കൊവിഡ് കാലമായതിനാല്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ മുമ്പത്തേതുപോലെയുള്ള പ്രചാരണ കോലാഹലങ്ങള്‍ ഇല്ലെങ്കിലും നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് മുന്നണികളെല്ലാം സ്വന്തം സ്ഥാനാര്‍ത്ഥികളെ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് പ്രചാരണത്തിന്‍റെ മുഖ്യ ആയുധം സോഷ്യല്‍ മീഡിയയാണെങ്കിലും ഫ്ലക്സ് ബോര്‍ഡുകളും അനൗണ്‍സ്മെന്‍റുകളുമെല്ലാം ചെറിയതോതിലാണെങ്കിലും ഉണ്ട്.
എന്നാല്‍ പ്രചാരണത്തില്‍ പൂര്‍ണമായും ഹരിത ചട്ടം പാലിച്ചുകൊണ്ട് വ്യത്യസ്തനാവുകയാണ് ഏഴംകുളം ഗ്രാമപഞ്ചായത്ത് പുതുമല ഒന്നാംവാര്‍ഡിലെ സി. പി. എം സ്ഥാനാര്‍ത്ഥി ബാബു ജോണ്‍. സുഹൃത്തുക്കള്‍ തയ്യാറാക്കി സോഷ്യല്‍ മീഡിയാകളില്‍ പ്രചരിപ്പിക്കുന്ന പോസ്റ്റര്‍ ഒഴിച്ചാല്‍ വാര്‍ഡില്‍ ഒരിടത്തും സ്ഥാനാര്‍ത്ഥിയുടേതായി ഒരു പ്രചാരണ സംവിധാനങ്ങളുമില്ല.
വാര്‍ഡിലേവര്‍ക്കും സുപരിചിതനാണ് ഈ സ്ഥാനാര്‍ത്ഥി. അഭ്യര്‍ത്ഥന കൊടുത്തശേഷം കൊവിഡ് കാലത്ത് കപ്പകൃഷി വ്യാപകമാക്കുന്നതിനായി വീടുകളില്‍ എത്തിച്ച കപ്പതണ്ടിന്റെ വളര്‍ച്ചകൂടി മനസ്സിലാക്കാനും തിരഞ്ഞെടുപ്പുകാലം ഇദ്ദേഹം വിനിയോഗിക്കുന്നുണ്ട്.
ഗ്രന്ഥകാരന്‍, ഗവേഷകന്‍, ചരിത്രകാരന്‍, സിനിമാനടന്‍, പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന ബാബു ജോണ്‍ അടൂര്‍ ജനകീയ ചലച്ചിതോത്സവം, അടൂര്‍ പുസ്തകമേള എന്നിവയുടെ സംഘാടനത്തിലെ മുഖ്യകണ്ണിയുമാണ്.
അന്താരാഷ്ട്ര വേദികളില്‍ ബഹുമതി നേടിയ നിരവധി ഹ്രസ്വ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇ.എം.എസിനെക്കുറിച്ചുള്ള ഡോക്ക്യുമെന്ററിയുടെ തിരക്കഥാകൃത്തും സംവിധായകനുമാണ്. ജൈവകൃഷി, യോഗ, പ്രകൃതി ജീവനം എന്നിവയുടെ പ്രചാരകനുമാണ് ഈ സ്ഥാനാര്‍ത്ഥി.
ഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്ന് സെക്ഷന്‍ ഒാഫീസറായി വിരമിച്ച ബാബു ജോണ്‍ ആദ്യമാണ് തിരഞ്ഞെടുപ്പ് രംഗത്ത് ഒരു കൈനോക്കുന്നത്.

Get real time update about this post categories directly on your device, subscribe now.