പ്രവാസി ഇന്ത്യക്കാർക്ക് പോസ്റ്റൽ വോട്ടിന് അവസരമൊരുങ്ങുന്നു. പോസ്റ്റൽ വോട്ട് അനുവദിക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിനെ അറിയിച്ചു.
കേരളമടക്കം അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഇത് നടപ്പാക്കാനാകുമെന്നും കമ്മീഷൻ. വിഷയത്തിൽ കേന്ദ്ര സർക്കാരാണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്.
പ്രവാസി ഇന്ത്യക്കാർക്ക് പ്രോക്സി വോട്ട് അനുവദിക്കുന്ന ബിൽ പാർലമെന്റിൽ ലാപ്സായി ഒരു വർഷം പിന്നിടുമ്പോഴാണ് പ്രവാസി വോട്ടവകാശ ചർച്ചകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ സജീവമാക്കിയത്. കഴിഞ്ഞയാഴ്ചയാണ് പ്രവാസികൾക്ക് പോസ്റ്റൽ വോട്ട് അനുവദിക്കാൻ സജ്ജമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര നിയമ കാര്യ മന്ത്രാലയത്തെ അറിയിച്ചത്.
പോസ്റ്റൽ വോട്ട് അനുവദിക്കുന്നതിൽ സാങ്കേതികവും ഭരണപരവുമായി സജ്ജമെന്ന് കമ്മീഷൻ വ്യക്തമാക്കി. ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സംവിധാനം വഴി വിദേശ ഇന്ത്യക്കാർക്ക് വോട്ടവകാശം നൽകാമെന്നാണ് കമ്മീഷൻ നിലപാട്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിനകം വോട്ട് ചെയ്യേണ്ടവർ റീട്ടെർണിങ് ഓഫിസറെ അറിയിക്കുക. ഓഫിസർ വിതരണം ചെയ്യുന്ന ഇലക്ട്രോണിക് ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തി നയതന്ത്ര പ്രതിനിധിയുടെ സാക്ഷ്യപത്രം വാങ്ങുക.
ഇതാണ് കമ്മീഷൻ കേന്ദ്രത്തിന് സമർപ്പിച്ച രൂപരേഖ. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് റിട്ടേണിങ് ഓഫീസർക്ക് തന്നെ അയക്കണമോ എംബസികളിൽ നിക്ഷേപിക്കണമോയെന്ന് വ്യക്തമായിട്ടില്ല. കേരളമടക്കം അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ പ്രവാസി വോട്ട് നടപ്പിൽ വരുത്താനാകുമെന്ന് കമ്മീഷൻ പറയുന്നു.
60 ലക്ഷം പ്രവാസികൾക്ക് വോട്ടവകാശം വിനിയോഗിക്കാൻ സാധിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏകദേശ കണക്ക്. പോസ്റ്റൽ വോട്ട് അനുവദിക്കാൻ പാർലമെന്റ് അനുമതി ആവശ്യമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം.
പോസ്റ്റൽ വോട്ട് അനുവദിക്കാൻ 1961ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങൾ ഭേദഗതി ചെയ്താൽ മതിയെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്മതമറിയിച്ചതോടെ അന്തിമ തീരുമാനം കേന്ദ്ര സർക്കാരിന്റേതാണ്.

Get real time update about this post categories directly on your device, subscribe now.