്വീകരണമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നല്‍കുന്നത്. പുത്തന്‍ ആശയങ്ങളും വികസന കാഴ്ചപ്പാടുകളുമായി ദയയെപ്പോലുള്ള യുവജനങ്ങള്‍ ജയിച്ചു വരണമെന്ന് കലാസംവിധായകനായ വിഷ്ണു രവി പറഞ്ഞു.
നിലവില്‍ പതിനെട്ടാം വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന നഗരസഭാ വൈസ് ചെയര്‍മാനും ബിജെപി നേതാവുമായ സി കൃഷ്ണകുമാറിന്‍റെ ഭാര്യ മിനി കൃഷ്ണകുമാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്പോള്‍ സുജാത ദിനേശാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. നഗരസഭയിലെ അടിസ്ഥാന സൗകര്യമേഖലയിലെയുള്‍പ്പെടെയുള്ള ശോചനീയാവസ്ഥ ഉയര്‍ത്തിക്കാട്ടി എല്‍ഡിഎഫ് പ്രചാരണ രംഗത്ത് ഏറെ മുന്നിലാണ്.
വികസന മുരടിപ്പിന്‍റെ കാലത്തിന് മാറ്റം വരണമെന്നാഗ്രഹിക്കുന്ന ജനങ്ങള്‍ക്കിടയിലേക്ക് വ്യക്തമായ വികസന കാഴ്ചപ്പാടും രാഷ്ട്രീയവുമുയര്‍ത്തിപ്പിടിച്ച് ജനാധിപത്യ പോരാട്ടത്തിനിറങ്ങുന്ന എല്‍ഡിഎഫ് പതിനെട്ടാം വാര്‍ഡില്‍ എന്‍ ദയ വിജയക്കൊടി പാറിക്കുമെന്ന പ്രതീക്ഷയിലാണ്.

Get real time update about this post categories directly on your device, subscribe now.