മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പന്റെ നിയമ വിരുദ്ധ അറസ്റ്റിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പത്ര പ്രവർത്തക യൂണിയൻ.
സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ആവശ്യമുന്നയിച്ചത്. നിരപരാധിത്വം തെളിയിക്കാൻ സിദ്ധിഖ് നുണ പരിശോധനയ്ക്ക് സമ്മതിച്ചിട്ടുണ്ടെന്ന് കെയുഡബ്ള്യൂജെ കോടതിയെ അറിയിച്ചു
ഹാഥ്റസിലേക്കുള്ള യാത്രയ്ക്കിടെ സിദ്ധിഖ് കാപ്പനെ അറസ്റ്റ് ചെയ്തത് ന്യായീകരിച്ച് ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിന് നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് ഹർജിക്കാരായ കേരളാ പത്രപ്രവർത്തക യൂണിയൻ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടത്.
ഒക്ടോബർ അഞ്ചിന് രാവിലെ 10. 20നാണ് സിദ്ധിഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റ് മെമ്മോയിൽ കാണിച്ച സമയം വൈകുന്നേരം 4.50. പോലീസ് ആരോപിക്കുന്നത് പോലെ ലഘുലേഖകൾ കണ്ടെത്താൻ സാധിച്ചിട്ടില്ല.
പൊലീസ് നിയമ വിരുദ്ധ നടപടികൾ സ്വീകരിച്ചത് ചില നിർദേശങ്ങൾ പ്രകാരമാണെന്ന് കരുതുന്നു. ഈ സാഹചര്യത്തിൽ നിയമ വിരുദ്ധമായ ഈ അറസ്റ്റിന് പിന്നിലെ വസ്തുതകൾ കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് പത്ര പ്രവർത്തക യൂണിയന്റെ ആവശ്യം.
വിരമിച്ച സുപ്രീംകോടതി ജഡ്ജിനെ ഇതിനായി നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ നിരപരാധിത്വം തെളിയിക്കാൻ നാർക്കോ അനാലിസിസ് അടക്കമുള്ള ഏത് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയനാകാമെന്ന് സിദ്ധിഖ് കാപ്പൻ അറിയിച്ചതായി സത്യവാങ്മൂലത്തിൽ പറയുന്നു.
പോപ്പുലർ ഫ്രണ്ടുമായി സിദ്ധിഖ് കാപ്പന് ഒരു ബന്ധവുമില്ല, സിദ്ധിഖ് മുഴുവൻ സമയ മാധ്യമ പ്രവർത്തകനാണ്, സിദ്ധിഖിനെ പോലീസ് മർദ്ധിച്ചു, മരുന്ന് നിഷേധിച്ചു, ഉറങ്ങാൻ അനുവദിച്ചില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. സിദ്ധിഖ് അമ്മാവനെ ഫോണിൽ ബന്ധപ്പെട്ടെന്ന് സ്ഥാപിക്കാൻ പോലീസ് കോടതിയിൽ നൽകിയ ഫോൺ നമ്പർ മറ്റാരുടെയോ നമ്പറാണെന്നും യൂണിയൻ കോടതിയെ അറിയിച്ചു.
യുപി സർക്കാർ അവരുടെ വീഴ്ച മറച്ച് വയ്ക്കാൻ തെറ്റിദ്ധാരണാജനകമായ സത്യവാങ്മൂലം നൽകിയെന്നും പത്ര പ്രവർത്തക യൂണിയൻ ആരോപിച്ചു. സിദ്ധിഖ് കാപ്പന് ജാമ്യം തേടി നൽകിയ ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ബുധനാഴ്ചയാണ് പരിഗണിക്കുക.

Get real time update about this post categories directly on your device, subscribe now.