മുഖം രക്ഷിക്കാന്‍ കൊല്ലത്ത് വിമതരെ പുറത്താക്കി തടിയൂരി ഡിസിസി പ്രസിഡന്‍റ്

കൊല്ലത്ത് മുഖം രക്ഷിക്കാൻ  യുഡിഎഫ്‌ സ്ഥാനാർഥികൾക്കെതിരെ മത്സരിക്കുന്ന വിമത സ്ഥാനാർഥികളെ കോൺഗ്രസിൽനിന്നു പുറത്താക്കി കൊല്ലം ഡിസിസി പ്രസിഡന്റ്‌ തടിയൂരി.

ഔദ്യോഗിക സ്ഥാനാർഥികളുടെയും ഘടകകക്ഷികളുടെയും പരാതിയെ തുടർന്നാണ്‌  ബിന്ദുകൃഷ്‌ണ നടപടിയുമായി രംഗത്തെത്തിയത്‌.

എ, ഐ ഗ്രൂപ്പ്‌ നേതാക്കളുടെ അറിവോടെ മത്സരിക്കുന്നവരാണ്‌ റിബൽ സ്ഥാനാർഥികൾ ഏറെയും. ഇതോടെ മത്സര രംഗത്ത്‌ ശക്തമായ പ്രചാരണത്തിനുള്ള തയ്യാറെടുപ്പിലാണ്‌ റിബൽ സ്ഥാനാർഥികൾ.

പ്രവർത്തകരുടെ പിന്തുണയാണ്‌ ഇവരെ തുടരാൻ പ്രേരിപ്പിക്കുന്നത്‌. ഇതാണ്‌ കോൺഗ്രസ്‌ നേതാക്കളെ അലോസരപ്പെടുത്തുന്നത്‌. കോർപറേഷനിൽ  ഉദയമാർത്താണ്ഡപുരം ഡിവിഷനിൽ മത്സരിക്കുന്ന എസ്‌ സുരേഷ്‌ബാബു, പട്ടത്താനം ഡിവിഷനിലെ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറിയായ എം ബദറുദീൻ, കന്റോൺമെന്റ്‌ ഡിവിഷനിലെ ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റ്‌  കെ അനിയൻകുഞ്ഞ്‌, ബ്ലോക്ക്‌ ജനറൽ സെക്രട്ടറി സാമുവൽ ജോർജ്‌ എന്നിവരെ പ്രാഥമിക അംഗത്വത്തിൽനിന്നു‌ പുറത്താക്കി‌.

കാവനാട്‌ ഡിവിഷനിൽ റിബൽ സ്ഥാനാർഥിയായ ജെ യേശുദാസിനെയും പ്രവർത്തകരായ ശശി, സന്തോഷ്‌ കിടങ്ങിൽ, ജ്യോതി പ്രകാശ്‌, എം യേശുദാസൻ, എ കെ ഗോപാലകൃഷ്‌ണപിള്ള , പാലത്തറയിൽ മൽസരിക്കുന്ന എസ്‌ ആർ  ബിനു എന്നിവരെയും  ഡിസിസി പ്രസിഡന്റ്‌ പുറത്താക്കി.

പിറവന്തുർ പഞ്ചായത്തിലെ കരിമ്പാലുർ വാർഡിൽ ബ്ലോക്ക്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ബൈജു കാർത്തികപ്പള്ളി, ഡാനിയൽ ഉമ്മൻ, പിറവന്തുർ ഇടത്തറയിലെ സ്വതന്ത്ര സ്ഥാനാർത്ഥിക്കുവേണ്ടി പ്രവർത്തിക്കുന്ന ആസാദ്‌ ഹുസൈൻ, ലബനിഷ ആസാദ്‌, അബ്‌ദുള്ള സാഹിബ്‌, വാഴപ്പാറ വാർഡിലെ റിബൽ സ്ഥാനാർത്ഥി ഷീജ ചന്ദ്രബാബു, ചവറ ബ്ലോക്ക്‌ പഞ്ചായത്തിലെ കോവിൽതോട്ടത്ത്‌ ഇ ജോൺ, പനയം പഞ്ചായത്തിലെ പെരുമൺ വാർഡിൽ പെരുമൺ വിജയകുമാർ, ചവറ കൊട്ടുകാട്ട്‌  കെ  ഫസലുദീൻ എന്നിവരെയൂം പുറത്താക്കി.

അതിനിടെ പുറത്താക്കൽ വെറും നാടകമാണെന്നും അവർ നാളെ തിരികെയെത്തുമെന്നും യുഡിഎഫ്‌ സ്ഥാനാർഥികൾ പ്രതികരിച്ചു. റിബലായി വിജയിച്ചാൽ തിരികെയെടുക്കുമെന്ന്‌ നേതാക്കൾ ഉറപ്പുനൽകിയിട്ടുണ്ടെന്ന്‌ പേര്‌ വെളിപ്പെടുത്താത്ത ചില  റിബൽ സ്ഥാനാർഥികൾ  പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News