ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് പഞ്ചാബ് കിസാന്‍ സംഘര്‍ഷ് കമ്മിറ്റി; സമരം കൂടുതല്‍ ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍; കേന്ദ്രത്തിന് രണ്ട് ദിവസം സമയമെന്ന് കര്‍ഷകര്‍

രാജ്യതലസ്ഥാനത്തെ സമരസാഗരമാക്കിയ കര്‍ഷ പ്രക്ഷോഭം ആറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സമരം കൂടുതല്‍ ശക്തമാവുകയാണ് കര്‍ഷക ശക്തിക്ക് മുന്നില്‍ മുട്ടുകുത്തിയ കേന്ദ്രം തുടക്കത്തില്‍ ഉണ്ടായിരുന്ന നിഷേധാത്മക നിലപാട് മയപ്പെടുത്താന്‍ നിര്‍ബന്ധിതരായി. ഇതിന്‍റെ ലക്ഷണമാണ് കര്‍ഷക സംഘടനകളുമായി ചര്‍ച്ചയാവാമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമര്‍ പ്രതികരിച്ചത്.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പഞ്ചാബ് കിസാന്‍ സംഘര്‍ഷ് കമ്മിറ്റി നിലപാട് വ്യക്തമാക്കി. 32 സംഘടനകളെ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വി‍ളിച്ചിട്ടുള്ളത് 500 ല്‍ അധികം കര്‍ഷക സംഘടനകളാണ് സമരത്തില്‍ പങ്കെടുക്കുന്നത് എല്ലാ സംഘടനകളെയും ക്ഷണിക്കാതെ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നാണ് പഞ്ചാബ് കിസാന്‍ സംഘര്‍ഷ് കമ്മിറ്റിയുടെ തീരുമാനം.

കര്‍ഷക സംഘടനാ നേതാക്കള്‍ നിലവില്‍ കേന്ദ്രത്തിന്‍റെ പ്രതികരണം ചര്‍ച്ച ചെയ്യുകയാണ് ഉച്ചയോടുകൂടി ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുമെന്നാണ് അറിയുന്നത്. അതേസമയം കേന്ദ്ര സര്‍ക്കാറിന് പ്രശ്ന പരിഹാരത്തിന് രണ്ട് ദിവസത്തെ സമയം കൂടിനല്‍കുമെന്നും തീരുമാനം ഉണ്ടായില്ലെങ്കില്‍ രാജ്യത്തിന്‍റെ മറ്റ് മേഖലകളിലേക്കും സമരം വ്യാപിപ്പിക്കുമെന്നുമാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഗോതമ്പിന്‍റെ വിത്തിടല്‍ ക‍ഴിയുന്നതോടെ കൂടുതല്‍ കര്‍ഷകര്‍ ദില്ലിയിലേക്ക് എത്തുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.

സമരത്തിന് പിന്‍തുണയുമായി രാജ്യത്തെ ട്രക്ക് ഉടമകളുടെയും ഡ്രൈവര്‍മാരുടെയും സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. സമരം തുടരുകയാണെങ്കില്‍ ട്രക്ക് വാഹനങ്ങള്‍ നിര്‍ത്തിയിട്ടുകൊണ്ട് സമരക്കാര്‍ക്കൊപ്പം ചേരുമെന്നാണ് സംഘടനയുടെ തീരുമാനം. ട്രക്ക് ഉടമകള്‍ കൂടി സമരത്തിന്‍റെ ഭാഗമാകുന്നതോടെ രാജ്യ തലസ്ഥാനത്തേക്ക് പ‍ഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വരവ് നിലയ്ക്കും ഇത് രാജ്യ തലസ്ഥാനത്തെയും കേന്ദ്രത്തെയും കൂടുതല്‍ പ്രതിസന്ധിയിലാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News