രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല; ആരോഗ്യ സെക്രട്ടറി

രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍.

വാര്‍ത്താ സമ്മേളനത്തിനിടെ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ എത്ര സമയമെടുക്കുമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ആരോഗ്യ സെക്രട്ടറി ഇക്കാര്യം പറഞ്ഞത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും പ്രായമായവര്‍ക്കും മറ്റ് അസുഖങ്ങളുള്ളവര്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുക എന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനകം കോവിഡ് ഭേദമായവര്‍ക്ക് വാക്സിന്‍ നല്‍കണോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി

കോവിഡ് വ്യാപനത്തിന്റെ ചങ്ങല മുറിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഒരുകൂട്ടം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി വൈറസ് വ്യാപനത്തിന്റെ ചങ്ങല മുറിക്കാന്‍ കഴിഞ്ഞാല്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും ഡോ. ബല്‍റാം ഭാര്‍ഗവ ചൂണ്ടിക്കാട്ടി.

കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ ഡേറ്റ സേഫ്റ്റി മോണിറ്ററിങ് ബോര്‍ഡ് പ്രതിദിനം നിരീക്ഷിക്കുന്നുണ്ടെന്നും പരീക്ഷണത്തിനിടെ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന പ്രതികൂല സംഭവങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി പറഞ്ഞു .

സര്‍ക്കാരുമായോ വാക്‌സിന്‍ നിര്‍മാതാവുമായോ ബന്ധമില്ലാത്ത സ്വതന്ത്ര ഇന്‍സ്റ്റിറ്റിയൂഷണല്‍ എത്തിക്‌സ് കമ്മിറ്റിയാണ് പ്രതികൂല സംഭവങ്ങള്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് റിപ്പോര്‍ട്ടു ചെയ്യുന്നത്. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ എല്ലാ റിപ്പോര്‍ട്ടുകളും വിലയിരുത്തുന്നുണ്ട്. പ്രതികൂല സംഭവങ്ങള്‍ വാക്‌സിന്‍ ലഭ്യമാകുന്ന സമയത്തെ ബാധിക്കില്ലെന്നും ആരോഗ്യ മന്ത്രാലയ സെക്രട്ടറി പറഞ്ഞു.

വാക്‌സിന്‍ പരീക്ഷണത്തിനിടെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായ പ്രതികൂല സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News