ഇലക്ഷന്‍ പ്രചരണത്തിനിടെ പരീക്ഷ; ഓണ്‍ലൈന്‍ ആയി എ‍ഴുതി സൂര്യ ഹേമന്‍

ഇലക്ഷന്‍ പ്രചരണത്തിനിടെ പരീക്ഷ എ‍ഴുതി സ്ഥാനാര്‍ത്ഥി.തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചെറുവയ്ക്കല്‍ വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സൂര്യ ഹേമനാണ് പ്രചരണം കൊടുമ്പിരി കൊളളുന്നതിനിടെ പരീക്ഷ എ‍ഴുതിയത്.

22 വയസുകാരിയായ സൂര്യ ഹേമന്‍ തന്‍റെ എം എ പരീക്ഷ എ‍ഴുതിയ ശേഷവും ഗൃഹസന്ദര്‍ശനം തുടരുകയാണ്. കോര്‍പ്പറേഷനില്‍ കടുത്ത ചതുഷ്കോണ മല്‍സരം നടക്കുന്ന വാര്‍ഡ് ആണ് ചെറുവയ്ക്കല്‍.

ചെറുപ്പത്തിന്‍റെ പ്രസരിപ്പ് ആവോളം ഉണ്ട് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചെറുവയ്ക്കലിലെ വാര്‍ഡില്‍ മല്‍സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് സൂര്യ ഹേമന്, വോട്ട് ചോദിക്കുന്നത് കണ്ടാല്‍ ആദ്യമായി മല്‍സരിക്കുകയാണെന്ന് പറയുകയേ ഇല്ല.കൈയ്യില്‍ ഒരു ചെറിയ ഡയറി ഉണ്ട് . കയറുന്ന വീട്ടുകാരെ സ്വയം പരിചയപ്പെടുന്നതിനൊപ്പം അവരുടെ ഫോണ്‍ നമ്പര്‍ കൂടി അതില്‍ രേഖപ്പെടുത്തും.

സങ്കോചങ്ങള്‍ എതുമില്ലാതെ വീടുകളിലെത്തുന്ന സൂര്യക്ക് വന്‍ സ്വീകാര്യതയാണ് വീടുകളില്‍ ലഭിക്കുന്നത് . ബിഎ ജേര്‍ണലിസത്തില്‍ രണ്ടാം റാങ്ക് ജേതാവായ സൂര്യ ഇപ്പോള്‍ എം എ ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയാണ് . പ്രചരണ തിരിക്കിനിടയിലായിരുന്നു ഇന്ന് സൂര്യയുടെ എം എയുടെ വൈവ പരീക്ഷ.

തിരക്കിനിടയിലും പരീക്ഷ മാറ്റി വെയ്ക്കേണ്ടെന്ന് പാര്‍ട്ടി സഖാക്കള്‍ പറഞ്ഞു. അതോടെ ഗൃഹ സമ്പക്കത്തിനിടെ ഒരു പാര്‍ട്ടി സഖാവിന്‍റെ വീട്ടില്‍ വെച്ച് സൂര്യ പരീക്ഷ ഓണ്‍ലൈന്‍ ആയി എ‍ഴുതി. വീടുകളില്‍ തനിക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെന്ന് സൂര്യ കൈരളി ന്യൂസിനോട് പറഞ്ഞു

സൂര്യ പ്രചരണത്തിന്‍റെ രണ്ടാം ഘട്ടം പിന്നിട്ടപ്പോ‍ഴും യുഡിഎഫ് ക്യാമ്പില്‍ ആഭ്യന്തര സംഘര്‍ഷം പുകയുകയാണ് . ഡിസിസി അംഗമായ ചേന്തി അനിയുടെ ഭാര്യയായ വി ആര്‍ സിനിയെ സിഎംപി ടിക്കറ്റില്‍ മല്‍സരിപ്പിക്കുന്നതിനെതിരെ മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും വാര്‍ഡിലെ എഡിഎസ് സെക്രട്ടറിയുമായ കെ. വിജയകുമാരി റിബല്‍ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നുണ്ട്.

ബിജെപിയും മല്‍സര രംഗത്ത് ഇറങ്ങുന്നതോടെ വാര്‍ഡില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുളള ചതുഷ്കോണ മല്‍സരമാണ് അരങ്ങേറുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News