അതിതീവ്ര ന്യൂനമർദ്ദം ഇന്ന് രാത്രിയോടെ ബുറേവി ചുഴലിക്കാറ്റായി മാറും; കേരളത്തിൽ അതീവ ജാഗ്രതാ നിർദേശം

ബാംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് രാത്രിയോടെ ബുറേവി ചുഴലിക്കാറ്റായി മാറും. ചുഴലിക്കാറ്റ്‌  വ്യാഴാഴ്‌ചയോടെ കന്യാകുമാരി തീരത്ത്‌ എത്തും. ഇതിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽ അതീവ ജാഗ്രതാ നിർദേശം നൽകി. തെക്കൻ കേരളത്തിൽ അതിതീവ്ര മ‍ഴയ്ക്കുള്ള മുന്നറിയിപ്പും നൽകി.

അതിതീവ്ര ന്യൂനമർദം മണിക്കൂറിൽ 12 കിലോമീറ്റർ വേഗത്തിലാണ് നീങ്ങുന്നത്. ചു‍ഴലിക്കാറ്റായി മാറി നാളെ വൈകീട്ടോടെ ശ്രീലങ്കൻ തീരം കടക്കുന്ന ചു‍ഴലിക്കാറ്റ് 3ന് പുലർച്ചെ കന്യാകുമാരി തീരത്തടുക്കുമെന്നാണ് പ്രവചനം. കേരള തീരം ചു‍ഴലിക്കാറ്റിന്‍റെ സഞ്ചാര പദത്തിലില്ലെങ്കിലും തമി‍ഴ്നാട് തീരത്തടുക്കുന്നതിന്‍റെ സ്വാധീനമുണ്ടാകും. അതിന്‍റെ അടിസ്ഥാനത്തിലാണ് തെക്കൻ കേരളത്തിൽ അതീവ ജാഗ്രതാ നിർദേശം നൽകിയത്.

വ്യാഴാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വ്യാഴാഴ്‌ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഓറഞ്ച് അലർട്ട്‌ പ്രഖ്യാപിച്ചു.
താഴ്‌ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. കടലിൽ പോകുന്നതിനുള്ള നിരോധനം തുടരും.

തിരുവനന്തപുരം മുതൽ എറണാകുളംവരെ ക്യാമ്പുകൾ സജ്ജമാക്കുന്നത് ഉൾപ്പെടെ തയ്യാറെടുപ്പ് പൂർത്തിയാക്കാൻ വകുപ്പുകൾക്ക് നിർദേശം നൽകി. ദേശീയ ദുരന്തനിവാരണ സേനയുടെ ഏഴു ടീമിനെ അധികമായി  സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News