ബാര്‍കോഴ: ചെന്നിത്തലക്കെതിരെ അന്വേഷണത്തിന് സ്പീക്കറുടെ അനുമതി

ബാറുടമകളില്‍നിന്ന് കോഴ വാങ്ങിയെന്ന പരാതിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സിന് സ്പീക്കര്‍ അനുമതി നല്‍കി. ബിജുരമേശിന്റെ വെളിപ്പെടുത്തലിലാണ് അന്വേഷണം.

ഇതേകുറിച്ച് രഹസ്യന്വേഷണം നടത്തി വിജിലന്‍സ് പ്രാഥമികാന്വേഷണത്തിന് അനുമതി തേടിയിരുന്നു. വിഎസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടിയിരിക്കുകയാണ്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം ഷാജി എംഎല്‍എക്കെതിരെ നടപടിക്കും വിജിലന്‍സിന് സ്പീക്കര്‍ അനുമതി നല്‍കി

വി ഡി സതീശനെതിരായ അന്വേഷണത്തിനും പാലം നിര്‍മാണ അഴിമതിയില്‍ അന്‍വര്‍ സാദത്ത് എംഎല്‍എക്കെതിരെയും അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് സ്പീക്കര്‍ കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞു. ബാര്‍ ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കാതിരിക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തലക്ക് ഒരു കോടിരൂപയും കെ ബാബുവലിന് 50 ലക്ഷംരൂപയും വി എസ് ശിവകുമാറിന് 25 ലക്ഷംരൂപയും കോഴ നല്‍കിയെന്നായിരുന്നു ബിജു രമേശ് വെളിപ്പെടുത്തിയത്.

തുടര്‍ന്ന് ലഭിച്ച പരാതിയില്‍ വിജിലന്‍സ് രഹസ്യന്വേഷണം നടത്തി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. വിജിലന്‍സ് ഡയറക്ടറാണ് അഴിമതി നിരോധന നിയമ പ്രകാരം പ്രാഥമികാന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടിയത്. തുടര്‍ന്ന് സര്‍ക്കാര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കുകയായിരുന്നു.

പണം നല്‍കിയെന്ന് വെളിപ്പെടുത്തിയ കാലം ചെന്നിത്തല എംഎല്‍എ ആയിരുന്നുവെങ്കിലും മന്ത്രിയായിരുന്നില്ല. കെപിസിസി പ്രസിഡന്റായിരുന്നു അദ്ദേഹം. അതിനാലാണ് സ്പീക്കറുടെ അനുമതി തേടിയത്. കെ ബാബുവും വി എസ് ശിവകുമാറും അക്കാലത്ത് മന്ത്രിമാരായിരുന്നതിനാലാണ് ഗവര്‍ണറുടെ അനുമതി തേടിയത്.

അനധികൃത സ്വത്ത് സമ്പാദനത്തില്‍ കെഎം ഷാജിക്കെതിരെ അന്വേഷണം നടത്താനാണ് സ്പീക്കര്‍ അനുമതി തേടിയത്. സ്‌കൂളിന് ഹയര്‍സെക്കണ്ടറി ബാച്ച് അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന പരാതിയില്‍ ഷാജിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.

പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് വിദേശത്ത്‌നിന്ന് വി ഡി സതീശന്‍ സംഭാവന ആവശ്യപ്പെട്ടുവെന്ന പരാതിയില്‍ അന്വേഷണത്തിനാണ് സ്പീക്കറുടെ അനുമതി തേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News